ബംഗ്ലദേശ് ക്രിക്കറ്റ് താരത്തെ ലോകകപ്പിനിടെ തല്ലി, ഇഷ്ടം പോലെ അവധി; പരിശീലകൻ പുറത്തേക്ക്
Mail This Article
ധാക്ക∙ മോശം പെരുമാറ്റത്തിന്റെ പേരിൽ ബംഗ്ലദേശ് പരിശീലകൻ ചണ്ടിക ഹതുരുസിംഗയെ പുറത്താക്കാനൊരുങ്ങി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലദേശ് കോച്ചിനെ രണ്ടു ദിവസത്തേക്കു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പിന്നാലെ കരാർ റദ്ദാക്കി പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്യും. ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെ ഒരു താരത്തെ പരിശീലകൻ തല്ലിയതായി പരാതി ഉയർന്നിരുന്നു. ആരെയാണ് കോച്ച് മർദിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല.
കരാർ പ്രകാരം അനുവദിച്ചതിൽ കൂടുതൽ അവധികൾ ബംഗ്ലദേശ് കോച്ച് എടുക്കുന്നതായും ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പിലും ട്വന്റി20 ലോകകപ്പിലും ടീം നടത്തിയ പ്രകടനത്തിലും ബംഗ്ലദേശ് ബോർഡ് തൃപ്തരല്ല. ഇതോടെയാണ് പരിശീലകനെ പുറത്താക്കുന്നതിലേക്കു കാര്യങ്ങളെത്തിയത്. പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയിൽ ചരിത്ര വിജയം നേടിയെങ്കിലും, ഇന്ത്യയ്ക്കെതിരെ ടീം ദയനീയമായി പരാജയപ്പെട്ടു.
ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ബംഗ്ലദേശ് മൂന്നു മത്സരങ്ങളും തോറ്റു. ബംഗ്ലദേശ് പരിശീലകനെതിരെ താരം നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് ക്രിക്കറ്റ് ബോർഡ് നടപടിയെടുത്തത്. 2025 ലെ ചാംപ്യൻസ് ട്രോഫി വരെയാണ് നിലവിലെ പരിശീലകന് കരാറുണ്ടായിരുന്നത്. വെസ്റ്റിൻഡീസ് മുൻ താരം ഫിൽ സിമ്മൺസ് ബംഗ്ലദേശിന്റെ ഇടക്കാല പരിശീലകനാകും.