ലോകകപ്പ് നേടിയ ശേഷം വിവാഹമെന്ന് 4 വർഷം മുൻപ് പ്രഖ്യാപനം; ഒടുവിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ വിവാഹിതനായി– വിഡിയോ
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്ന, രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബോളർമാരിൽ ഒരാളായ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനായിരുന്നു വിവാഹം. അഫ്ഗാൻ ടീമിൽ റാഷിദിന്റെ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന ഇരുപത്താറുകാരനായ റാഷിദ് ഖാനൊപ്പം അഫ്ഗാൻ താരങ്ങൾ പകർത്തിയ സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നു. അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയില്ലെങ്കിലും, ലോകകപ്പ് നേടാൻ സാധ്യതയുള്ളവരുടെ കൂട്ടമായി അഫ്ഗാനെ വളർത്തിയ ശേഷമാണ് റാഷിദ് ഖാന്റെ വിവാഹം.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലായിരുന്നു റാഷിദ് ഖാന്റെ വിവാഹം. റാഷിദിനൊപ്പം മൂന്നു സഹോദരങ്ങളും ഒരേ വേദിയിൽ വിവാഹിതരായി. സഹോദരൻമാരായ ആമിർ ഖലീൽ, സക്കീയുള്ള, റാസ ഖാൻ എന്നിവരാണ് സഹോദരനൊപ്പം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
വിവാഹവേദിയിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യാന്തര ക്രിക്കറ്റിൽ ട്വന്റി20 ഫോർമാറ്റിൽ ലോക ഒന്നാം നമ്പർ ബോളറായി എണ്ണപ്പെടുന്ന റാഷിദ്, പഷ്ത്തൂൺ ആചാരപ്രകാരമാണ് വിവാഹിതനായത്.
റാഷിദിന്റെ വിവാഹം നടന്നത് കനത്ത സുരക്ഷാവലയത്തിലാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നവയിലുണ്ട്. വിവാഹം നടന്ന കാബൂളിലെ ഇംപീരിയിൽ കോണ്ടിനന്റൽ ഹോട്ടലിനു പുറത്ത് ആയുധധാരികളായ ആളുകൾറോന്ത് ചുറ്റുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. വിവാഹച്ചടങ്ങിനു വേദിയായ ആഡംബര ഹോട്ടലിന്റെ ദൃശ്യങ്ങളുമുണ്ട്.
ഒട്ടേറെ അഫ്ഗാൻ താരങ്ങളാണ് പ്രിയപ്പെട്ട സഹതാരത്തിന് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ജീവിതത്തിൽ പുതിയ അധ്യായത്തിനു തുടക്കമിടുന്ന റാഷിദിന് ആശംസകൾ നേർന്നവരിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയുമുണ്ട്.
‘‘വിവാഹിതനാകുന്ന ഒരേയൊരു കിങ് ഖാൻ, റാഷിദ് ഖാന് ആശംസകൾ. സ്നേഹവും സന്തോഷവും വിജയവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു’ – മുഹമ്മദ് നബി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, ആസാദി റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ്, അഫ്ഗാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂവെന്ന് റാഷിദ് ഖാൻ പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനായ സാജ് സാദിഖാണ് ഇക്കാര്യം എക്സിലൂടെ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് അക്കാലത്ത് ഒട്ടേറെ ട്രോളുകളും പ്രചരിച്ചിരുന്നു.