കൊൽക്കത്തയ്ക്കും ബിസിസിഐയ്ക്കും മുന്നിൽ രഞ്ജിയിൽ ‘ബൗണ്ടറി മഴ’ പെയ്യിച്ച് ശ്രേയസ്; റൺസിന്റെ ‘അയ്യരുകളി’, ഇരട്ടസെഞ്ചറി!
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്താതെ ‘ചതിച്ച’ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരേ സമയം ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി രണ്ട് ഇന്ത്യൻ ടീമുകൾ പര്യടനം നടത്തുന്നുണ്ടെങ്കിലും, ഇരു ടീമിലും ഉൾപ്പെടുത്താതെ തഴഞ്ഞ ബിസിസിഐ. തന്നെ അവഗണിച്ച ഇരുകൂട്ടർക്കുമുള്ള മറുപടി ശ്രേയസ് അയ്യർ ഒരുമിച്ചു നൽകി. അതും രാജകീയമായിത്തന്നെ. രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ തകർപ്പൻ ഇരട്ടസെഞ്ചറിയുമായാണ് അയ്യരുടെ തിരിച്ചുവരവ്. മത്സരത്തിൽ 233 റൺസെടുത്ത് അയ്യർ പുറത്തായി.
അയ്യരുടെ ഇരട്ടസെഞ്ചറിയുടെയും സിദ്ധേഷ് ലാഡിന്റെ അപരാജിത സെഞ്ചറിയുടെയും മികവിൽ മുംബൈ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 602 റൺസെടുത്ത് ഡിക്ലയർ ചെയ്തു. 123.5 ഓവറിലാണ് മുംബൈ 602 റൺസെടുത്തത്. സിദ്ധേഷ് ലാഡ് 337 പന്തിൽ 17 ഫോറുകൾസഹിതം 169 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സൂര്യാൻഷ് ഷെഡ്ഗെ ട്വന്റി20 ശൈലിയിൽ തകർത്തടിച്ച് 36 പന്തിൽ 79 റൺസോടെയും പുറത്താകാതെ നിന്നു. ഏഴു ഫോറും ആറു സിക്സും ഉൾപ്പെടുന്നതാണ് ഷെഡ്ഗെയുടെ ഇന്നിങ്സ്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ സിദ്ധേഷ് – ഷെഡ്ഗെ സഖ്യം 61 പന്തിൽ 94 റൺസ് കൂട്ടിച്ചേർത്തു.
ഒഡീഷയ്‌ക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ അയ്യർ, 228 പന്തിലാണ് 233 റൺസെടുത്തത്. 24 ഫോറുകളും ഒൻപതു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്. ക്യാപ്റ്റൻ അജിയൻക്യ രഹാനെ ഗോൾഡൻ ഡക്കായതിന്റെ സമ്മർദ്ദത്തിനിടെയാണ് ക്രീസിലെത്തിയെങ്കിലും, ഏകദിന ശൈലിയിൽ തകർത്തടിച്ചാണ് അയ്യർ തിരിച്ചടിച്ചത്. 101 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ അയ്യർ, 201 പന്തിൽ 22 ഫോറും എട്ടു സിക്സും സഹിതമാണ് ഇരട്ടസെഞ്ചറിയിലെത്തിയത്. നാലാം വിക്കറ്റിൽ സിദ്ധേഷ് ലാഡിനൊപ്പം ട്രിപ്പിൾ സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും അയ്യർക്കായി. 440 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 354 റൺസ്!
രഞ്ജി ട്രോഫിയിൽ ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അയ്യർ ഇരട്ടസെഞ്ചറിയിലെത്തുന്നത്. ഇതിനു മുൻപത്തെ ഇരട്ടസെഞ്ചറി 2015ലായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അയ്യർ ഇരട്ടസെഞ്ചറി നേടുന്നതും 2017–18 സീസണിനു ശേഷം ആദ്യം. ഇതിനു മുൻപ് 2017–18 സീസണിൽ ഓസീസിനെതിരെ മുംബൈയിലാണ് താരം ഇരട്ടസെഞ്ചറി നേടിയത്. മൂന്നു വർഷവും 38 ഇന്നിങ്സും നീണ്ട കാത്തിരിപ്പിനു ശേഷമാണ് അയ്യർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറി കടക്കുന്നതും. ഇതിനു മുൻപത്തെ സെഞ്ചറി 2021 നവംബറിൽ കാൻപുരിൽ ന്യൂസീലൻഡിനെതിരായ അരങ്ങേറ്റ ടെസ്റ്റിലായിരുന്നു.
ഇതുവരെ 331 പന്തുകൾ നേരിട്ട ലാഡ്, 17 ഫോറുകൾ സഹിതമാണ് 165 റൺസെടുത്തത്. 19 പന്തുകൾ നേരിട്ട സൂര്യാൻഷ് ഷെഡ്ഗെ 19 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 37 റൺസുമെടുത്തു. ഓപ്പണർ ആൻക്രിഷ് രഘുവംശി (124 പന്തിൽ 13 ഫോറും മൂന്നു സിക്സും സഹിതം 92), ആയുഷ് മാത്രെ (17 പന്തിൽ നാലു ഫോറും സഹിതം 18) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. രണ്ടാം വിക്കറ്റിൽ രഘുവംശി – ലാഡ് സഖ്യം 211 പന്തിൽ 135 റൺസ് കൂട്ടിച്ചേർത്താണ് ടീമിനെ മുംബൈയെ ട്രാക്കിലാക്കിയത്.
ഒഡീഷയ്ക്കായി ബിപ്ലബ് സാമന്തറായ് 10 ഓവറിൽ 57 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാത്തോഡ്, സൂര്യകാന്ത് പ്രധാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.