ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ കളിക്കാൻ താൽപര്യമില്ലെങ്കിൽ അവരില്ലാതെ ചാംപ്യൻസ് ട്രോഫി നടത്തും: ഹസൻ അലി
Mail This Article
ഇസ്‍ലാമാബാദ്∙ അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാറായേക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെ, ഇന്ത്യ വരുന്നില്ലെങ്കിൽ അവരെ കൂടാതെ ടൂർണമെന്റ് നടത്തണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ താരം. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ ബന്ധം വഷളായതു മുതൽ ഇന്ത്യ പാക്കിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി പോയിട്ടില്ല. ചാംപ്യൻസ് ട്രോഫിയിലും പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യയ്ക്ക് താൽപര്യമില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹസൻ അലി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി ടൂർണമെന്റ് മാറ്റിവയ്ക്കാൻ തയാറല്ലെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിലപാടാണ് ഹസൻ അലി ആവർത്തിച്ചത്.
‘‘ഞങ്ങൾ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്കു പോകുന്നുണ്ടെങ്കിൽ, അവരും കളിക്കാനായി പാക്കിസ്ഥാനിലേക്കു വരണം. രാഷ്ട്രീയവും സ്പോർട്സും രണ്ടായി കാണണമെന്ന് എത്രയോ പേർ എത്രയോ തവണ പറഞ്ഞു. പാക്കിസ്ഥാനിൽ കളിക്കാൻ പല ഇന്ത്യൻ താരങ്ങളും അഭിമുഖങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും മറ്റൊരു വശമാണ്. അതുകൊണ്ട്, ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്കു വരാൻ മടിയുണ്ട് എന്നത് വാസ്തവമല്ല. അവർക്ക് താൽപര്യമുണ്ട് എന്ന് തീർച്ചയാണ്. പക്ഷേ, അവർക്ക് അവരുടേതായ നയങ്ങളും ബോർഡുമുണ്ട്’– ഹസൻ അലി പാക്ക് ടെലിവിഷൻ ചാനലായ സമാ ടിവിയോട് പറഞ്ഞു.
‘‘പിസിബി ചെയർമാൻ പറഞ്ഞതുപോലെ, ചാംപ്യൻസ് ട്രോഫി പാക്കിസ്ഥാനിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിൽ അത് പാക്കിസ്ഥാനിൽത്തന്നെ നടക്കും. ഇന്ത്യയ്ക്ക് ഇവിടേക്കു വരാൻ സമ്മതമല്ലെങ്കിൽ, അവരെ കൂടാതെ ഞങ്ങൾ ടൂർണമെന്റ് നടത്തും. പാക്കിസ്ഥാനിലും ടൂർണമെന്റുകൾ നടക്കണം. ഇന്ത്യയ്ക്ക് കളിക്കാൻ താൽപര്യമില്ല എന്നത് ക്രിക്കറ്റിലെ അവസാന വാക്കല്ലല്ലോ. ഇന്ത്യയല്ലാതെ മറ്റ് അനേകം രാജ്യങ്ങളും ക്രിക്കറ്റ് കളിക്കുന്നുണ്ടല്ലോ’’ – ഹസൻ അലി പറഞ്ഞു.
2008ലെ ഏഷ്യാ കപ്പിനു ശേഷം ഒന്നര പതിറ്റാണ്ടിലധികമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. ഏറ്റവും ഒടുവിൽ ഇരു രാജ്യങ്ങളും മാത്രം ഉൾപ്പെടുന്ന പരമ്പര നടന്നത് 2012 ഡിസംബർ മുതൽ 2013 ജനുവരി വരെയാണ്. അന്ന് പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ പര്യടനത്തിന് എത്തിയിരുന്നു. അതിനു ശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിൽ നേർക്കു നേർ വരാറുള്ളത്.