ഓസീസിനെ അവരുടെ തട്ടകത്തിൽ വിറപ്പിച്ച് വയനാട്ടുകാരി മിന്നു മണി; 2 ഇന്നിങ്സിലും 5 വിക്കറ്റ് നേട്ടം, ഇന്ത്യയ്‌ക്ക് വിജയസാധ്യത
Mail This Article
ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ) ∙ ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ വിറപ്പിക്കുന്ന ബോളിങ് പ്രകടനവുമായി വയനാട്ടുകാരി മിന്നു മണി. രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച മിന്നു മണിയുടെ മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീം വിജയസാധ്യത നിലനിർത്തി. 28 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് കൈവശമിരിക്കെ ഓസീസിന് ആകെ 192 റൺസ് ലീഡായി.
ഒന്നാം ഇന്നിങ്സിൽ 21 ഓവറിൽ 58 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മിന്നു മണി, രണ്ടാം ഇന്നിങ്സിൽ ഇതുവരെ 20 ഓവറിൽ 47 റൺസ് വഴങ്ങിയും അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ പ്രിയ മിശ്ര 58 റൺസ് വഴങ്ങി നാലു വിക്കറ്റുമായി മിന്നു മണിക്ക് ഉറച്ച പിന്തുണ നൽകിയിരുന്നു. രണ്ടാം ഇന്നിങ്സിൽ പ്രിയ മിശ്ര, സയാലി സാത്ഖാരെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
രണ്ടാം ഇന്നിങ്സിൽ ഓസീസിനായി ഓപ്പണർ എമ്മ ഡിബ്രൂഗ്, മാഡി ഡാർക് എന്നിവർ അർധസെഞ്ചറി നേടി. എമ്മ 117 പന്തിൽ നാലു ഫോറുകൾ സഹിതം 58 റൺസെടുത്ത് പുറത്തായി. മാഡി ഡാർക് 100 പന്തിൽ രണ്ടു ഫോറുകളോടെ 54 റൺസുമായി പുറത്താകാതെ നിൽക്കുന്നു.
നേരത്തേ, സ്പിന്നർമാരായ മിന്നുവും (5–58) പ്രിയ മിശ്രയും (4–58) 9 വിക്കറ്റുകൾ പങ്കുവച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസിനു പുറത്തായിരുന്നു. സ്പിന്നറായ മന്നത് കശ്യപാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കു വേണ്ടി ഓപ്പണർ ജോർജിയോ വോളിനു (71) മാത്രമാണ് പിടിച്ചു നിൽക്കാനായത്. ജോർജിയ അടിച്ചു കളിച്ചെങ്കിലും (95 പന്ത്, 12 ഫോർ) അപ്പുറം തുടരെ വിക്കറ്റുകൾ വീണു. മെയ്‌റ്റ്ലാൻ ബ്രൗൺ (30), കെയ്റ്റ് പീറ്റേഴ്സൻ (26), ഗ്രേസ് പാർസൻസ് (35) എന്നിവരുടെ ചെറുത്തുനിൽപ്പാണ് ഓസീസിനെ 200 കടത്തിയത്. 21 ഓവറുകൾ എറിഞ്ഞ മിന്നു 2 മെയ്ഡനുകൾ സഹിതമാണ് 5 വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 73.1 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസുമായി ശക്തമായ നിലയിലായിരുന്ന ഇന്ത്യ, വെറും 83 റൺസിനിടെ ശേഷിക്കുന്ന എട്ടു വിക്കറ്റുകളും നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങുകയായിരുന്നു.
ശ്വേത സെഹ്റാവത് (120 പന്തിൽ 40), ശുഭ സതീഷ് (28 പന്തിൽ 22), തേജൽ ഹസബ്‍നിസ് (71 പന്തിൽ 32) ക്യാപ്റ്റൻ മിന്നു മണി (37 പന്തിൽ 17), സയാലി സാത്ഖരെ (63 പന്തിൽ 21) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വാലറ്റത്ത് 23 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്ത മന്നത്ത് കശ്യപിന്റെ പ്രകടനവും നിർണായകമായി. പ്രിയ മിശ്ര 19 പന്തു നേരിട്ട് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.