ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇന്ത്യയെ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാനായി പുതിയ നിർദേശം മുന്നോട്ടുവച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടെ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രം രാജ്യത്തെത്തിയാൽ മതിയെന്നും, കളി കഴിഞ്ഞാൽ ഉടൻ നാട്ടിലേക്കു തിരിച്ചുപോകാമെന്നുമാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ അറിയിച്ചത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ പാക്കിസ്ഥാനിലേക്ക് ചാംപ്യൻസ് ട്രോഫി കളിക്കാൻ പോകില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചതോടെയാണു ‘പുതിയ വഴിയുമായി’ പിസിബി എത്തിയത്. എന്നാൽ ഇതും ബിസിസിഐ അംഗീകരിക്കാൻ സാധ്യതയില്ല.

ടൂർണമെന്റ് കഴിയുന്നതു വരെ ഇന്ത്യൻ നഗരങ്ങളായ ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ ടീമിനു വേണ്ടി മാത്രം ഒരു ചാർട്ടേഡ് വിമാനം അനുവദിക്കാമെന്നാണ് പാക്ക് ബോർഡിന്റെ നിലപാട്. എവിടേക്കു പോകണമെന്ന് ബിസിസിഐയ്ക്കു തീരുമാനിക്കാമെന്നും പാക്കിസ്ഥാൻ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഇന്ത്യൻ ടീമിനു പാക്കിസ്ഥാനിലേക്കു പോകാൻ സാധിക്കുക. ഇന്ത്യയൊഴികെയുള്ള എല്ലാ ടീമുകളും പാക്കിസ്ഥാനിൽ കളിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. ഇന്ത്യയുടെ കളികൾ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നാണ് ബിസിസിഐ ഇപ്പോഴും ആവശ്യപ്പെടുന്നത്. ഇതു സാധിക്കില്ലെന്ന നിലപാടിൽ പാക്കിസ്ഥാൻ ബോർഡും തുടരുന്നു.

അടുത്ത വർഷം ഫെബ്രുവരിയിലാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശ്, പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾ‌ക്കെതിരെ ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. 2008ലാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് അവസാനമായി കളിക്കാൻ പോകുന്നത്. അതിനു ശേഷം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് ഏഷ്യാകപ്പിൽ ഇന്ത്യയുടെ കളികൾ മാത്രം ശ്രീലങ്കയിലാണു നടത്തിയത്.

English Summary:

Play in Pakistan and return home the same day, PCB's proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com