ADVERTISEMENT

മുംബൈ∙ വിരാട് കോലിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും, അദ്ദേഹവുമായി പ്രശ്നങ്ങളുണ്ടെന്ന് കൊടുക്കുന്നത് ടിആർപിക്കു (ടെലിവിഷൻ റേറ്റിങ് പോയിന്റ്) മാത്രമേ ഉപകരിക്കൂവെന്നും നിയുക്ത ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. വ്യത്യസ്ത ടീമുകൾക്കായി കളിക്കുന്ന ഘട്ടത്തിൽ സ്വന്തം ടീമിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകുമെന്ന്, ഐപിഎലിലെ വാക്പോരുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുമ്പോൾ ഗംഭീർ വ്യക്തമാക്കി. നിലവിൽ ഞാനും കോലിയും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. ഇന്ത്യയ്ക്കു വിജയങ്ങൾ നേടിക്കൊടുക്കുന്നതിനാകും പ്രാധാന്യമെന്നും ഗംഭീർ പറഞ്ഞു. ശ്രീലങ്കൻ പര്യടനത്തിനായി പുറപ്പെടും മുൻപ്, ചീഫ് സിലക്ടർ അജിത് അഗാർക്കറിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഗംഭീർ.

∙ വിരാട് കോലിയുമായുള്ള ബന്ധം

വിരാട് കോലിയുമായുള്ള എന്റെ ബന്ധം ഞങ്ങൾ തമ്മിലാണ്, അല്ലാതെ ടിആർപി റേറ്റിങ് കൂട്ടാൻ വേണ്ടിയുള്ളതല്ല. കളത്തിലുള്ള സമയത്ത് സ്വന്തം ടീമിനായി എല്ലാവരും പൊരുതും. നിലവിൽ ഞങ്ങൾ രണ്ടു പേരും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. കോലിയുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. അദ്ദേഹത്തോട് സംസാരിക്കാനും ഇടപഴകാനും എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഞങ്ങൾ എന്തു സംസാരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. ഇന്ത്യയ്ക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിന് ഞങ്ങൾ ഒരുമിച്ചുനിന്ന് കഠിനമായി അധ്വാനിക്കണം എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അദ്ദേഹം തികച്ചും പ്രഫഷനലായ കളിക്കാരനാണ്. ലോകോത്തര നിലവാരമുള്ള താരം. അത് അങ്ങനെ തന്നെ തുടരും.

∙ ഡ്രസിങ് റൂമിലെ അന്തരീക്ഷം പ്രധാനം

കളിക്കാർക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് കരുതുന്നയാളാണ് ഞാൻ. ഒരു ഹെഡ് കോച്ച് – കളിക്കാരൻ ബന്ധമല്ല ഞാൻ ആഗ്രഹിക്കുന്നത്. പരസ്പരം വിശ്വാസത്തിലെടുത്തുള്ള ഒരു ബന്ധമാണ് വേണ്ടതെന്ന് ഞാൻ കരുതുന്നു. ടീമിലെ എല്ലാ താരങ്ങൾക്കും എന്റെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു. ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന ഡ്രസിങ് റൂമിലേക്കാണ് വിജയങ്ങളും നേട്ടങ്ങളും എത്തുകയെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം, ഡ്രസിങ് റൂമിൽ കളിക്കാർക്ക് സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് എന്റെ കർത്തവ്യം.

കായിക രംഗത്ത്, വിജയമാണ് എല്ലാവരുടെയും ലക്ഷ്യം. ഏറ്റവും നല്ല പ്രകടനമാണ് ഞങ്ങളുടെയും ലക്ഷ്യം. കളത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് വിജയം നേടി ഡ്രസിങ് റൂമിലേക്ക് സന്തോഷത്തോടെ മടങ്ങിയെത്തുക – അതാണ് പ്രധാനം. കാര്യങ്ങളെ കൂട്ടിക്കുഴച്ച് അനാവശ്യമായി സങ്കീർണമാക്കാൻ ആഗ്രഹിക്കുന്നില്ല. ഇത് കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും ടീമാണ്. 15 പേർക്കു മാത്രമേ കളിക്കാനാകൂ. കളിക്കാരെ സന്തോഷത്തോടെ നിലനിർത്തുകയാണ് പരിശീലകരുടെ ജോലി. അതു ചെയ്യും.

∙ മൂന്നു ഫോർമാറ്റിനും വ്യത്യസ്ത ടീം?

മൂന്നു ഫോർമാറ്റിനും മൂന്നു ടീം എന്ന രീതിയിലേക്കു മാറുമോയെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. മുന്നോട്ടു പോകുമ്പോൾ ചിലപ്പോൾ അത്തരമൊരു സമീപനം സ്വീകരിച്ചേക്കാം. ടീമിലെ ഏറ്റവും മികച്ച താരങ്ങൾ വിരമിച്ചതോടെ ട്വന്റി20 ഫോർമാറ്റിൽ ടീം മാറ്റത്തിന്റെ പാതയിലാണ്. എല്ലാ ഫോർമാറ്റിലും ഒരുപോലെ കളിക്കാൻ സാധിക്കുന്ന താരങ്ങളുണ്ടാകുന്നത് നല്ലതാണ്.

∙ മുന്നിലുള്ളത് കഠിനമായ വെല്ലുവിളി

എല്ലാ താരങ്ങൾക്കും എന്റെ ഉറച്ച പിന്തുണയുണ്ടാകും. ഡ്രസിങ് റൂമിൽ താരങ്ങളെ ഏറ്റവും സന്തോഷത്തോടെ നിലനിർത്തുക, അവരെ സുരക്ഷിതരാക്കുക എന്നതാണ് എന്റെ ലക്ഷ്യം. വിജയിച്ചു നിൽക്കുന്ന ഒരു ടീമിനെയാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ട്വന്റി20 ലോകകപ്പ് ജേതാക്കൾ, ഏകദിന ലോകകപ്പിൽ റണ്ണേഴ്സ് അപ്പ്, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും റണ്ണേഴ്സ് അപ്പ്. കഠിനമായ ദൗത്യമാണ് മുന്നിലുള്ളതെന്ന് അറിയാം. ആ വെല്ലുവിളി ഏറ്റെടുക്കുന്നു.

∙ ജഡേജയെ തഴഞ്ഞതല്ല 

ജഡേജയെയും അക്ഷർ പട്ടേലിനെയും ഒരുമിച്ച് ടീമിലെടുക്കുന്നത് ശരിയായ രീതിയാണെന്ന് തോന്നുന്നില്ല. രണ്ടു പേരെയും ടീമിൽ ഉൾപ്പെടുത്തിയാലും എല്ലാ മത്സരങ്ങളും അവർക്കു കളിക്കാനാകില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ടെസ്റ്റ് സീസണാണ് മുന്നിലുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട താരമാണ് ജഡേജ. ഏകദിനത്തിൽനിന്ന് ജഡേജയെ തഴഞ്ഞതല്ല.

∙ രോഹിത് ശർമയും വിരാട് കോലിയും

രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് കളത്തിൽ തെളിയിച്ചവരാണ് രോഹിത്തും കോലിയും. രണ്ടു പേർക്കും ഇനിയും ഒട്ടേറെ സംഭാവനകൾ നൽകാനാകും. ചാംപ്യൻസ് ട്രോഫിയിലും ഫിറ്റ്നസ് നിലനിർത്താനായാൽ 2027 ഏകദിന ലോകകപ്പിലും രണ്ടു പേർക്കും നിർണായക പങ്കുവഹിക്കാനുണ്ട്. രണ്ടു പേരും ഇപ്പോഴും ലോകോത്തര താരങ്ങളാണ്. അവരുടെ മികച്ച സംഭാവനകൾക്കായി ടീമും കാത്തിരിക്കുന്നു.

∙ ബുമ്രയുടെ ജോലിഭാരം പ്രധാനം

‘ജസ്പ്രീത് ബുമ്രയേപ്പോലെ ഒരു താരത്തെ സംബന്ധിച്ച് ജോലിഭാരം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ബാറ്റർ മികച്ച ഫോമിലായിരിക്കുന്ന സമയത്ത് എല്ലാ കളികളിലും ഇറങ്ങണം എന്നാണ് എന്റെ കാഴ്ചപ്പാട്. ജോലിഭാരം ക്രമീകരിക്കുന്നത് ബുമ്രയ്ക്കു മാത്രമല്ല, എല്ലാ പേസ് ബോളർമാരെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്.

English Summary:

Gambhir Before Sri Lanka Tour: Winning for India is Paramount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com