ADVERTISEMENT

മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പകരക്കാരനായി കളത്തിലിറങ്ങി മുൻ ഇന്ത്യൻ താരം ആർ.പി. സിങ്ങിന്റെ മകൻ ഹാരി സിങ്. ഇംഗ്ലണ്ട് ടീമിൽ പന്ത്രണ്ടാമനായി ഉൾപ്പെടുത്തിയിരുന്ന ഹാരി സിങ്, ടെസ്റ്റിനിടെ പലതവണ പകരക്കാരനായി കളത്തിലിറങ്ങി. 1980കളിൽ ഇന്ത്യയ്‌ക്കായി കളിച്ചിരുന്ന ആർ.പി. സിങ് സീനിയറിന്റെ മകനാണ് ഹാരി സിങ്.

ഇടംകയ്യൻ പേസ് ബോളറായിരുന്ന ആർ.പി. സിങ് സീനിയർ, ഇന്ത്യയ്ക്കായി 1986ൽ ഓസീസിനെതിരെ രണ്ട് ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. ഇതിനു പുറമേ, ആഭ്യന്തര ക്രിക്കറ്റിൽ 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു. 150 വിക്കറ്റും 1413 റൺസുമാണ് ആർ.പി.സിങ് സീനിയറിന്റെ സമ്പാദ്യം. 1991ൽ ദുലീപ് ട്രോഫിയിലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ കളിച്ചത്. അന്ന് സെൻട്രൽ സോണിനായിട്ടാണ് അദ്ദേഹം കളത്തിലിറങ്ങിയത്.

സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം ആർ.പി.സിങ് സീനിയർ പരിശീലകവൃത്തിയിലേക്ക് തിരിഞ്ഞു. 1990കളുടെ അവസാനം അദ്ദേഹം പരിശീലകനായി ഇംഗ്ലണ്ടിലേക്ക് കുടിയേറി. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനൊപ്പവും (ഇസിബി) ലങ്കാഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബിനൊപ്പവും പ്രവർത്തിച്ചു.

ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻ ഹാരി സിങ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാഗമാകുന്നത്. ഈ വർഷം ജൂലൈയിൽ ലങ്കാഷയറിനായി ലിസ്റ്റ് എ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഓൾറൗണ്ടറായ ഹാരി സിങ് ഇതുവരെ ഏഴു മത്സരങ്ങളിൽനിന്ന് 87 റൺസും രണ്ടു വിക്കറ്റും നേടിയിട്ടുണ്ട്. 2022ൽ ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

English Summary:

RP Singh's Son Harry Makes Unexpected Debut as England's Substitute Fielder in 1st Test vs Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com