‘റിസ്വാന്റെ ഡബിൾ സെഞ്ചറി തടഞ്ഞ് പാക്ക് ക്യാപ്റ്റൻ’; ബംഗ്ലദേശിനെതിരെ ഡിക്ലയർ ചെയ്തതിൽ വിവാദം
Mail This Article
ലഹോര്‍∙ ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്‍വാൻ 171 റണ്‍സെടുത്ത് നിൽക്കെ ക്യാപ്റ്റൻ ഷാൻ മസൂദ് ഇന്നിങ്സ് ഡിക്ലയർ ചെയ്തതിൽ വൻ വിവാദം. മുഹമ്മദ് റിസ്‍വാന്‍ മികച്ച രീതിയിൽ ബാറ്റു ചെയ്യവെ ഡബിൾ സെഞ്ചറി നേടാൻ പാക്ക് ടീമിന് അനുവദിക്കാമായിരുന്നെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. റിസ്‍വാൻ 239 പന്തിൽ 171 റൺസെടുത്തു നിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാറ്റിങ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
മൂന്ന് സിക്സുകളും 11 ഫോറുകളും താരം നേടി. പാക്കിസ്ഥാൻ ക്യാപ്റ്റൻ ഡിക്ലയർ ചെയ്യുന്നതായി അറിയിച്ചതോടെ ഡബിൾ സെഞ്ചറിയിലേക്ക് എത്താൻ സാധിക്കാതെ റിസ്‍വാൻ മടങ്ങി. ബാറ്റിങ് അവസാനിപ്പിച്ചതിന്റെ നിരാശയൊന്നും താരം പ്രകടിപ്പിച്ചതുമില്ല. അതേസമയം ഇന്നിങ്സ് അവസാനിപ്പിക്കുന്നതിനേക്കുറിച്ച് റിസ്‍വാനോടു നേരത്തേ പറഞ്ഞിരുന്നതായി സഹതാരം സൗദ് ഷക്കീൽ പ്രതികരിച്ചു.
‘‘റിസ്‍വാന് ഡബിൾ സെഞ്ചറി നേടാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഡിക്ലയർ ചെയ്യാനുള്ള തീരുമാനം എടുക്കുന്നതിൽ മടിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കാരണം ബാറ്റിങ് അവസാനിപ്പിക്കുന്ന കാര്യം ഒരു മണിക്കൂർ മുൻപേ അദ്ദേഹത്തെ അറിയിച്ചിരുന്നതാണ്. 450 റൺസൊക്കെ എടുത്താൽ ബാറ്റിങ് അവസാനിപ്പിക്കുമെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.’’– സൗദ് ഷക്കീൽ പ്രതികരിച്ചു.
എന്നാല്‍ ഈ മറുപടിയിൽ ആരാധകർ തൃപ്തരല്ല. പാക്കിസ്ഥാന് 500 റൺസെടുത്ത് കളി അവസാനിപ്പിച്ചിരുന്നെങ്കിൽ, റിസ്‍വാന് 200 റൺസിൽ എത്താമായിരുന്നെന്നും ചില ആരാധകർ വാദിച്ചു. രണ്ടാം ദിനത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് നേടിയശേഷമാണ് പാക്കിസ്ഥാൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 261 പന്തുകൾ നേരിട്ട സൗദ് ഷക്കീൽ 141 റൺസെടുത്തു പുറത്തായിരുന്നു. ക്യാപ്റ്റൻ ഷാൻ മസൂദ് (11 പന്തിൽ ആറ്), ബാബർ അസം (പൂജ്യം) എന്നിവർക്ക് ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.