ADVERTISEMENT

മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനായി തിരഞ്ഞെടുത്ത ടീമിൽനിന്ന് തഴയപ്പെട്ട താരങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ, അവരെ മറികടന്ന് തിരഞ്ഞെടുത്ത താരങ്ങൾ ആരൊക്കെയാണെന്നു കൂടി നോക്കണമെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ. ഒരു പരമ്പരയ്ക്കായി 15 അംഗ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരെയും അതിൽ ഉൾക്കൊള്ളിക്കാനാകില്ല. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ റിങ്കു സിങ്ങിന് ഇടമില്ലാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല. കളിക്കാരുടെ കരിയർ ഇങ്ങനെയൊക്കെയാണെന്നും അഗാർക്കർ പറഞ്ഞു.

ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിനായി പോകുന്നതിനു മുൻപ് നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘‘അവഗണിക്കപ്പെട്ടു എന്നു നിങ്ങൾ പറയുന്ന താരങ്ങൾക്കപ്പുറം ആരൊക്കെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നതുകൂടി നോക്കം. ഈ ഘട്ടത്തിൽ, ഒരുപിടി താരങ്ങൾക്ക് സിംബാബ്‍വെ പര്യടനത്തിൽ അവസരം നൽകാൻ നമുക്കു സാധിച്ചു. നമുക്ക് ആശങ്ക വേണ്ടെന്ന് ഉറപ്പു നൽകുന്നത്ര പ്രതിഭാ ധാരാളിത്തമുണ്ടെന്ന് വ്യക്തമാണ്. ട്വന്റി20 ലോകകപ്പിൽ റിങ്കു സിങ്ങിന് അവസരം കിട്ടാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല. ചിലപ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. എല്ലാവരെയും 15 അംഗ ടീമിൽ ഉൾക്കൊള്ളിക്കാനാകില്ല. ഒരു കായിക താരത്തിന്റെ ജീവിതം ഇങ്ങനെയാണ്. ബുദ്ധിമുട്ടാണെന്ന് അറിയാം. പക്ഷേ, അതാണ് വസ്തുത.

‘‘ഹാർദിക് പാണ്ഡ്യ വളരെ പ്രധാനപ്പെട്ട താരം തന്നെയാണ്. പക്ഷേ, അദ്ദേഹത്തിന്റെ കായികക്ഷമത ഒരു പ്രശ്നം തന്നെയാണ്. അദ്ദേഹത്തെ എല്ലാ കളിയിലും കളിപ്പിക്കുന്നത് സിലക്ടർമാരെ സംബന്ധിച്ചും പരിശീലകനെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്. എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയുള്ള ഒരാളെ നായകനാക്കുന്നതിലാണ് ഞങ്ങൾക്കു താല്‍പര്യം. ക്യാപ്റ്റനെന്ന നിലയിൽ കഴിവുള്ള താരം തന്നെയാണ് സൂര്യകുമാർ. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേരിലേക്ക് എത്തുന്നത്.’ – അഗാർക്കർ പറഞ്ഞു.

ടീമിലെത്തുന്ന എല്ലാ താരങ്ങൾക്കും തന്റെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ഗംഭീർ വ്യക്തമാക്കി. ‘‘എല്ലാ താരങ്ങൾക്കും എന്റെ ഉറച്ച പിന്തുണയുണ്ടാകും. ഡ്രസിങ് റൂമിൽ താരങ്ങളെ ഏറ്റവും സന്തോഷത്തോടെ നിലനിർത്തുക, അവരെ സുരക്ഷിതരാക്കുക എന്നതാണ് എന്റെ ലക്ഷ്യം. വിജയിച്ചു നിൽക്കുന്ന ഒരു ടീമിനെയാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ട്വന്റി20 ലോകകപ്പ് ജേതാക്കൾ, ഏകദിന ലോകകപ്പിൽ റണ്ണേഴ്സ് അപ്പ്, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും റണ്ണേഴ്സ് അപ്പ്. കഠിനമായ ദൗത്യമാണ് മുന്നിലുള്ളതെന്ന് അറിയാം. ആ വെല്ലുവിളി ഏറ്റെടുക്കുന്നു’’

‘‘ജഡേജയെയും അക്ഷർ പട്ടേലിനെയും ഒരുമിച്ച് ടീമിലെടുക്കുന്നത് ശരിയായ രീതിയാണെന്ന് തോന്നുന്നില്ല. രണ്ടു പേരെയും ടീമിൽ ഉൾപ്പെടുത്തിയാലും എല്ലാ മത്സരങ്ങളും അവർക്കു കളിക്കാനാകില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ടെസ്റ്റ് സീസണാണ് മുന്നിലുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട താരമാണ് ജഡേജ. ഏകദിനത്തിൽനിന്ന് ജഡേജയെ തഴഞ്ഞതല്ല.

‘‘രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് കളത്തിൽ തെളിയിച്ചവരാണ് രോഹിത്തും കോലിയും. രണ്ടു പേർക്കും ഇനിയും ഒട്ടേറെ സംഭാവനകൾ നൽകാനാകും. ചാംപ്യൻസ് ട്രോഫിയിലും ഫിറ്റ്നസ് നിലനിർത്താനായാൽ 2027 ഏകദിന ലോകകപ്പിലും രണ്ടു പേർക്കും നിർണായക പങ്കുവഹിക്കാനുണ്ട്. രണ്ടു പേരും ഇപ്പോഴും ലോകോത്തര താരങ്ങളാണ്. അവരുടെ മികച്ച സംഭാവനകൾക്കായി ടീമും കാത്തിരിക്കുന്നു.

‘‘ജസ്പ്രീത് ബുമ്രയേപ്പോലെ ഒരു താരത്തെ സംബന്ധിച്ച് ജോലിഭാരം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ബാറ്റർ മികച്ച ഫോമിലായിരിക്കുന്ന സമയത്ത് എല്ലാ കളികളിലും ഇറങ്ങണം എന്നാണ് എന്റെ കാഴ്ചപ്പാട്. ജോലിഭാരം ക്രമീകരിക്കുന്നത് ബുമ്രയ്ക്കു മാത്രമല്ല, എല്ലാ പേസ് ബോളർമാരെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്.’’ – ഗംഭീർ പറഞ്ഞു.

English Summary:

Gautam Gambhir's First Press Conference As Indian Cricket Team Coach - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com