ADVERTISEMENT

മുംബൈ∙ ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ പുതിയ ക്യാപ്റ്റൻ വരുമെന്ന അഭ്യൂഹങ്ങൾക്കിടെ ചർച്ചയായി ഋഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘‘ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണു നല്ലത്, ആളുകൾക്ക് ദൈവം കാണിച്ചുകൊടുക്കട്ടെ.’’– എന്നാണ് ഋഷഭ് പന്ത് ഇൻസ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്. ഡൽഹി ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുന്നതില്‍ ഋഷഭ് പന്ത് അസ്വസ്ഥനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഋഷഭ് പന്തിനെ ഡൽഹിയിൽ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയ ശേഷം, ക്യാപ്റ്റൻ സ്ഥാനം മറ്റൊരു താരത്തെ ഏൽ‌പിക്കാൻ ഡൽഹി ക്യാപിറ്റൽസ് ആലോചിക്കുന്നുണ്ട്. ഓൾറൗണ്ടർ അക്ഷർ പട്ടേലിനെയാണ് ഭാവി ക്യാപ്റ്റനായി ഡല്‍ഹി കാണുന്നത്. അടുത്ത സീസണിലും ‍ഡൽഹിയിൽ തുടർന്നാൽ പന്തിന് പ്രതിഫലമായി 18 കോടി രൂപ ലഭിച്ചേക്കും. എന്നാൽ പന്ത് ഡൽഹിക്കൊപ്പം നിൽക്കുമോയെന്നു വ്യക്തമല്ല.

റിക്കി പോണ്ടിങ് മുഖ്യപരിശീലകന്റെ സ്ഥാനം ഒഴിഞ്ഞതോടെ വലിയ മാറ്റങ്ങൾക്കാണു ഡൽഹി ആലോചിക്കുന്നത്. പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്. ഹേംനാഗ് ബദാനിയാണ് ഡൽഹിയുടെ പുതിയ ഹെഡ് കോച്ച്. 2021 ൽ ശ്രേയസ് അയ്യരുടെ പകരക്കാരനായാണ് ഋഷഭ് പന്ത് ഡൽഹി ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 2021 ന് ശേഷം ഡൽഹിക്ക് പ്ലേ ഓഫ് കളിക്കാനും സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് പുതിയ ക്യാപ്റ്റനു കീഴിൽ ഇറങ്ങാൻ ഡൽഹി ആലോചിക്കുന്നത്. ലേലത്തിൽ പോയാൽ തനിക്ക് എത്ര രൂപ കിട്ടുമെന്ന് ഋഷഭ് പന്ത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ചോദിച്ചിരുന്നു. താരത്തെ നിലനിർത്താൻ ധാരണയായിരിക്കെ, പന്തിന്റെ ഇങ്ങനെയുള്ള പ്രതികരണം അനാവശ്യമായിരുന്നെന്നാണ് ഡൽഹി മാനേജ്മെന്റിന്റെ നിലപാട്.

English Summary:

Rishabh Pant Shares Cryptic Post Amid Reports Of Delhi Capitals Looking For New Captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com