ADVERTISEMENT

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നവംബർ ഒന്നിന് തുടങ്ങാനിരിക്കെ, പരിശീലനം ഊർജിതമാക്കി ടീം മാനേജ്മെന്റ്. ആദ്യത്തെ രണ്ടു ടെസ്റ്റുകളും തോറ്റ് ടീം പരമ്പര അടിയറവു വച്ച സാഹചര്യത്തിൽ, മൂന്നാം ടെസ്റ്റിൽ ഏതു വിധേനയും ജയിക്കാനാണ് ശ്രമം. മുംബൈയിൽ നടക്കുന്ന പരിശീലനത്തിൽ ടീമിനെ സഹായിക്കാനായി 35 നെറ്റ് ബോളർമാരെയാണ് ടീം മാനേജ്മെന്റ് എത്തിച്ചിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും വ്യത്യസ്ത ശൈലികളിൽ ബോൾ െചയ്യുന്ന സ്പിന്നർമാരാണെന്നും ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീം ഇന്ന് പരിശീലനം പുനരാരംഭിച്ചിരുന്നു. ഈ പരിശീലന സെഷനുകളിൽനിന്ന് ആരും വിട്ടുനിൽക്കരുതെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ടീമംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിലും ഒരുക്കുന്നത് സ്പിന്നിന് അനുകൂലമായി പിച്ചായതിനാൽ, ബാറ്റർമാരുടെ ‘സ്പിൻ പേടി’ മാറ്റാനുദ്ദേശിച്ചാണ് പരിശീലനം. ഇതിനായാണ് 35 നെറ്റ് ബോളർമാരെ എത്തിച്ചിരിക്കുന്നത്.

പരമ്പരയിൽ സമ്പൂർണ പരാജയം ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. ഇതിന്റെ ഭാഗമായാണ് ആരും രണ്ടു ദിവസത്തെ പരിശീലനം ഒഴിവാക്കരുതെന്നുപോലും പതിവില്ലാതെ കർശന നിർദ്ദേശം നൽകിയത്. സ്പിന്നർമാരെ സഹായിക്കുന്ന ‘റാങ്ക് ടേണർ’ വിക്കറ്റ് ഒരുക്കാൻ ബിസിസിഐ ക്യുറേറ്റർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.

പുണെയിലെ രണ്ടാം ടെസ്റ്റിൽ കിവീസ് സ്പിന്നർ മിച്ചൽ സാന്റ്നർ ഇന്ത്യൻ താരങ്ങൾക്ക് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് കൂടുതൽ സ്പിന്നർമാരെ നെറ്റ്സിൽ എത്തിച്ചുള്ള പ്രത്യേക പരിശീലനം. കൂടുതൽ ബോളർമാരെ നെറ്റ്സിൽ എറിയുന്നതിനായി എത്തിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ട ഇന്ത്യൻ ടീം മാനേജ്മെന്റ്, അതിൽത്തന്നെ കൂടുതൽ പേർ സ്പിന്നർമാർ വേണമെന്നും നിർദ്ദേശിച്ചു.

രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വാങ്കഡെ സ്റ്റേഡിയത്തിലുള്ള മികച്ച റെക്കോർഡ് കൂടി പരിഗണിച്ചാണ് ‘റാങ്ക് ടേണർ’ പിച്ചൊരുക്കാൻ ടീം മാനേജ്മെന്റ് നിർദ്ദേശം നൽകിയത്. ഇവിടെ കളിച്ച അഞ്ച് ടെസ്റ്റുകളിൽനിന്ന് 18.42 ശരാശരിയിൽ 38 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ഒരേയൊരു ടെസ്റ്റ് മാത്രം വാങ്കഡെയിൽ കളിച്ച ജഡേജയ്ക്കും ആറു വിക്കറ്റ് ലഭിച്ചിട്ടുണ്ട്.

English Summary:

India call-up 35 net bowlers to tackle spin threat ahead of 3rd test against New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com