പാക്കിസ്ഥാനിലേക്കില്ലെന്ന ‘കടുംപിടിത്തം’ എന്തുകൊണ്ട്?: ഭീകരാക്രമണങ്ങള്‍ കാട്ടി വിശദീകരിക്കാൻ ടീം ഇന്ത്യ
Mail This Article
മുംബൈ∙ പാക്കിസ്ഥാനിൽപോയി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനെ അനുവദിക്കാത്തതിന്റെ കാരണം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടു (ഐസിസി) വിശദീകരിക്കാൻ ബിസിസിഐ. ഇന്ത്യയിലുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടാണ് ബിസിസിഐ ഐസിസിക്കു മറുപടി നൽകുക. മറ്റു ടീമുകൾ പാക്കിസ്ഥാനിലേക്കു പോകുന്നു എന്നത് ഇന്ത്യയ്ക്ക് ബാധകമല്ലെന്നും ബിസിസിഐ ഐസിസിയെ അറിയിക്കുമെന്നും വിവരമുണ്ട്.
ബിസിസിഐ എന്തുകൊണ്ട് ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്നതിന് കൃത്യമായ വിശദീകരണം വേണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭീകരപ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാകുന്നതായും ബിസിസിഐ ഐസിസിയെ അറിയിക്കും.
ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിൽ നടത്തുന്നതിനായുള്ള ‘ഹൈബ്രിഡ്’ മാതൃക അംഗീകരിക്കാനും പാക്കിസ്ഥാൻ തയാറായിട്ടില്ല. എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽ നടത്തുമെങ്കിൽ മാത്രം, ചാംപ്യൻസ് ട്രോഫി ആതിഥേയത്വം വഹിക്കാമെന്നതാണ് പാക്കിസ്ഥാൻ സർക്കാരിന്റെ നിലപാട്. ഇക്കാര്യം പാക്ക് സർക്കാർ പിസിബിയെ അറിയിച്ചിട്ടുമുണ്ട്. അതേസമയം പാക്കിസ്ഥാനിലേക്കുപോയി കളിക്കാനില്ലെന്ന നിലപാടിലാണ് ബിസിസിഐ.
ചാംപ്യന്‍സ് ട്രോഫിക്കായി കോടികൾ മുടക്കിയ ശേഷം ഇന്ത്യയുടെ മത്സരങ്ങൾ മാറ്റണമെന്നു പറഞ്ഞാൽ വൻ നഷ്ടമുണ്ടാകുമെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽനിന്ന് പാക്കിസ്ഥാൻ പിൻവാങ്ങിയാൽ യുഎഇയിൽവച്ച് ടൂർണമെന്റ് കളിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അടുത്ത വർഷം ഫെബ്രുവരി 19 മുതലാണ് ടൂര്‍ണമെന്റ് നടക്കേണ്ടത്. ചാംപ്യൻസ് ട്രോഫി നടത്തിപ്പിന്റെ കാര്യത്തിൽ അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനമാകും.