ADVERTISEMENT

ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച് പാർഥിവ് പട്ടേൽ. സ്പിന്നർ ആർ. അശ്വിനെ രോഹിത് ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നാണ് പാർഥിവ് പട്ടേലിന്റെ കണ്ടെത്തൽ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 8 വിക്കറ്റ് വിജയമാണ് ന്യൂസീലൻഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ചാം ദിവസം 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കിവീസിന്റെ രണ്ടു വിക്കറ്റ് വീഴ്ത്താൻ മാത്രമാണ് ഇന്ത്യയ്ക്കു സാധിച്ചത്.

പേസര്‍ ജസ്പ്രീത് ബുമ്രയാണു ന്യൂസീലൻഡിനെതിരെ രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്. അതേസമയം അവസാന ഇന്നിങ്സിൽ സ്പിന്നർ ആർ. അശ്വിന് രണ്ടോവർ മാത്രമാണു ലഭിച്ചത്. അഞ്ചാം ദിനം അശ്വിനെ ഉപയോഗിക്കാൻ രോഹിത് ശർമ വൈകിപ്പോയെന്ന് പാർഥിവ് പട്ടേൽ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ന്യൂസീലൻഡിനെതിരെ അവസാന ദിനം രണ്ടോവറുകൾ പന്തെറിഞ്ഞ അശ്വിൻ ആറു റൺസ് മാത്രമാണു വഴങ്ങിയത്.

‘‘ഏറ്റവും പ്രധാനപ്പെട്ട ബോളറെ പരമാവധി ഉപയോഗിക്കുകയാണു ചെയ്യേണ്ടത്. രോഹിത് ശർമയുടെ ഈ നീക്കം എന്നെ അദ്ഭുതപ്പെടുത്തി. നാലാം ഇന്നിങ്സിൽ പന്തെറിയുമ്പോൾ വളരെയേറെ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന സ്പിന്നറാണ് അശ്വിൻ. അശ്വിൻ രണ്ടോവറുകൾ പന്തെറിഞ്ഞപ്പോൾ തന്നെ, രണ്ടോ മൂന്നോ വട്ടം ബാറ്റർ പ്രതിരോധത്തിലായിരുന്നു.’’

‘‘അശ്വിനെ എന്തുകൊണ്ട് പന്തെറിയിച്ചില്ലെന്ന് രോഹിത് ശർമ കൃത്യമായി പറയുമെന്നു ഞാൻ‌ പ്രതീക്ഷിക്കുന്നു.’’– മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പ്രതികരിച്ചു. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം തോറ്റെങ്കിലും ഇനിയുള്ള കളികൾ ജയിച്ച് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. യുവ ബാറ്റർ ശുഭ്മൻ ഗിൽ അടുത്ത മത്സരം കളിക്കുമെന്നാണു പ്രതീക്ഷ. അതേസമയം പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കുമോയെന്നു വ്യക്തമല്ല. ആദ്യ ടെസ്റ്റിൽ 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയറൺസ് കുറിക്കുകയായിരുന്നു.

English Summary:

Parthiv Patel questioned Rohit Sharma's move to delay R Ashwin's introduction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com