‘ട്രോഫികളേക്കാൾ കൂടുതൽ രാജികളുള്ള ക്യാപ്റ്റൻ’: നായകസ്ഥാനം രാജിവച്ച ബാബർ അസമിനെതിരെ ട്രോൾ
Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച ബാബർ അസമിനെതിരെ പരിഹാസവുമായി പാക്കിസ്ഥാൻ ആരാധകർ രംഗത്ത്. പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനമാണ് ബാബർ അസം കഴിഞ്ഞ ദിവസം രാജിവച്ചത്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ബാബർ നേരത്തേ തന്നെ രാജിവച്ചിരുന്നു. ഇതോടെ, നായകനെന്ന നിലയിൽ ട്രോഫികളേക്കാൾ കൂടുതൽ രാജികളുള്ള നായകനാണ് ബാബർ അസം എന്ന പരിഹാസവുമായി സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകർ രംഗത്തെത്തി.
2023ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ടീം ദയനീയ പ്രകടനത്തോടെ പുറത്തായതിനു പിന്നാലെ ബാബർ അസമിനെ നായകസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ, മൂന്നു മാസത്തിനു ശേഷം 2024 മാർച്ചിൽ ബാബർ അസമിനെ വീണ്ടും ടീമിന്റെ നായക സ്ഥാനത്ത് തിരിച്ചെത്തിച്ചു.
എന്നാൽ, ട്വന്റി20 ലോകകപ്പിൽ യുഎസ് ഉൾപ്പെടെയുള്ള ടീമുകളോട് ദയനീയമായി പരാജയപ്പെട്ട് പാക്കിസ്ഥാൻ തകർന്നടിഞ്ഞതോടെ ബാബർ അസമിന്റെ കഷ്ടകാലം വീണ്ടും ആരംഭിച്ചു. ബദ്ധവൈരികളായി ഇന്ത്യയ്‌ക്കെതിരെ ജയിക്കാമായിരുന്ന മത്സരം കൈവിട്ടതും തിരിച്ചടിയായി. തുടർന്ന് ബാബറിനു പകരം ഷഹീൻ അഫ്രീദി പാക്ക് ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായെങ്കിലും, ന്യൂസീലൻഡിനെതിരെ 4–1ന്റെ തോൽവി വഴങ്ങിയതോടെ പുറത്താക്കപ്പെട്ടു. ഇതിനു ശേഷമാണ് ബാബർ അസം വീണ്ടും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പാക്കിസ്ഥാൻ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്.
അതേസമയം, ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ ടീം ടെസ്റ്റിൽ ബംഗ്ലദേശിനോട് തോറ്റതും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ബാബർ അസമിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് കരുതുന്നു. നായകസ്ഥാനത്ത് ബാബർ ആയിരുന്നില്ലെങ്കിലും, സ്വന്തം നാട്ടിൽ ബംഗ്ലദേശിനോട് ടെസ്റ്റും പിന്നാലെ പരമ്പരയും തോറ്റത് ടീമിലെ പ്രധാന താരമായ ബാബറിനും ക്ഷീണമായി.
ഇതോടെയാണ്, ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എന്ന പേരിൽ ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനം കൂടി ഒഴിയുന്നതായി ബാബർ അസം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.