ADVERTISEMENT

കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ദിവസം പൂർണമായും മഴ കൊണ്ടുപോയെങ്കിലും, ശേഷിക്കുന്ന സമയം കൊണ്ട് ജയിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് ക്യാപ്റ്റൻ രോഹിത് ശർമയെന്ന് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട രവിചന്ദ്രൻ അശ്വിൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 50 ഓവറിൽ 400 റൺസ് അടിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ഓപ്പണറായി ഇറങ്ങി ആദ്യ പന്തു തന്നെ സിക്സർ പറത്തിയതോടെ മറ്റുള്ളവർക്കു മുന്നിൽ മറ്റു വഴികളില്ലായിരുന്നുവെന്ന് അശ്വിൻ വെളിപ്പെടുത്തി. 

‘‘ഇന്നലെ ബംഗ്ലദേശിനെ ഓൾഔട്ടാക്കിയതിനു പിന്നാലെ ലഭിച്ച ചെറിയ ഇടവേളയിൽ രോഹിത് ശർമ ടീമംഗങ്ങളോട് സംസാരിച്ചു. നമ്മൾ രണ്ടും കൽപ്പിച്ച് തകർത്തടിക്കാൻ പോകുകയാണെന്നും, 50 ഓവറിൽ 400 റൺസ് അടിക്കാനാകണം ശ്രമമെന്നും രോഹിത് പറഞ്ഞു.

‘‘യശസ്വി ജയ്സ്വാൾ എപ്രകാരമായിരിക്കും കളിക്കുകയെന്ന കാര്യത്തിൽ ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നു. പക്ഷേ, ഒപ്പമിറങ്ങിയ രോഹിത് ഇറങ്ങിയ പാടെ ആദ്യപന്തുതന്നെ സിക്സറടിച്ച് പറഞ്ഞതുപോലെ ചെയ്തു. ക്യാപ്റ്റൻ ഇത്തരത്തിൽ പറഞ്ഞത് പ്രാവർത്തികമാക്കുമ്പോൾ ഡ്രസിങ് റൂമിലുള്ള മറ്റുള്ളവർക്കു മുന്നിൽ മറ്റു വഴികളില്ല. അവരും അതേ ശൈലി പിന്തുടർന്നേ പറ്റൂ. ആദ്യ മൂന്ന് ഓവറിൽത്തന്നെ ഞങ്ങൾ 50 കടന്നു. അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല’ – അശ്വിൻ പറഞ്ഞു.

അതേസമയം, രണ്ടു ദിവസം പൂർണമായും മഴ അപഹരിച്ച ഒരു മത്സരത്തിന് ഫലമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിൽ 100 റൺസിന് ഓൾഔട്ടാവുകയെന്ന റിസ്ക് എടുക്കാനും ഇന്ത്യൻ ടീം തയാറായിരുന്നുവെന്ന് ക്യാപ്റ്റൻ രോഹിത് ശർമയും പ്രതികരിച്ചു. ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശിനെ 233 റൺസിന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ 34.4 ഓവറിൽ തകർത്തടിച്ച് 285 റൺസാണ് നേടിയത്. തുടർന്ന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ നാലാം ദിനം അവസാനിപ്പിച്ച ബംഗ്ലദേശ്, അവസാന ദിനം ലഞ്ചിനു മുൻപേ ഓൾഔട്ടായി. താരതമ്യേന ചെറിയ വിജയലക്ഷ്യം രണ്ടാം സെഷനിൽത്തന്നെ ഇന്ത്യ മറികടക്കുകയും ചെയ്തു.

‘‘മത്സരത്തിന്റെ രണ്ടര ദിവസമാണ് മഴമൂലം നഷ്ടമായത്. അതുകൊണ്ടുതന്നെ നാലാം ദിനം കളിക്കാനെത്തുമ്പോൾ അവരെ എത്രയും വേഗം പുറത്താക്കി വിജയം പിടിച്ചെടുക്കാനാകുമോ എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. അവർ 230 റൺസിന് പുറത്തായപ്പോൾ, ആ റണ്‍സിനേക്കാൾ പ്രധാനം ഞങ്ങൾ എറിഞ്ഞ ഓവറുകളുടെ എണ്ണമായിരുന്നു.

‘‘ആ പിച്ചിൽ അത്തരമൊരു അവസരത്തിൽ മത്സരത്തിന് ഫലമുണ്ടാക്കുന്നത് കാര്യമായ അധ്വാനം ആവശ്യമുള്ള ജോലിയായിരുന്നു. അത്തരമൊരു ആക്രമണ ശൈലി ബാറ്റിങ്ങിൽ സ്വീകരിക്കുന്നത് റിസ്കും കൂടുതലായിരുന്നു. കാരണം, തീരെ ചെറിയ സ്കോറിന് നമ്മൾ പുറത്താകാനുള്ള സാധ്യതയുമുണ്ടല്ലോ. 100–120 റൺസിന് പുറത്താവുകയെന്ന റിസ്കെടുക്കാനും തയാറായാണ് ഞങ്ങൾ കളിച്ചത്’ – രോഹിത് പറഞ്ഞു. 

English Summary:

R Ashwin speaks on Rohit’s aggressive captaincy after India’s Kanpur win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com