ADVERTISEMENT

അമേലിയ കെറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ ‘കഠിനമായ ജീവിതയാത്ര’യിലൂടെ കടന്നു പോയവരുടെ ചിത്രങ്ങളാണ്. ഉയരക്കുറവുമൂലം അപകർഷ ബോധം പിടികൂടിയ എലീ ബ്ലൂംഫീൽഡ് എന്ന പെൺകുട്ടി മുതൽ നട്ടെല്ലിനേറ്റ പരുക്കിനെത്തുടർന്ന് തളർന്നു പോയ ബ്രാഡ് സ്മീൽ എന്ന യുവാവ് വരെ അക്കൂട്ടത്തിലുണ്ട്. വിഷാദത്തെക്കുറിച്ചും ഉത്കണ്ഠയെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ‘ഔട്ട് ഓഫ് ദ് റഫ്’ എന്നൊരു വെബ്സൈറ്റും അമേലിയയ്ക്കുണ്ട്. ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്നവരെ വരെ ഇങ്ങനെ ചേർത്തു പിടിക്കുന്ന അമേലിയയ്ക്ക് ഒട്ടും ‘കെയർ’ ഇല്ലാത്തത് ഒരു കൂട്ടരോടു മാത്രം; ക്രിക്കറ്റ് പിച്ചിൽ എതിരാളികളോട്!

അതു ശരിക്കും ക്രിക്കറ്റ് പ്രേമികൾ കണ്ടത് ഇത്തവണ വനിതാ ട്വന്റി20 ലോകകപ്പിലാണ്. ‘വൈറ്റ് ഫേൺസ്’ എന്നറിയപ്പെടുന്ന ന്യൂസീലൻഡ് വനിതാ ടീം ആദ്യമായി ട്വന്റി20 ക്രിക്കറ്റിലെ ലോക ജേതാക്കളായപ്പോൾ അതിനു നേതൃത്വം നൽകിയത് ഇരുപത്തിനാലുകാരി അമേലിയയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫൈനലിൽ ഓൾറൗണ്ട് പ്രകടനത്തോടെ (43 റൺസ്, 3 വിക്കറ്റ്) പ്ലെയർ ഓഫ് ദ് മാച്ച് ആയ അമേലിയ 15 വിക്കറ്റും 135 റൺസും നേടി ടൂർണമെന്റിലെ താരവുമായി.

ജനപ്രീതിയിലും സാമ്പത്തിക സാധ്യതയിലും വനിതാ ക്രിക്കറ്റ് പുതിയ യുഗത്തിലേക്കു കടക്കുമ്പോൾ അതിന്റെ മുഖമായി മാറുകയാണ് ‘മെലീ’ എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന അമേലിയ.

∙ ക്രിക്കറ്റ് ഫാമിലി

ബാറ്റു കൊണ്ടും ബോളു കൊണ്ടും എതിരാളികളെ നിഷ്പ്രഭരാക്കാൻ അമേലിയയ്ക്കു കരുത്തു കിട്ടിയത് കുടുംബത്തിൽ നിന്നു തന്നെയാണ്. അച്ഛൻ റോബി കെറും അമ്മ ജോയും ന്യൂസീലൻഡ് ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായിരുന്നു. മുത്തച്ഛൻ ബ്രൂസ് മുറെ രാജ്യത്തിനു വേണ്ടി തന്നെ കളിച്ചയാളും. അമേലിയയുടെ സഹോദരി ജെസും ന്യൂസീലൻഡിനു വേണ്ടി കളിച്ചിട്ടുണ്ട്.

2016 മുതൽ ന്യൂസീലൻഡിനു വേണ്ടി കളിച്ചു തുടങ്ങിയ അമേലിയയെ ക്രിക്കറ്റ് ലോകം ‘ശരിക്കറിഞ്ഞത്’ 2 വർഷത്തിനു ശേഷം അയർലൻഡിനെതിരായ മത്സരത്തിലാണ്. വനിതാ–പുരുഷ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് പതിനേഴുകാരിയായ അമേലിയ കുറിച്ചത്. 232 റൺസുമായി പുറത്താകാതെ നിന്ന അമേലിയ അതേ മത്സരത്തിൽ തന്നെ 17 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റും വീഴ്ത്തി!

∙ അമേലിയ ‘നോ കെയർ’

2021ൽ വിഷാദരോഗത്തിന്റെ പിടിയിലായെങ്കിലും സഹതാരങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണയോടെ അമേലിയ പറന്നുയർന്നു; ഒരു ഫീനിക്സ് പക്ഷിയെപ്പോലെ. തുടർന്നാണ് വിഷാദരോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ‘ഔട്ട് ഓഫ് ദ് റഫ്’ എന്ന വെബ്സൈറ്റ് ആരംഭിച്ചത്. ഫൊട്ടോഗ്രഫിയും ഗിറ്റാർ വായനയുമെല്ലാം ഇഷ്ടപ്പെടുന്ന അമേലിയ കെർ ബാറ്റും പന്തും കയ്യിലെടുക്കുമ്പോൾ മറ്റൊരാളാണ്– അമേലിയ ‘നോ കെയർ’!

∙ ന്യൂസീലൻഡിന് 19.6 കോടി രൂപ

ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ന്യൂസീലൻഡിന് സമ്മാനത്തുകയായി 23.4 ലക്ഷം യുഎസ് ‍‍ഡോളർ (ഏകദേശം 19.6 കോടി രൂപ). പുരുഷ ലോകകപ്പ് ജേതാക്കൾക്കു തുല്യമായ സമ്മാനത്തുക വനിതകൾക്കും നൽകുമെന്നു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസിനായിരുന്നു ന്യൂസീലൻഡിന്റെ ജയം. സ്കോർ: ന്യൂസീലൻഡ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ‍ 158 റൺസ്. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 9ന് 126.

English Summary:

Women's world cup final Player of the match Amelia Kerr

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com