മകളുടെ പേരു പറഞ്ഞും ഗാംഗുലിക്കെതിരെ വിമർശനം; പിന്നാലെ പ്രതിഷേധത്തിന്റെ ഭാഗമായി ഗാംഗുലിയുടെ ഭാര്യയും മകളും– വിഡിയോ
Mail This Article
കൊൽത്തക്ക∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ, സംഭവത്തെ അപലപിച്ച് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലിയും മകൾ സന ഗാംഗുലിയും രംഗത്ത്. വനിതാ ഡോക്ടറുടെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായിക്കൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം. സൗരവ് ഗാംഗുലിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഒഡീസി നർത്തകി കൂടിയായ ഗാംഗുലിയുടെ ഭാര്യ ഡോണ, തന്റെ ഡാൻസ് അക്കാദമിയിലെ അംഗങ്ങൾക്കൊപ്പം മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി. ‘‘ബലാത്സംഗത്തിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. നമുക്ക് സമ്പൂർണ സുരക്ഷിതത്വമുള്ള സമൂഹമാണ് ആവശ്യം. ഇത്തരം സംഭവങ്ങൾ ഇനി മേലിൽ ആവർത്തിക്കപ്പെട്ടുകൂടാ’ – ഡോണ പറഞ്ഞു.
ദാരുണമായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ഗാംഗുലിയുടെ മകൾ ഇരുപത്തിരണ്ടുകാരിയായ സനയും ആവശ്യപ്പെട്ടു. ‘‘ഞങ്ങൾക്ക് വേണ്ടത് നീതിയാണ്. ഇത്തരം സംഭവങ്ങൾ ഇതോടെ അവസാനിക്കണം. ഓരോ ദിവസവും ഓരോ ബലാത്സംഗ വാർത്തകളെങ്കിലും നമ്മൾ കേൾക്കുന്നുണ്ട്. ഈ 2024ലും ഇത് ആവർത്തിക്കുന്നത് ദയനീയമായ സാഹചര്യമാണ്. ഇത് അവസാനിപ്പിച്ചേ പറ്റൂ’ – സന പറഞ്ഞു.
നേരത്തെ, സംഭവത്തിൽ സൗരവ് ഗാംഗുലിയുടെ ആദ്യ പ്രതികരണം കടുത്ത വിമർശനത്തിനു കാരണമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ കൂടിയായ ഹസിൻ ജഹാൻ ഉൾപ്പെടെയുള്ളവർ ഗാംഗുലിയുടെ പേരെടുത്ത് വിമർശിച്ചിരുന്നു. വനിതാ ഡോക്ടർ പീഡനത്തിന് ഇരയായത് ഒറ്റപ്പെട്ട സംഭവമാണെന്ന തരത്തിൽ ഗാംഗുലി നടത്തിയ പ്രതികരണമാണ് കടുത്ത വിമർശനത്തിന് കാരണമായത്. ആസ്വദിക്കാനും സന്തോഷിപ്പിക്കാനുമുള്ളവരാണ് സ്ത്രീകൾ എന്നു ചിന്തിക്കുന്നവരാണ് സൗരവ് ഗാംഗുലിയേപ്പോലുള്ളവർ എന്നാണ് ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
‘‘സൗരവ് ഗാംഗുലിയേപ്പോലുള്ളവർക്ക്, സ്ത്രീകളെന്നാൽ ആസ്വദിക്കാനും സന്തോഷിപ്പിക്കാനും ഉള്ളവരാണ്. ഇതുപോലുള്ള ബലാത്സംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുണ്ടെന്നും, ഇതിന്റെ പേരിൽ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യരുതെന്നും, ബംഗാളും ഇന്ത്യയും സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമാണെന്നുമൊക്കെ ഗാംഗുലിക്കു പറയാൻ സാധിച്ചത് അതുകൊണ്ടാണ്. ഗാംഗുലിയുടെ മകളൊക്കെ സുരക്ഷിതയായതുകൊണ്ടാണ്, മറ്റുള്ളവരുടെ വേദന അദ്ദേഹത്തിന് മനസ്സിലാക്കാനാകാത്തത്. നിങ്ങൾ എന്താണെന്ന് 2018ൽത്തന്നെ ഞാൻ മനസ്സിലാക്കിയതാണ്. ഇനി ബംഗാളികളെല്ലാം അത് മനസ്സിലാക്കട്ടെ. നിങ്ങൾ നല്ലൊരു ക്രിക്കറ്റ് താരമായതുകൊണ്ടു മാത്രം നല്ലൊരു മനുഷ്യനാകണമെന്നില്ല’ – ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നേരത്തെ വനിതാ ഡോക്ടറിനെ ക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോഴാണ്, ഗാംഗുലി വിവാദ പരാമർശം നടത്തിയത്. ‘‘ഒരു ഒറ്റപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാറ്റിനെയും വിലയിരുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെയൊരു സംഭവം നടന്നതുകൊണ്ട് ഇവിടെയുള്ള ആരും, ഒന്നും സുരക്ഷിതമല്ലെന്ന് അർഥമില്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീകളൊന്നും സുരക്ഷിതല്ലെന്നു പറയാനാകില്ല. ബംഗാളിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും സ്ത്രീകൾ സുരക്ഷിതരാണ്. നമ്മൾ ജീവിക്കുന്ന ഇടം തന്നെയാണ് ഏറ്റവും നല്ല സ്ഥലം. ഒരു സംഭവത്തിന്റെ പേരിൽ എല്ലാറ്റിനെയും വിലയിരുത്തരുത്’ – ഇതായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഈ പരാമർശങ്ങൾ കടുത്ത വിമർശനത്തിനു കാരണമായതോടെ ഗാംഗുലി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘‘കഴിഞ്ഞ ഞായറാഴ്ച ഞാൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് എന്ന് അറിയില്ല. ഇത്തരം സംഭവങ്ങൾ അതിക്രൂരമാണെന്ന് ഞാൻ മുൻപേതന്നെ പറഞ്ഞതാണ്. നിലവിൽ സിബിഐയും പൊലീസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം തീർച്ചയായും തീർത്തും ലജ്ജാകരമായ കാര്യങ്ങളാണ്– ഗാംഗുലി പറഞ്ഞു.