ജിം ബോഡിയൊന്നും ഇല്ലെങ്കിലും അദ്ദേഹം മണിക്കൂറുകളോളം ബാറ്റു ചെയ്യും: ഇന്ത്യൻ താരത്തെ പുകഴ്ത്തി കൈഫ്
Mail This Article
മുംബൈ∙ ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സർഫറാസ് ഖാനെപ്പോലൊരു താരത്തെ ഫിറ്റ്നസിന്റെ പേരുപറഞ്ഞ് ഒരിക്കലും മാറ്റിനിർത്താൻ സാധിക്കില്ലെന്നാണു കൈഫിന്റെ നിലപാട്. ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സർഫറാസ് സെഞ്ചറി നേടിയതിനു പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.
ശരീര ഭാരത്തിന്റെ പേരിൽ പലവട്ടം സർഫറാസിനെ ദേശീയ ടീമിലേക്കു പരിഗണിക്കാതിരുന്നപ്പോഴും രൂക്ഷവിമർശനവുമായി കൈഫ് രംഗത്തെത്തിയിരുന്നു.‘‘ഫിറ്റ്നസിന്റെ പേരു പറഞ്ഞ് സർഫറാസിനെ ഒരിക്കലും പുറത്തിരുത്താൻ സാധിക്കില്ല. അദ്ദേഹത്തിന് ജിം ബോഡിയൊന്നും ഇല്ലായിരിക്കാം, പക്ഷേ മണിക്കൂറുകളോളം ബാറ്റു ചെയ്യാൻ സാധിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്നതാണു ക്രിക്കറ്റ്.’’– കൈഫ് വ്യക്തമാക്കി.
അതേസമയം സർഫറാസ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഫിറ്റ്നസ്‍ മെച്ചപ്പെടുത്തുകയാണെന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് പ്രതികരിച്ചു. ഋഷഭ് പന്തിന്റെ ശുപാർശ പ്രകാരമെത്തിയ ഒരു ഷെഫാണ് ശരീര ഭാരം കുറയ്ക്കാൻ സർഫറാസിനെ സഹായിക്കുന്നത്.
ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ സർഫറാസ്, രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയുമായി മത്സരത്തിൽ തിരിച്ചെത്തിയിരുന്നു. 195 പന്തുകൾ നേരിട്ട സർഫറാസ് 150 റൺസാണു മത്സരത്തിൽ സ്വന്തമാക്കിയത്. ടിം സൗത്തിയുടെ പന്തിൽ അജാസ് പട്ടേൽ ക്യാച്ചെടുത്താണ് സർഫറാസിനെ പുറത്താക്കുന്നത്. രണ്ടാം മത്സരത്തിലും മുംബൈ താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.