കൊടുംചൂടത്ത് അവശരായി തൊഴിലാളികളുടെ മക്കൾ; കളിക്കാർക്കുള്ള ശീതളപാനീയം ജഴ്സിയിൽ ഒളിപ്പിച്ചു നൽകി അയ്യർ– വിഡിയോ
Mail This Article
ലക്നൗ∙ ഇറാനി കപ്പ് നടക്കുന്ന ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏക്നാ സ്റ്റേഡിയത്തിനു സമീപം കൊടുംചൂടത്ത് അവശരായി കണ്ട കുട്ടികൾക്ക് ജഴ്സിക്കുള്ളിൽ ‘ഒളിപ്പിച്ച്’ ശീതളപാനീയം എത്തിച്ചുനൽകുന്ന ശ്രേയസ് അയ്യരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരം നടക്കുന്ന ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്കാണ് ശ്രേയസ് അയ്യർ കളിക്കാർക്കായി വച്ചിരിക്കുന്ന ശീതളപാനീയം എത്തിച്ചു നൽകിയത്. ‘ദൈനിക് ഭാസ്കർ’ പുറത്തുവിട്ട വിഡിയോ കണ്ട് ഒട്ടേറെപ്പേരാണ് ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ആരും കാണാതെയാണ് ശ്രേയസ് ശീതളപാനീയവുമായി കുഞ്ഞുങ്ങളുടെ അരികിൽ എത്തിയതെങ്കിലും, ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ഒരു മാധ്യമത്തിന്റെ പ്രതിനിധി ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
മറ്റു താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനിടെയാണ് രണ്ടു കുട്ടികൾ കൊടുംചൂടത്ത് നൽക്കുന്നത് ശ്രേയസ് അയ്യർ കണ്ടത്. ഉടൻതന്നെ ഡഗ് ഔട്ടിലേക്കു പോയ അയ്യർ, അവിടെ കളിക്കാർക്കായി ഒരുക്കിയിരിക്കുന്ന ഡ്രിങ്ക്സ് ട്രോളിയുടെ സമീപമെത്തി ഒരു കുപ്പിയെടുത്തു. അത് ജഴ്സിക്കുള്ളിൽ വച്ച് ബൗണ്ടറിക്കപ്പുറം നിൽക്കുകയായിരുന്ന കുട്ടികൾക്കു കൊണ്ടുപോയി കൊടുക്കുകയായിരുന്നു. ഗ്രൗണ്ടിനു സമീപം നിന്ന മാധ്യമപ്രവർത്തകൻ ഈ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തായത്.
ഇതു കണ്ടുനിന്ന മാധ്യമപ്രവർത്തകൻ സംഭവത്തെക്കുറിച്ച് ശ്രേയസ് അയ്യരോട് നേരിട്ട് ചോദിച്ചു. ‘‘ഇവിടെ എന്തൊരു ചൂടാണെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ’ എന്നായിരുന്നു അയ്യരുടെ മറുപടി.
രഞ്ജി ട്രോഫി ചാംപ്യൻമാരും ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിലുള്ള മത്സരമാണ് ഇറാനി കപ്പ്. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈയുടെ താരമാണ് അയ്യർ. മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്കായി അയ്യർ അർധസെഞ്ചറി നേടിയിരുന്നു. 84 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്താണ് അയ്യർ പുറത്തായത്.