ദക്ഷിണാഫ്രിക്കയെ 141 റൺസിൽ എറിഞ്ഞിട്ട് ഇന്ത്യ, വരുൺ ചക്രവർത്തിക്ക് 3 വിക്കറ്റ്; ഇന്ത്യയ്ക്ക് 61 റൺസ് ജയം, പരമ്പരയിൽ മുന്നിൽ
Mail This Article
ഡർബൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 61 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസെടുത്തു പുറത്തായി. സെഞ്ചറി നേടിയ സഞ്ജു സാംസണാണു കളിയിലെ താരം. ജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. മറുപടിയിൽ 22 പന്തിൽ 25 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ജെറാൾഡ് കോട്സീ (11 പന്തിൽ 23) റയാൻ റിക്കിൾട്ടൻ (11 പന്തിൽ 21), ഡേവിഡ് മില്ലർ (22 പന്തിൽ 18) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ.
അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ നഷ്ടമായിരുന്നു. മധ്യനിരയിൽ ചെറുത്തുനിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതോടെ സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യ കളി തിരിച്ചു. വരുൺ ചക്രവർത്തി എറിഞ്ഞ 12–ാം ഓവറിൽ ക്ലാസന്റെയും മില്ലറുടെയും വിക്കറ്റുകൾ വീണതു മത്സരത്തിൽ നിർണായകമായി. രവി ബിഷ്ണോയി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക മധ്യനിരയും വാലറ്റവും കളി കൈവിട്ടു.
114 ന് എട്ട് എന്ന നിലയിലേക്കു വീണ ദക്ഷിണാഫ്രിക്കയ്ക്ക് വാലറ്റത്ത് ജെറാൾഡ് കോട്സീ നടത്തിയ പ്രകടനമാണ് കുറച്ചെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന 23 പന്തിൽ 72 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്നു സിക്സുകളടിച്ച ജെറാൾഡ് കോട്സീയെ 17–ാം ഓവറിൽ സൂര്യകുമാർ യാദവ് റൺഔട്ടാക്കി. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ടു വിക്കറ്റുകളും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.
സഞ്ജുവിന് സെഞ്ചറി, 50 പന്തിൽ 107
ട്വന്റി20യിലെ തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസൺ മുന്നിൽനിന്നു നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 203 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ പടുത്തുയർത്തിയത്. 50 പന്തുകൾ നേരിട്ട സഞ്ജു 107 റൺസെടുത്തു പുറത്തായി. 47 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ രണ്ടാം സെഞ്ചറിയിലെത്തിയത്. പത്തു സിക്സുകളും ഏഴു ഫോറുകളുമാണു സഞ്ജു അടിച്ചുകൂട്ടിയത്. ബംഗ്ലദേശിനെതിരായ അവസാന ട്വന്റി20യിൽ മലയാളി താരം 47 പന്തിൽ 111 റൺസെടുത്തിരുന്നു. രണ്ടു ട്വന്റി20 മത്സരങ്ങളിൽ തുടർച്ചയായി സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമാണു സഞ്ജു സാംസൺ.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറി കൂടിയാണ് ഇത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസിലെത്തിയത്. ഏഴു റൺസ് മാത്രമെടുത്ത അഭിഷേക് ശർമയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് ടീം ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (17 പന്തിൽ 21), തിലക് വർമ (18 പന്തിൽ 33) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
സ്കോർ 90 ൽ നിൽക്കെ പാട്രിക് ക്രൂഗറിന്റെ പന്തിൽ ആൻഡിലെ സിമെലെൻ ക്യാച്ചെടുത്താണു സൂര്യ പുറത്താകുന്നത്. പിന്നാലെയെത്തിയ തിലക് വർമയും അടിച്ചുതകർത്തു. രണ്ടു സിക്സറുകളും മൂന്നു ഫോറുകളുമാണ് തിലക് ബൗണ്ടറി കടത്തിയത്. കേശവ് മഹാരാജിന്റെ പന്തിൽ മാർക്കോ ജാൻസൻ ക്യാച്ചെടുത്തു തിലക് വർമയെ പുറത്താക്കി. എൻകാബയോംസി പീറ്ററിന്റെ 16–ാം ഓവറിലെ നാലാം പന്തിൽ സിക്സറിനു ശ്രമിച്ചാണു സഞ്ജു പുറത്തായത്. ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ട്രിസ്റ്റന്‍ സ്റ്റബ്സ് ക്യാച്ചെടുക്കുകയായിരുന്നു. റിങ്കു സിങ് (ഒൻപതു പന്തിൽ 11) അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ രണ്ട്), അർഷ്ദീപ് സിങ് (നാലു പന്തിൽ അഞ്ച്), രവി ബിഷ്ണോയി (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ഏഴു ദക്ഷിണാഫ്രിക്കൻ താരങ്ങൾ പന്തെറിഞ്ഞപ്പോൾ ജെറാൾഡ് കോട്സീ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.