ഒരു കളിയിൽ സെഞ്ചറിയും ഡബിൾ സെഞ്ചറിയും; റെക്കോർഡിട്ട് ബോളിവുഡ് സംവിധായകന്റെ മകൻ
Mail This Article
അഹമ്മദാബാദ്∙ രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചറി നേടി ബോളിവുഡ് സംവിധായകൻ വിധു വിനോദ് ചോപ്രയുടെ മകൻ അഗ്നിദേവ് ചോപ്ര. രഞ്ജിയിൽ മിസോറമിനു വേണ്ടിയാണു യുവതാരം കളിക്കുന്നത്. 2024–25 സീസണിൽ വെറും നാല് ഇന്നിങ്സുകളിൽ താരം അടിച്ചെടുത്തത് 348 റൺസാണ്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ ഡബിൾ സെഞ്ചറിയും താരം സ്കോർ ചെയ്തു. ആദ്യ ഇന്നിങ്സിൽ 110 റൺസെടുത്തു പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ 238 റൺസെടുത്തു പുറത്താകാതെനിന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ഒരു മത്സരത്തിൽ സെഞ്ചറിയും ഡബിൾ സെഞ്ചറിയും നേടുന്ന ആദ്യ താരമാണ് അഗ്നിദേവ് ചോപ്ര. ഗുജറാത്തിൽ നടന്ന പോരാട്ടത്തിൽ 267 റൺസിന്റെ വമ്പൻ വിജയമാണ് മിസോറം നേടിയത്. ആദ്യ ഇന്നിങ്സിൽ 247 റൺസെടുത്ത മിസോറം രണ്ടാം ഇന്നിങ്സിൽ രണ്ടിന് 404 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
സിക്കിമിനെതിരായ ആദ്യ മത്സരത്തില്‍ അഗ്നിദേവ് അർധ സെഞ്ചറി നേടിയിരുന്നു. അഗ്നിദേവിന്റെ പിതാവ് വിധു വിനോദ് ചോപ്ര അടുത്തിടെ സൂപ്പർ ഹിറ്റായ 12ത് ഫെയിൽ എന്ന സിനിമയുടെ സംവിധായകനാണ്. 1942 എ ലവ് സ്റ്റോറി, മിഷൻ കശ്മീർ എന്നീ ചിത്രങ്ങളും വിധു വിനോദ് ചോപ്രയുടേതാണ്. മുന്നാ ഭായ്, പികെ, സഞ്ജു, ത്രീ ഇഡിയറ്റ്സ് സിനിമകളുടെ നിർമാതാവു കൂടിയാണു വിധു വിനോദ് ചോപ്ര.