അടീന്ന് പറഞ്ഞാ എന്തൊരടി!: ടെസ്റ്റിലെ വേഗമേറിയ 50, 100, 150, 200, 250 ടീം സ്കോർ റെക്കോർഡുകൾ ഇന്ത്യയ്ക്ക്
Mail This Article
കാൻപുർ ∙ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 തികച്ച ടീം ഏതാണ്?
ഇന്ത്യ (3 ഓവറിൽ).
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം സെഞ്ചറി തികച്ച ടീം?
ഇന്ത്യ (10.1 ഓവറിൽ).
ടെസ്റ്റിൽ ഏറ്റവും വേഗം 200 റൺസ് തികച്ച ടീമോ?
അതും ടീം ഇന്ത്യ തന്നെ (24.2 ഓവറിൽ) !
റെക്കോർഡുകൾ ഒന്നിനു പുറകേ ഒന്നായി റൂട്ട് മാർച്ച് ചെയ്ത ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ അവസാനിപ്പിച്ചത് മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിൽ ഉറപ്പിച്ചുകൊണ്ടാണ്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശിനെ 233 റൺസിന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ 34.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 285 റൺസ്! 52 റൺസ് ലീഡുമായി ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യ, നാലാം ദിനം ബംഗ്ലദേശിനെ വീണ്ടും ബാറ്റിങ്ങിനയച്ചു.
2ന് 26 എന്ന നിലയിൽ നാലാം ദിനം കളി അവസാനിപ്പിച്ച ബംഗ്ലദേശിന് ഇന്ത്യൻ ലീഡ് മറികടക്കാൻ 26 റൺസ് കൂടി വേണം. 7 റൺസുമായി ഷദ്മാൻ ഇസ്‌ലാമും റണ്ണൊന്നും എടുക്കാതെ മോമിനുൽ ഹഖുമാണ് ക്രീസിൽ. ഒരു ദിവസത്തെ മത്സരം ബാക്കി നിൽക്കെ, ബംഗ്ലദേശിനെ എത്രയും പെട്ടെന്ന് ഓൾഔട്ട് ആക്കി വിജയം പിടിച്ചെടുക്കാനാകും ഇന്ത്യയുടെ ശ്രമം. സ്കോർ: ബംഗ്ലദേശ് ഒന്നാം ഇന്നിങ്സ് 233. രണ്ടാം ഇന്നിങ്സ് 2ന് 26. ഇന്ത്യ ഒന്നാം ഇന്നിങ്സ് 9ന് 285 ഡിക്ലയേഡ്.
ഹിറ്റ്മാൻ & കമ്പനി
മഴമൂലം ആദ്യ ദിനം 35 ഓവർ മാത്രം മത്സരം നടന്ന, രണ്ടും മൂന്നും ദിനങ്ങൾ പൂർണമായും ഉപേക്ഷിച്ച ഒരു ടെസ്റ്റിൽ ഫലം ഉണ്ടാകാൻ സാധ്യതയുണ്ടോ? ഒരു വിദൂരസാധ്യതയെങ്കിലും ഉണ്ടെങ്കിൽ അതിനായി അരയും തലയും മുറുക്കി പോരാടാൻ ഉറച്ചാണ് രോഹിത് ശർമയും സംഘവും ഇന്നലെ ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ ഓവറിൽ 3 ഫോർ അടക്കം 12 റൺസുമായി യശസ്വി ജയ്സ്വാൾ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ രണ്ടാം ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സിക്സറിനു പറത്തിയ രോഹിത് നയം വ്യക്തമാക്കി.
ഇതോടെ 3 ഓവറിൽ ഇന്ത്യൻ ടോട്ടൽ 50 കടന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ 50 (മറികടന്നത് വെസ്റ്റിൻഡീസിനെതിരെ ഈ വർഷം 4.2 ഓവറിൽ 50 നേടിയ ഇംഗ്ലണ്ടിന്റെ റെക്കോർഡ്). പിന്നാലെ 6 ഫീൽഡർമാരെ ബൗണ്ടറിയിൽ വിന്യസിച്ച ബംഗ്ല ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ, ഇന്ത്യയുടെ റണ്ണൊഴുക്ക് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 11 പന്തിൽ 23 റൺസുമായി രോഹിത്തും 51 പന്തിൽ 72 റൺസുമായി ജയ്സ്വാളും നൽകിയ തുടക്കം പുറകേ വന്നവർ ഏറ്റുപിടിച്ചു.
ശുഭ്മൻ ഗിൽ (36 പന്തിൽ 39), വിരാട് കോലി (35 പന്തിൽ 47), കെ.എൽ.രാഹുൽ (43 പന്തിൽ 68) എന്നിവർ അറ്റാക്കിങ് മോഡിലേക്ക് തിരിഞ്ഞതോടെ ഇന്ത്യൻ സ്കോറിങ് കുതിച്ചു. 4 വിക്കറ്റ് വീതം വീഴ്ത്തിയ മെഹദി ഹസൻ മിറാസും ഷാക്കിബുൽ ഹസനും ചേർന്ന് പിടിച്ചുകെട്ടിയില്ലായിരുന്നെങ്കിൽ, വേഗമേറിയ ടീം സ്കോർ മുന്നൂറും ഇന്നലെ ഇന്ത്യ സ്വന്തം പേരിൽ എഴുതിച്ചേർത്തേനെ.
ക്ലാസ് മോമിനുൽ
ഒരുവശത്ത് ബാറ്റർമാർ വിക്കറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്ക് ഓടാൻ മത്സരിച്ചപ്പോൾ മറുവശത്ത് പാറപോലെ ഉറച്ചുനിന്ന്, സെഞ്ചറിയുമായി പൊരുതിയ മോമിനുൽ ഹഖിന്റെ ഇന്നിങ്സാണ് (107 നോട്ടൗട്ട്) ഒന്നാം ഇന്നിങ്സിൽ ബംഗ്ല ടോട്ടൽ 200 കടത്തിയത്. ഇന്ത്യൻ സ്പിന്നർമാരെ സ്വീപ് ഷോട്ടുകളിലൂടെ പ്രതിരോധിച്ച മോമിനുൽ, അപ്പർ കട്ടുകളിലൂടെ പേസർമാരെ നേരിട്ടു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് സിറാജ്, ആർ.അശ്വിൻ. ആകാശ് ദീപ് എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
സൂപ്പർ ക്യാച്ച്
ക്യാപ്റ്റൻ രോഹിത് ശർമയും മുഹമ്മദ് സിറാജും ‘പറന്നുപിടിച്ച’ രണ്ടു ക്യാച്ചുകളായിരുന്നു നാലാം ദിവസത്തെ മറ്റൊരു ഹൈലൈറ്റ്. മുഹമ്മദ് സിറാജിനെ സ്റ്റെപ് ഔട്ട് ചെയ്തു മിഡ് ഓഫിനു മുകളിലൂടെ കളിച്ച ലിറ്റൻ ദാസിന്റെ ഷോട്ട്, വായുവിൽ ഉയർന്നുചാടിയ രോഹിത്, തന്റെ വലംകൈയിൽ ഒതുക്കി. ആർ.അശ്വിനെ മിഡ് ഓഫിനു മുകളിലേക്കു കളിച്ച ഷാക്കിബുൽ ഹസനെ പിറകോട്ട് ഓടി, പിന്നോട്ടു ചാടിയാണ് സിറാജ് ഒറ്റക്കൈയിൽ ഒതുക്കിയത്.
ജഡേജ @ 300
ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ. ഇന്നലെ ബംഗ്ലദേശ് താരം ഖാലിദ് അഹമ്മദിനെ പുറത്താക്കിയാണ് ജഡേജ 300 ക്ലബ്ബിൽ ഇടംപിടിച്ചത്. അനിൽ കുംബ്ലെ (619), ആർ.അശ്വിൻ (524), കപിൽ ദേവ് (434), ഹർഭജൻ സിങ് (417), ഇഷാന്ത് ശർമ (311), സഹീർ ഖാൻ (311) എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാർ.