ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കും തന്നെ പരിഗണിക്കുന്നുണ്ടെന്ന് ടീമിന്റെ തലപ്പത്തുള്ളവർ അറിയിച്ചതായി മലയാളി താരം സഞ്ജു സാംസൺ.  ‘‘പാടുപെട്ട് റിസൽറ്റ് നേടേണ്ട ഫോർമാറ്റാണ് ടെസ്റ്റ്. അതിനായി കഷ്ടപ്പെടുന്നുണ്ട്. ശരിയായ സമയമാകുമ്പോൾ ടെസ്റ്റും കളിക്കുമെന്നാണു വിശ്വാസം. മൂന്ന് ഫോർമാറ്റിലും കളിക്കാൻ കഴിവുണ്ടെന്ന ആത്മവിശ്വാസവുമുണ്ട്’’– സഞ്ജു പറഞ്ഞു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ഉജ്വല സെഞ്ചറി നേട്ടത്തിനു പിന്നാലെ നാട്ടിൽ മടങ്ങിയെത്തിയ സഞ്ജു അനുഭവങ്ങൾ പങ്കുവച്ചതിങ്ങനെ.

5 സിക്സറിനു പിന്നിൽ

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിൽ തുടർച്ചയായ 5 സിക്സറടിച്ചതിനു പിന്നിൽ വലിയ ചിന്തയൊന്നുമുണ്ടായിരുന്നില്ല. ഓരോ ബോൾ കഴിയുമ്പോഴും അടുത്ത ബോളും സിക്സറടിക്കാം എന്ന വിശ്വാസമുണ്ടായിരുന്നു. എവിടെയെങ്കിലും ഒരു അവസരം കിട്ടുമ്പോൾ നാലോ അഞ്ചോ ആറോ സിക്സർ അടിക്കണമെന്ന ആഗ്രഹം മനസിൽ നേരത്തേ കിടപ്പുണ്ടായിരുന്നു. 2 എണ്ണം അടിച്ച് അടുത്ത പന്തിൽ ഔട്ടാകുമ്പോൾ രണ്ടെണ്ണം കിട്ടിയില്ലേ... എന്തിനാ വീണ്ടും അടിക്കാൻ പോയതെന്നു വിമർശിക്കുന്നവർ പറയും. പക്ഷേ എന്റെ സ്വഭാവ രീതി അതല്ല. കോച്ചുമാർ എന്നെ പരിശീലിപ്പിച്ചതും അങ്ങനെയാണ്. നമ്മുടെ സ്വഭാവമാണ് ഗ്രൗണ്ടിൽ കാണിക്കുന്നതെന്നു പറയാറുണ്ട്. ഭയമില്ലാതെ കളിക്കുകയാണ് എന്റെ രീതി. ചങ്കൂറ്റം ഗ്രൗണ്ടിൽ കാണിക്കാനാണ് ഇഷ്ടം. നിർണായക മത്സരങ്ങളിൽ ഇത്രയും വലിയ ആൾക്കൂട്ടത്തിനു നടുവിൽ അത് കാണിക്കാനാകുന്നത് ഏറെ സന്തോഷം. ഇത്രയും നാൾ ഔട്ടായതൊന്നും കുഴപ്പമില്ല, ഇതിനു വേണ്ടിയായിരുന്നു എന്ന ചിന്തയാണപ്പോൾ. അതിലൊരു റിസ്ക് ഉണ്ട്. പക്ഷേ പരിശീലിക്കുന്ന രീതി അങ്ങനെ ആയതുകൊണ്ട് റിസ്കിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല.

sanju-4
വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന സഞ്ജു സാംസൺ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്, മനോരമ

സെ‍ഞ്ചറി നേടണമെന്നു സൂര്യ

ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് മത്സരത്തിലും നന്നായി തുടങ്ങിയെങ്കിലും വേഗം ഔട്ടായി. പക്ഷേ ഫോമിലായതിനാൽ നല്ലൊരു ഇന്നിങ്സ് വരാനിരിക്കുന്നു എന്നറിയാമായിരുന്നു. അവസാന മാച്ചിൽ ആദ്യ 2–3 ഓവർ കഴിഞ്ഞതോടെ ടെൻഷൻ മാറി. പവർപ്ലേയിൽ 30 റൺസ് അടിച്ചപ്പോൾ 50 അടിച്ചാൽ കൊള്ളാമായിരുന്നു എന്നു തോന്നി. പക്ഷേ അതിന് സിംഗിൾ എടുക്കാനും പറ്റില്ല. അടിച്ചേ പറ്റൂ. 60ൽ നിന്ന് 5 സിക്സറുകളോടെ അതിവേഗം 90 എത്തിയപ്പോഴാണ് 100 എന്ന ചിന്തയുണ്ടായത്. അത് വലിയ കാര്യമാണല്ലോ. 2 ഫോർ അടിച്ച് നൂറിലെത്തണോ  സിംഗിൾ എടുക്കണോയെന്നൊക്കെ ചിന്തിച്ചു. അതുവരെ കളിച്ച രീതി തന്നെ തുടരാനാണ് മനസ് പറഞ്ഞത്. പക്ഷേ ഒരു ഷോട്ട് കളിച്ച് ബീറ്റ് ആയപ്പോൾ മറു വശത്തുണ്ടായിരുന്ന സൂര്യകുമാർ അടുത്തു വന്ന് എന്താണ് ചിന്തിക്കുന്നതെന്നു ചോദിച്ചു. അടിക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്നു പറഞ്ഞു. അടിച്ചോളൂ.. പക്ഷേ നീ ഉറപ്പായും ഒരു സെഞ്ചറി അർഹിക്കുന്നുണ്ടെന്നും അതു നേടണമെന്നും സൂര്യ പറഞ്ഞു. അതുകേട്ടപ്പോൾ ആശ്വാസമായി. 1–2 ബോൾ കൂടുതൽ എടുത്താലും കുഴപ്പമില്ലെന്നു തോന്നി. സെഞ്ചറി നേടിയപ്പോൾ സൂര്യയുടെ ആഘോഷമാണ് എന്റെ സന്തോഷം ഇരട്ടിയാക്കിയത്. ഞാൻ ഹെൽമറ്റ് മാറ്റി നോക്കുമ്പോൾ സൂര്യ ഹെൽമറ്റ് ഊരി എന്റെ അടുത്തെത്തിയിരുന്നു.

ആ മസിലിന്റെ അർഥം വേറെ

90 റൺസൊക്കെ ആകുമ്പോൾ 100 അടിച്ചാൽ എന്തു കാണിക്കണമെന്നു ചിന്തിക്കാറുണ്ട്. ബംഗ്ലാദേശിനെതിരെ സെ‍ഞ്ചറി നേടി ഡ്രസിങ് റൂമിലേക്കു നോക്കി ബാറ്റ് കാണിച്ചപ്പോൾ അവിടുണ്ടായിരുന്ന ടീംമേറ്റ്സ് ആണ് മസിൽ കാണിക്കാൻ പറഞ്ഞത്. വെല്ലുവിളിയുണ്ടാകുമ്പോൾ അതിനെ മറികടന്ന് മുന്നോട്ടുവരാനുള്ള മാനസിക ബലമുണ്ടെന്നാണ് അങ്ങനെ കാണിക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ എനിക്ക് അത്ര വലിയ മസിലുണ്ടായിട്ടൊന്നുമല്ല.

സൂര്യയും ഗംഭീറും

ഞാനും സൂര്യകുമാർ യാദവും തമ്മിൽ ജൂനിയർ തലത്തിൽ കളിച്ചു തുടങ്ങിയതു മുതലുള്ള ബന്ധമാണ്. ബിപിസിഎല്ലിലാണ് ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്നത്. സൂര്യ എങ്ങനെ ഈ തലത്തിലെത്തിയെന്നു കൂടെനിന്നു കണ്ടിട്ടുള്ള ആളാണു ഞാൻ. കാര്യങ്ങൾ നേരെചൊവ്വെ പറയുന്ന, വ്യക്തത നൽകുന്ന ആളാണ് അദ്ദേഹം. കളിക്കാരെയെല്ലാം പിന്തുണയ്ക്കും. ഡ്രസിങ് റൂമിൽ എല്ലാവരും സന്തോഷവാൻമാരുമാണ്. പല കോച്ചുമാർക്കു കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും ഗൗതം ഗംഭീറിന്റെ ആശയ വിനിമയ ശേഷി അപാരമാണ്.

‘‘നീ എത്ര നന്നായി കളിക്കുന്ന കളിക്കാരനാണെന്ന് എനിക്കറിയാം. എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ആസ്വദിച്ച് ബാറ്റ് ചെയ്യൂ. ഞങ്ങളെല്ലാം കൂടെയുണ്ട്. പേടിക്കേണ്ട’’ എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അത് വലിയ ആത്മവിശ്വാസം തരുന്ന വാക്കുകളായിരുന്നു. നേരത്തേ ഇന്ത്യൻ ടീമിൽ ഇടം കിട്ടിയപ്പോൾ കളിക്കാനാകുമോ കളിപ്പിച്ചാൽ ഏതു പൊസിഷനിലാകും എന്നറിയില്ലായിരുന്നു. പക്ഷേ ഇത്തവണ 2–3 ആഴ്ച മുൻപ് തന്നെ പരമ്പരയിലെ 3 മാച്ചും കളിക്കുമെന്നും ഓപ്പണറായിട്ടായിരിക്കുമെന്നും അറിയിപ്പ് കിട്ടിയിരുന്നു. അതിനനുസരിച്ച് നന്നായി തയാറെടുക്കാനായി. രാജസ്ഥാൻ റോയൽസ് ക്യാംപിൽ പോയും ഏതാനും ദിവസം പരിശീലിച്ചു. 6–ാം നമ്പർ വരെ ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാനുള്ള കഴിവു നേടിയിട്ടുണ്ട്. രഞ്ജിയിലും ഐപിഎല്ലിലും ഏതു ഫോർമാറ്റിൽ കളിക്കണമെന്ന് കോച്ചുമായി ആലോചിച്ചു തീരുമാനിക്കും. 

sanju-5
വാർത്താ സമ്മേളനത്തിനിടെ സഞ്ജു സാംസൺ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്, മനോരമ

വേറെ വിളിപ്പേര് വരാം

സഞ്ജു സൂപ്പർമാനെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ വിശേഷണം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. നന്നായി ചെയ്യുമ്പോൾ സൂപ്പർമാനെന്ന് പറയും. രണ്ടു തവണ വേഗം വിക്കറ്റ് പോകുമ്പോൾ വേറെ പേര് വന്നുകൊള്ളും. സന്തോഷിക്കേണ്ട സമയം സന്തോഷിക്കണമെന്നാണ് എന്റെ രീതി. കാരണം വിഷമിക്കാനുള്ള സമയവും പിന്നാലെ വരാം. എന്റെ കളി പിന്നീട് പല തവണ ടിവിയിൽ കാണാറുണ്ട്. കമന്റേറ്റർമാരുടെ നെഗറ്റീവ് കമന്റുകൾ കേൾക്കുമ്പോൾ ചെറിയ വിഷമം തോന്നാറുണ്ട്. നല്ലതു കേൾക്കുന്നത് പ്രചോദനവുമാണ്. ഞാൻ കഷ്ടപ്പെട്ടു വളർന്നു വന്ന സാഹചര്യം ഇപ്പോൾ ഞാൻ പറയാറുണ്ട്. അതു കേട്ടു വളരുന്നവർക്ക് ഒരു പ്രചോദനമാകട്ടെ എന്നു കരുതിയാണ്.

സമ്മർദമേറെ

ഇന്ത്യക്കുവേണ്ടി കളിക്കുമ്പോൾ എല്ലാ കളിയിലും സമ്മർദം ഉണ്ടാകാറുണ്ട്. ട്വന്റി20യിൽ റിസ്ക് എടുത്തു കളിക്കുമ്പോൾ ഔട്ടാകും. വീണ്ടും പെർഫോം ചെയ്യാനുള്ള സമ്മർദം സ്വാഭാവികം. പക്ഷേ അതിനെ എങ്ങനെ മറികടക്കാം എന്ന ധാരണയുണ്ട്. ശ്രീലങ്കയ്ക്കെതിരെ രണ്ട് മാച്ച് ഡക്കായ ശേഷം അടുത്ത പരമ്പരയിൽ കളിക്കാൻ പോകുമ്പോൾ ടെൻഷൻ സ്വാഭാവികമാണ്. പക്ഷേ എനിക്കു നന്നായി ചെയ്യാനാകും എന്ന ആത്മവിശ്വാസവും മറുവശത്തുണ്ടായിരുന്നു. കളിക്കാനായി ക്രീസിൽ നിൽക്കുമ്പോൾ പലവിധ ചിന്തകൾ മനസിൽ ഓടിക്കൊണ്ടിരിക്കും. പക്ഷേ അതു ബോൾ കളിക്കുന്നതിനു മുൻപാണ്. കളിയിൽ അതു കാണില്ല. പരിശീലിക്കുന്ന രീതികൊണ്ടാണ്. ബോൾ എവിടെ വീണാൽ എങ്ങനെ കളിക്കാം എന്ന ചിന്തയാകും നയിക്കുക. ഫിസിക്കൽ ഫിറ്റ്നസിനെക്കാൾ പ്രധാനം, സമ്മർദം അതിജീവിക്കാനുള്ള മാനസികമായ ആരോഗ്യമാണ്. രണ്ടും ബാലൻസ് ആകുമ്പോഴാണ് വലിയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്നത്.

കെസിഎൽ വൻ സംഭവം

ദുലീപ് ട്രോഫി ക്യാംപിലായിരിക്കെ കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎൽ) ഒട്ടുമിക്ക കളികളും കണ്ടു. നമ്മുടെ കളിക്കാർ ഈ ലെവലിൽ എത്തിയെന്നും ഇത്രയേറെ പ്രതിഭകൾ ഉണ്ടെന്നും അപ്പോഴാണു ശരിക്കും മനസിലായത്. അതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 6–7 പേരെ കഴിഞ്ഞ മാസം രാജസ്ഥാൻ റോയൽസ് ടീമിന്റെ ട്രയൽസിൽ കൊണ്ടുപോയിരുന്നു. അവർ നന്നായി പെർഫോം ചെയ്യുകയും ചെയ്തു. ഈ വർഷം ഐപിഎൽ കളിക്കാൻ സാധ്യതയുള്ള കളിക്കാർ ആ കൂട്ടത്തിലുണ്ട്. അവരുടെ പേരുകൾ ടീമിന്റെ ചർച്ചയിലാണ്. പുതിയ 2–3 പേരെങ്കിലും ഈ സീസണിൽ ഐപിഎൽ കളിച്ചേക്കാം. അണ്ടർ 19 ഇന്ത്യൻ ടീമിൽ കളിച്ച മുഹമ്മദ് ഇനാൻ വലിയ സാധ്യതയുള്ള താരമാണ്. പ്രത്യേകിച്ചും ലെഗ് സ്പിന്നറെന്ന നിലയിൽ. അത്തരത്തിലുള്ള കളിക്കാരെ പരമാവധി നേരത്തേ പ്രമോട്ട് ചെയ്യണം. മുഷ്താഖ് അലിപോലുള്ള ടൂർണമെന്റുകൾ കളിപ്പിക്കണം. 16–ാം വയസിൽ രഞ്ജി ട്രോഫി ടീമിൽ എത്തിയതാണ് ഞാൻ. ജൂനിയർ തലത്തിലെ മിടുക്കർക്ക് പ്രായം നോക്കാതെ തന്നെ സീനിയർ ടീമിലേക്ക് പ്രത്യേക സ്ഥാനക്കയറ്റം നൽകണം. 

sanju-2
വാർത്താ സമ്മേളനത്തിനിടെ സഞ്ജു സാംസൺ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്, മനോരമ

കിടിലം സച്ചിൻ ബേബി 

കെസിഎല്ലിലെ ഫൈനൽ മത്സരം കണ്ടതോടെ സച്ചിൻ ബേബിയോടുള്ള ബഹുമാനം കൂടി. അദ്ദേഹം നമ്മുടെ ഇതിഹാസ താരം തന്നെയാണ്. മോഹൻലാൽ ആണ് പുള്ളിക്കാരന്റെ ആരാധനാപാത്രം. ആ ലാലേട്ടനു മുന്നിൽ നാടകീയമായ കെസിഎൽ ഫൈനൽ മത്സരത്തിൽ സെഞ്ചറി അടിച്ച് ടീമിനെ ചാംപ്യനാക്കുക എന്നത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. കെസിഎല്ലിന്റെ സൗന്ദര്യം കണ്ടത് ആ മത്സരത്തിലായിരുന്നു. ഇന്ത്യൻ ഡ്രസിങ് റൂമിലും ‘സച്ചിൻ ബേബി ഇപ്പോഴും കിടിലമാണല്ലേ’ എന്ന സംസാരമുണ്ടായിരുന്നു. കഴിഞ്ഞ 2 രഞ്ജി ട്രോഫി സീസണിലും അദ്ദേഹം 800ന് മുകളിൽ റൺസ് അടിച്ചു. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് വലിയ കാര്യം തന്നെയാണ്. കേരള ടീമിനെ സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോൾ ദേശീയ തലത്തിൽ എല്ലാ ടീമുകൾക്കുമുണ്ട്. എത്രയോ വർഷമായുള്ള സൗഹൃദമാണ് കേരള ടീമിലെ ഓരോ കളിക്കാരുമായുള്ളത്.

sanju-3
സഞ്ജു സാംസൺ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്, മനോരമ
English Summary:

Sanju Samson hope to play for India in test cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com