ധോണിക്കും ഋഷഭ് പന്തിനും സാധിച്ചില്ല; ‘ആർക്കും തകർക്കാനാകാത്ത’ റെക്കോർഡ് സഞ്ജുവിന് സ്വന്തം
Mail This Article
ഹൈദരാബാദ്∙ ബംഗ്ലദേശിനെതിരായ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിക്കു പോലുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. 11 ഫോറുകളും എട്ട് സിക്സുകളും ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ബൗണ്ടറി കടത്തിയ സഞ്ജു 40 പന്തുകളിൽ സെഞ്ചറി തികച്ചു. ട്വന്റി20യിൽ മലയാളി താരത്തിന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയാണിത്.
ട്വന്റി20യിൽ ഇന്ത്യയ്ക്കായി സെഞ്ചറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു സാംസണ്‍. വർഷങ്ങളോളം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചിട്ടുള്ള മഹേന്ദ്ര സിങ് ധോണിക്കും, നിലവിലെ ഒന്നാം നമ്പർ കീപ്പർ ഋഷഭ് പന്തിനും ഇതുവരെ ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചറി സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ താരത്തിന്റെ ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് സഞ്ജു ഹൈദരാബാദിൽ നേടിയത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.
ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഉയർന്ന സ്കോറാണിത്. 2022 ൽ ശ്രീലങ്കയ്ക്കെതിരെ ഇഷാൻ കിഷന്‍ നേടിയ 89 റൺസിന്റെ റെക്കോർഡ് സഞ്ജു മറികടന്നു. ഇതേ വർഷം അയർലൻഡിനെതിരെ സഞ്ജു 77 റൺസ് നേടിയിരുന്നു.
മൂന്നാം ട്വന്റി20യില്‍ 133 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3–0ന് വിജയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും സഞ്ജു തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നവംബർ എട്ടിന് ഡർബനിലാണു പരമ്പരയിലെ ആദ്യ മത്സരം.