‘വിരമിക്കൽ പ്രഖ്യാപിച്ച് രാഹുലിന്റെ പോസ്റ്റ്, ഡിലീറ്റ് ചെയ്തു’ വാസ്തവം അറിയാം
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. ഒരു കാര്യം പ്രഖ്യാപിക്കാനുണ്ടെന്നു പറഞ്ഞ രാഹുൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു തുടക്കമായത്. ഇതോടെ രാഹുൽ വിരമിക്കൽ പ്രഖ്യാപിച്ചെന്ന രീതിയിലുള്ള സ്ക്രീൻ ഷോട്ടുകൾ വ്യാപകമാകുകയായിരുന്നു. രാഹുല്‍ സ്വന്തം അക്കൗണ്ടിൽ ഇട്ട പോസ്റ്റ് പിന്നീടു നീക്കം ചെയ്തെന്നും ചിലർ വാദിച്ചു. എന്നാൽ രാഹുൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നതാണു സത്യം.
32 വയസ്സുകാരനായ കർണാടക ബാറ്റർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഒടുവിൽ കളിച്ചത്. രണ്ട് ഇന്നിങ്സുകളിലായി താരം 31 റൺസാണു താരം നേടിയത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ കളിക്കാൻ താരത്തിനു സാധിച്ചിരുന്നില്ല. ഐപിഎല്ലിന്റെ വരുന്ന സീസണുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പ്രഖ്യാപനമെന്നും വിവരമുണ്ട്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന രാഹുൽ അടുത്ത സീസണിൽ ടീം മാറാൻ സാധ്യതയുണ്ട്.
താരം മുൻപ് കളിച്ചിരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിലേക്ക് രാഹുൽ തിരിച്ചെത്തിയേക്കും. ക്ലബ്ബിന് രാഹുലിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. ലക്നൗ ക്യാപ്റ്റനായിരിക്കെ മോശം പ്രകടനത്തിന്റെ പേരിൽ ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചതു വൻ വിവാദമായിരുന്നു. സഹതാരങ്ങളും ആരാധകരും കാൺകെയായിരുന്നു രാഹുലിനോട് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ചൂടായത്.