ബംഗ്ലദേശിന്റെ രണ്ടു വിക്കറ്റുകൾ വീണു, അഞ്ചാം ദിനം നിർണായകം; വിജയം ഉന്നമിട്ട് ഇന്ത്യ
Mail This Article
കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയം ഉന്നമിട്ട് ഇന്ത്യ. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് 26 റൺസെടുത്തു. അവസാന ദിനം ബംഗ്ലദേശിനെ അതിവേഗം പുറത്താക്കി, വിജയലക്ഷ്യത്തിലേക്ക് അടുക്കാനാണ് ഇന്ത്യയുടെ ശ്രമം. സാക്കിർ ഹസനും (15 പന്തിൽ 10), ഹസൻ മഹ്മൂദുമാണ് (നാല്) രണ്ടാം ഇന്നിങ്സിൽ പുറത്തായ ബംഗ്ലദേശ് ബാറ്റർമാർ. സ്പിന്നർ ആർ. അശ്വിനാണു രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്. ഓപ്പണർ ഷദ്മൻ ഇസ്‍ലാമും (40 പന്തിൽ ഏഴ്), മൊമിനുൽ ഹഖും പുറത്താകാതെനിൽക്കുന്നു.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 52 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 233 ന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാളും (51 പന്തിൽ 72), കെ.എൽ. രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി തികച്ചു. രോഹിത് ശർമ (11 പന്തിൽ 23), ശുഭ്മൻ ഗിൽ (36 പന്തിൽ 39), ഋഷഭ് പന്ത് (11 പന്തിൽ 9), വിരാട് കോലി (35 പന്തിൽ 47), രവീന്ദ്ര ജഡേജ (13 പന്തിൽ എട്ട്), അശ്വിൻ (ഒന്ന്), ആകാശ് ദീപ് (അഞ്ച് പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ.
ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണു പുറത്തെടുത്തത് 10.1 ഓവറില്‍ സ്കോർ 100 പിന്നിട്ടു. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50 ഉം 100 ഉം സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ 51 റണ്‍സാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് അടിച്ചുകൂട്ടിയത്. സ്കോർ 55 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബോൾഡാകുകയായിരുന്നു. യശസ്വി ജയ്സ്വാളിനെ ഹസൻ മഹ്മൂദും പുറത്താക്കി. തകർത്തടിച്ച ശുഭ്മൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും വിക്കറ്റുകൾ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ സ്വന്തമാക്കി.
കെ.എൽ. രാഹുലും വിരാട് കോലിയും ചേർന്നതോടെ ഇന്ത്യൻ സ്കോർ അനായാസം 200 പിന്നിട്ടു. സ്കോർ 246 ൽ നിൽക്കെ ഷാക്കിബ് അൽ ഹസന്റെ പന്തിൽ കോലി ബോൾഡായി. രവീന്ദ്ര ജഡേജയ്ക്കും ആർ. അശ്വിനും തിളങ്ങാനായില്ല.കെ.എൽ. രാഹുലിനെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ് ക്യാച്ചെടുത്തു പുറത്താക്കി. രണ്ടു സിക്സറുകൾ അടിച്ച ശേഷം ആകാശ് ദീപും മടങ്ങിയതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. നാലാം ദിവസം ബംഗ്ലദേശ് 233 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചറിയുമായി മൊമീനുൽ ഹഖ് പുറത്താകാതെനിന്നു. 194 പന്തുകൾ നേരിട്ട മൊമിനുൽ ഹഖ് 107 റൺസെടുത്തു. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല