ADVERTISEMENT

ഹൈദരാബാദിന്റെ തീരങ്ങളിൽ ശനിയാഴ്ച വീശിയടിച്ച സെഞ്ചറിക്കാറ്റിന് ഒരു പുഞ്ചിരിയുടെ അകമ്പടിയുണ്ടായിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകൾ ആ കാറ്റിൽ കടപുഴകിവീണു. കഠിനാധ്വാനത്തിന്റെ തറിയിൽ, കാത്തിരിപ്പിന്റെ നൂലിഴകളാൽ തുന്നിച്ചേർത്ത തന്റെ ചിറകുകൾ ആകാശത്തേക്കു വിടർത്തി ആ സെഞ്ചറിക്കാറ്റിന്റെ നാഥൻ പുഞ്ചിരിച്ചു. കാത്തിരുന്നവനെ കാലം കൈവിടില്ലെന്നു തെളിയിച്ച, ആയിരം ഉത്തരങ്ങൾ ഉള്ളിലൊളിപ്പിച്ച സഞ്ജുവിന്റെ സെഞ്ചറിച്ചിരി...

ബംഗ്ലദേശിനെതിരായ ആദ്യ രണ്ടു ട്വന്റി20യിലും നിറംമങ്ങിയതോടെ എരിയാതെ പോയ കനൽത്തരിയെന്ന് ഒരിക്കൽക്കൂടി ക്രിക്കറ്റ് ലോകം സഞ്ജുവിനെ പഴിച്ചിരുന്നു. എന്നാൽ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു മൂന്നാം ട്വന്റി20യിൽ സഞ്ജു അവർക്കായി കാത്തുവച്ചത്. ‘എന്റെ കരിയറിൽ കണ്ട ഏറ്റവും മികച്ച സെഞ്ചറികളിലൊന്ന്’ എന്നായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിനെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ.

രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. 46 പന്തിൽ 11 ഫോറും 8 സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്.

∙ ഓഫ്സൈഡ് ഓൺ!

കരിയറിന്റെ തുടക്കത്തിൽ ഓൺ സൈഡ് കേന്ദ്രീകരിച്ചായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് മുന്നോട്ടുപോയത്. എന്നാൽ കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരെ കണ്ടത് ഓൺ സൈഡിലും ഓഫ് സൈഡിലും ഒരേ മികവോടെ ആടിത്തിമിർക്കുന്ന സഞ്ജുവിനെയായിരുന്നു. പുൾ ഷോട്ടുകളും പിക്കപ് ഷോട്ടുകളുമായി ഓൺ സൈഡിൽ റൺസ് കണ്ടെത്തിയ സഞ്ജു, ലോഫ്റ്റഡ് ഷോട്ടുകളിലൂടെ ഓഫ് സൈഡിലും ബൗണ്ടറികൾ വാരിക്കൂട്ടി.

മത്സരത്തിൽ 81 ശതമാനം ഷോട്ട് കൺട്രോളോടെ ബാറ്റ് ചെയ്ത സഞ്ജു ഓഫ് ‍ഡ്രൈവിലൂടെ മാത്രം നേടിയത് 29 റൺസ്. ബൗണ്ടറി കടത്തിയ 8 സിക്സുകളിൽ അഞ്ചെണ്ണവും ഓഫ് സൈഡിൽ. ഇതിൽ റിഷാദ് ഹുസൈനെതിരെ ഒരു ഓവറിൽ നേടിയ 5 സിക്സറുകൾ മാത്രം മതി സഞ്ജുവിന്റെ ക്ലാസ് മനസ്സിലാക്കാൻ. റിഷാദിന്റെ ഫുൾ പിച്ച് പന്തുകൾ ലോങ് ഓഫ് ബൗണ്ടറിക്കു മുകളിലൂടെ പറന്നപ്പോൾ, ഷോർട്ട് പിച്ച് പന്തുകൾ ചെന്നു വീണത് മിഡ് ഓൺ ബൗണ്ടറിക്കപ്പുറത്ത്.

∙ ഹിറ്റ്മാൻ 2.0

കുറച്ചു കാലം മുൻപ് ഒരു ട്വന്റി20 മത്സരത്തിനിടെ രോഹിത് ശർമയുടെ പടുകൂറ്റൻ സിക്സർ കണ്ട് അമ്പരന്നുപോയ അംപയർ മറെയ്സ് ഇറാസ്മസ് ചോദിച്ചു- എന്തുതരം ബാറ്റാണ് നിങ്ങൾ ഉപയോഗിക്കുന്നത്? കൈ ഉയർത്തിപ്പിടിച്ച്, തന്റെ മസിൽ ഉരുട്ടിക്കയറ്റിയാണ് രോഹിത് ഇതിനു മറുപടി നൽകിയത്- ബാറ്റല്ല മിസ്റ്റർ, ഇത് ഹാൻഡ് പവറാണ്! ഏറക്കുറെ സമാനമായ മസിൽ ഷോയാണ് ബംഗ്ലദേശിനെതിരെ സെഞ്ചറി നേടിയശേഷം സഞ്ജുവും നടത്തിയത്.

പവറിലും കളിത്തികവിലും ഹിറ്റ്മാൻ രോഹിത് ശർമയ്ക്കു പിൻഗാമിയാകാൻ തനിക്കു സാധിക്കുമെന്നു തെളിയിക്കാനാണു സഞ്ജു ശ്രമിക്കുന്നത്. രോഹിത്തിനെപ്പോലെ ബൗണ്ടറികളിലൂടെയാണ് സഞ്ജുവും റൺ കണ്ടെത്താൻ ഇഷ്ടപ്പെടുന്നത്. ബംഗ്ലദേശിനെതിരെ നേടിയ 111 റൺസിൽ 92ഉം ബൗണ്ടറികളിലൂടെയായിരുന്നു.

ട്വന്റി20യിൽ ഇടംകയ്യൻ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഒരു വലംകൈ ബാറ്ററെയാണ് ടീം അന്വേഷിക്കുന്നത്. സഞ്ജുവിനൊപ്പം ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് ആ സ്ഥാനത്തിനു നിലവിൽ മത്സരിക്കുന്നത്. തുടക്കം മുതൽ പവർ ഹിറ്റിങ്ങിലൂടെ റൺസ് നേടാനുള്ള കഴിവ് ഓപ്പണർ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ സഞ്ജുവിനെ സഹായിക്കും.

∙ മിഷൻ 2026

നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന 4 മത്സര പരമ്പരയാണ് ഈ വർഷം ട്വന്റി20യിൽ ഇന്ത്യയ്ക്കു ബാക്കിയുള്ളത്. ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ  5 മത്സര ട്വന്റി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. പിന്നാലെ ഐപിഎൽ. അതിനാൽ ഈ രണ്ടു പരമ്പരകളിലെയും പ്രകടനം കൂടി കണക്കിലെടുത്താകും 2026 ട്വന്റി20 ലോകകപ്പിൽ സഞ്ജുവിന്റെ സ്ഥാനം നിർണയിക്കപ്പെടുക. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഒന്നാം നിര ടീമുമായാകും ഇന്ത്യ ഇറങ്ങുക.

∙ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു സാംസൺ.

∙ രോഹിത് ശർമയ്ക്കു ശേഷം (35 പന്തിൽ) രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറി സഞ്ജുവിന്റെ (40 പന്തിൽ) പേരിലായി.

English Summary:

Sanju Samson's brilliant performance against Bangladesh in T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com