ADVERTISEMENT

കോല‍ഞ്ചേരി (എറണാകുളം) ∙ സംസ്ഥാന സ്കൂൾ കായിക മേളയിലെ വുഷു മത്സരങ്ങൾക്കിടെ 68 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരുടെ എണ്ണം കൂടിയതോടെ മത്സരം രണ്ടര മണിക്കൂറോളം തടസ്സപ്പെട്ടു. പരുക്കേറ്റവരിൽ 10 പേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാസർകോട് സ്വദേശികളായ ആൽബർട്ട് ബിജു (14), കിരൺ എസ്. കുമാർ (16), കണ്ണൂർ സ്വദേശികളായ കെ.ദൃശ്യ (14), പി.ജുമദ് (14), കൃഷ്ണപ്രിയ (16), എം.ആദിനാഥ് (12), എം. തീർഥ (17), ഇടുക്കി സ്വദേശി ആൻമി സാറാ ബിജു(13) എന്നിവരെയാണു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടുക്കി സ്വദേശി ജോയൽ, തൃശൂർ സ്വദേശി മീനാക്ഷി എന്നിവർക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.

വൈകിട്ടു മൂന്നോടെയാണു മത്സരങ്ങൾ നിർത്തിവച്ചത്. ആശുപത്രി ചെലവുകൾ സംബന്ധിച്ച പ്രശ്നം പരിഹരിച്ച് വൈകിട്ട് 5.30ന് മത്സരങ്ങൾ പുനരാരംഭിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വിഎച്ച്എസിലാണ് വുഷു മത്സരം നടന്നത്. വിവിധ വിഭാഗങ്ങളിലായി 192 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് 68 പേർക്കു പരുക്കേറ്റത്. തലയ്ക്കും വയറ്റിലും കാലിലും കയ്യിലും മൂക്കിലും ഉൾപ്പെടെ പലഭാഗത്തും പരുക്കുണ്ട്. ചവിട്ടും തൊഴിയും രൂക്ഷമായതോടെ പലരും മത്സര വേദി വിട്ടു. 

∙ ചികിത്സച്ചെലവ് സർക്കാർ വഹിക്കും

‘കുട്ടികൾക്കു പരുക്കേറ്റതായി വിവരം ലഭിച്ചപ്പോൾ തന്നെ മത്സരം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ചിരുന്നു. പരുക്കേറ്റ കുട്ടികളുടെയെല്ലാം ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി മേധാവിയെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ഈ രീതിയിൽ ഈ മത്സരം നടത്തണോ എന്നത് പുനരാലോചിക്കേണ്ടി വരും. വുഷു അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും. കുട്ടികളുടെ സുരക്ഷയാണ് മുഖ്യം.-മന്ത്രി വി.ശിവൻകുട്ടി

∙ എന്താണ് വുഷു?

ലോകമെങ്ങും പ്രചാരത്തിലുള്ള ചൈനീസ് ആയോധനകലയാണ് വുഷു. വുഷുവിനു തൗലു, സാൻഡ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. പ്രകടനകലയാണു തൗലു. പോരാട്ടകലയാണു സാൻഡ. ബോക്സിങ്, കിക്ക് ബോക്സിങ്, ഗുസ്തി എന്നിവയെല്ലാം ചേർന്നൊരു രൂപമാണിത്. എതിരാളിയെ ഇടിച്ചു വീഴ്ത്തി ‘നോക്ക്ഡൗൺ’ ചെയ്താണു വിജയം. അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ സ്കോർ ചെയ്തും വിജയിക്കാം. 

∙ എന്തുകൊണ്ട് പരുക്ക്?

വുഷുവിലെ പോരാട്ടകലയായ സാൻഡയിൽ പഞ്ചുകളും കിക്കുകളും ഉൾപ്പെടുന്നതു കൊണ്ട് പരുക്കേൽക്കാൻ സാധ്യത ഏറെയാണ്. ഇന്നലെ സാൻഡ  മത്സരത്തിനിടെയാണ് ഏറെപ്പേർക്കും പരുക്കേറ്റത്. ശരിയായ തന്ത്രങ്ങളും പ്രതിരോധ മുറകളും പരിശീലിച്ചതിനു ശേഷം മാത്രമേ വുഷു മത്സരത്തിൽ പങ്കെടുക്കാവൂ എന്ന് വിദഗ്ധർ പറയുന്നു.  

jyotish-kumar

കുട്ടികൾ കൃത്യമായ പരിശീലനമില്ലാതെ മത്സരത്തിൽ പങ്കെടുത്തതാണ് പരുക്കു കൂടാൻ ഇടയാക്കിയത്. സർട്ടിഫിക്കറ്റിനു വേണ്ടി മാത്രം എത്തിയവരുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഇത്തവണ മത്സരത്തിനെത്തി. കുട്ടികൾ വീണപ്പോൾ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ടായ ആശങ്കയിലാണ് കുറച്ചു നേരത്തേക്കു മത്സരം നിർത്തിവച്ചത്.- സി.പി. ഷബീർ, കോച്ച്, വുഷു അസോ. ഓഫ് ഇന്ത്യ എക്സി. അംഗം

English Summary:

68 people were injured during the wushu competition at the state school sports fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com