ADVERTISEMENT

റിയാദ്∙ 96–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തേക്കേടിച്ച് പാഴാക്കിയതോടെ, കിങ്സ് കപ്പിൽ അൽ നസ്ർ ദയനീയ പരാജയത്തോടെ പുറത്തേക്ക്. അൽ താവൂനെതിരായ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റാണ് അൽ നസ്ർ പുറത്തായത്. മത്സരത്തിന്റെ ഇൻജറി ടൈമിൽ ‍ലഭിച്ച നിർണായക പെനൽറ്റി റൊണാൾഡോ പുറത്തേക്കടിച്ചതോടെയാണ് ടീം തോൽവി വഴങ്ങി പുറത്തായത്. അൽ നസ്റിനൊപ്പം ആദ്യമായി കിങ്സ് കപ്പ് നേടാനുള്ള റൊണാൾഡോയുടെ സ്വപ്നവും ഇതോടെ നീളും.

പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സൂപ്പർതാരത്തിനു സാധിച്ചിരുന്നെങ്കിൽ മത്സരം അധിക സമയത്തേക്ക് നീട്ടിയെടുക്കാൻ അൽ നസ്റിനു കഴിയുമായിരുന്നു. എന്നാൽ പെനൽറ്റി പാഴാക്കിയതോടെ അൽ നസ്ർ ദയനീയ തോൽവിയോടെ പുറത്തായി. പെനൽറ്റി പാഴാക്കിയ റൊണാൾഡോ അവിശ്വസനീയതയോടെ തലയിൽ കൈവച്ചുകൊണ്ടാണ് പുറത്തേക്കു നടന്നത്.

71–ാം മിനിറ്റിൽ കോർണറിൽനിന്ന് പ്രതിരോധനിരയിലെ വലീദ് അൽ അഹമ്മദ് നേടിയ ഗോളിലാണ് അൽ താവൂൻ റൊണാൾഡോയെയും സംഘത്തെയും വീഴ്ത്തിയത്. തൊട്ടുപിന്നാലെ ലീഡ് വർധിപ്പിക്കാൻ അൽ താവൂന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ഒടുവിൽ മത്സരത്തിന്റെ ഇൻജറി ടൈമിൽ അൽ നസ്റിന്റെ മുഹമ്മദ് മറാനെ അൽ താവൂൻ താരം അൽ‌ അഹമ്മദ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതോടെയാണ് അൽ നസ്റിന് സമനില ഗോൾ നേടാൻ സുവർണാവസരം ലഭിച്ചത്. എന്നാൽ ഷോട്ടെടുത്ത റൊണാൾഡോ പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറത്തുകയായിരുന്നു. ഗാലറിയിൽ റൊണാൾഡോയുടെ ഗോൾ പകർത്താൻ ക്യാമറയും ഉയർത്തിപ്പിടിച്ചു നിന്ന ആരാധകന്റെ ദേഹത്താണ് പന്ത് പതിച്ചത്. ഇതോടെ നിലതെറ്റിയ ആരാധകന്റെ കയ്യിൽനിന്ന് ഫോൺ തെറിച്ചുപോകുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

English Summary:

Cristiano Ronaldo Shoots Awful Penalty, Breaks Fan's Phone, Team Eliminated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com