ആദ്യ രണ്ടു പന്തുകള്‍ സിക്സ് പറത്തി രോഹിത്, യശസ്വിയുടെ ബൗണ്ടറി മേളം; സ്വന്തം റെക്കോർഡ് തകർത്ത് ഇന്ത്യ
Mail This Article
കാൻപുർ∙ ബംഗ്ലദേശ് താരങ്ങൾ ആദ്യ ഇന്നിങ്സിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ കാൻപുര്‍ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് വെടിക്കെട്ട് തീർത്ത് യുവതാരം യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ രോഹിത് ശർമയും. 10.1 ഓവറിലാണ് കാൻപുരിൽ ഇന്ത്യ 100 കടന്നത്. അതിവേഗത്തിൽ 100 പിന്നിട്ട ഇന്ത്യ പഴങ്കഥയാക്കിയത് സ്വന്തം റെക്കോർഡ് തന്നെയാണ്. കഴിഞ്ഞ വർഷം പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ 12.2 ഓവറിൽ 100 പിന്നിട്ടിരുന്നു.
യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് ആദ്യ മൂന്ന് ഓവറുകളിൽ തന്നെ സ്കോർ 51 കടത്തിയിരുന്നു. ഹസൻ മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ബൗണ്ടറിയിലേക്കു പായിച്ച യശസ്വി ജയ്സ്വാളാണ് ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇന്നിങ്സിൽ നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്സർ പായിച്ച് രോഹിത് കാൻപുരിലെ ആരാധകരെ കയ്യിലെടുത്തു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഖാലിദ് അഹമ്മദിനെ ലോങ് ഓണിനു മുകളിലൂടെ സിക്സർ പറത്തിയ രോഹിത്, രണ്ടാം പന്തും ഗാലറിയിലെത്തിച്ചു.
ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിലെ നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്സർ പറത്തിയ നാലാമത്തെ മാത്രം താരമാണു രോഹിത് ശർമ. വെസ്റ്റിൻഡീസ് താരം ഫോഫി വില്യംസ്, ഇന്ത്യൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, ഉമേഷ് യാദവ് എന്നിവരാണ് രോഹിത്തിന് മുൻപ് ടെസ്റ്റിൽ ആദ്യ പന്തുകൾ തന്നെ സിക്സറുകൾ അടിച്ച താരങ്ങൾ. 11 പന്തുകളിൽ 23 റൺസെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായി. സ്കോർ 55 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ബോൾഡാകുകയായിരുന്നു.
രോഹിത് മടങ്ങിയപ്പോൾ കാൻപുരിലെ ആരാധകർ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ക്യാപ്റ്റനെ നഷ്ടമായെങ്കിലും ജയ്സ്വാൾ പിന്നോട്ടുപോയില്ല. 31 പന്തിൽ ജയ്സ്വാൾ അര്‍ധ സെഞ്ചറി തികച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യൻ ഓപ്പണറുടെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. 32 പന്തിൽ അർധ സെഞ്ചറി തികച്ച വീരേന്ദർ സേവാഗിന്റെ റെക്കോർഡാണ് ജയ്സ്വാൾ തകർത്തത്. 51 പന്തുകൾ നേരിട്ട ജയ്സ്വാൾ 72 റൺസെടുത്ത് പുറത്തായി. 12 ഫോറും രണ്ടു സിക്സും താരം ബൗണ്ടറി കടത്തി. ഹസൻ മഹ്മൂദിന്റെ പന്തിൽ ജയ്സ്വാൾ ബോൾഡാകുകയായിരുന്നു.