ADVERTISEMENT

ലാഹ്‍ലി (ഹരിയാന)∙ 10 വിക്കറ്റും ഒറ്റയ്ക്ക് സ്വന്തമാക്കി റെക്കോർഡ‍് ബുക്കിൽ ഇടംപിടിച്ച അൻഷുൽ കംബോജിന്റെ അടിക്ക്, അതേ നാണയത്തിൽ കേരളത്തിന്റെ തിരിച്ചടി. 10 വിക്കറ്റ് നേട്ടവുമായി കംബോജ് തകർത്തെറിഞ്ഞതോടെ 291 റൺസിന് പുറത്തായ കേരളം, പിന്നാലെ ബാറ്റിങ് ആരംഭിച്ച ഹരിയാനയ്ക്ക് നൽകിയത് അതിലും വലിയ തിരിച്ചടി.  137 റൺസ് എടുക്കുന്നതിനിടെ ഹരിയാനയുടെ 7 വിക്കറ്റുകളാണ് കേരളം പിഴുതത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 61 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എന്ന നിലയിലാണ് ഹരിയാന. നിഷാന്ത് സിന്ധു (90 പന്തിൽ 29), ജയന്ത് യാദവ് (ഒന്ന്) എന്നിവർ ക്രീസിൽ.

മൂന്നു വിക്കറ്റ് മാത്രം കയ്യലിരിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 152 റൺസ് പിന്നിലാണ് ഹരിയാന. ഒരു ദിവസം മാത്രം അവശേഷിക്കെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പായതിനാൽ, ഒന്നാം ഇന്നിങ്സ് ലീഡും അതുവഴി ലഭിക്കുന്ന ബോണസ് പോയിന്റുമാണ് കേരളത്തിന്റെ ലക്ഷ്യം.

13 ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ നേതൃത്വത്തിലാണ് കേരളം ഹരിയാനയെ തളച്ചത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന നിധീഷിന്, കെ.എം. ആസിഫിന് പകരമാണ് ഈ മത്സരത്തിൽ അവസരം നൽകിയത്. എൻ.പി. ബേസിൽ, ബേസിൽ തമ്പിി, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

90 പന്തിൽ മൂന്നു ഫോറുകൾ സഹിതം 29 റൺസുമായി ക്രീസിലുള്ള നിഷാന്താണ് ഹരിയാനയുടെ ടോപ് സ്കോറർ. ഓപ്പണർ ലക്ഷ്യ ദലാൽ (48 പന്തിൽ 21), യുവരാജ് സിങ് (37 പന്തിൽ 20), ക്യാപ്റ്റൻ അങ്കിത് കുമാർ (51 പന്തിൽ 27), ഹിമാൻഷു റാണ (24 പന്തിൽ 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

∙ പത്തിൽ പത്ത്, കംബോജ്!

നേരത്തേ, ഇന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയ അൻഷുൽ കംബോജ് എന്ന പേസ് ബോളറാണ് കേരളത്തെ 291 റൺസിൽ ഒതുക്കിയത്. 39 വർഷത്തിനിടെ ആദ്യമായാണ് രഞ്ജി ട്രോഫിയിൽ ഇന്നിങ്സിലെ പത്തു വിക്കറ്റുകളും ഒരു താരം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച കേരള താരം ഷോൺ റോജറിനെ പുറത്താക്കിയാണ് അന്‍ഷൂൽ കാംബോജ് ചരിത്ര നേട്ടത്തിലെത്തിയത്. 30.1 ഓവറുകൾ പന്തെറിഞ്ഞ അൻഷൂൽ 49 റൺസ് വഴങ്ങി. മൂന്നാം ദിവസം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളം ലഞ്ചിനു പിരിയുംമുൻപേ ഓള്‍ഔട്ടാകുകയായിരുന്നു.

23 വയസ്സുകാരനായ ഹരിയാന താരം കരിയറിലെ 19–ാം മത്സരം മാത്രമാണു കേരളത്തിനെതിരെ കളിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള അൻഷൂൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി അക്ഷയ് ചന്ദ്രൻ (178 പന്തിൽ 59), രോഹൻ എസ്. കുന്നുമ്മൽ (102 പന്തിൽ 55), സച്ചിൻ ബേബി (146 പന്തിൽ 52), മുഹമ്മദ് അസറുദ്ദീന്‍ (74 പന്തില്‍ 53) എന്നിവർ അർധ സെഞ്ചറി നേടിയിരുന്നു. 107 പന്തുകൾ നേരിട്ട ഷോൺ റോജർ 42 റൺസും സ്വന്തമാക്കി.

ഓപ്പണർ ബാബ അപരാജിത് (പൂജ്യം), സൽമാൻ നിസാർ (പൂജ്യം), ജലജ് സക്സേന (നാല്) എന്നിവർ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. റൺ വരുന്നതിനു മുൻപേ ആദ്യ വിക്കറ്റു വീണ കേരളത്തിന് സ്‌കോര്‍ 158 ല്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു കേരളത്തെ കര കയറ്റിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു.

സ്‌കോര്‍ 232 ല്‍ എത്തിയപ്പോള്‍ അസറുദ്ദീന്റെ(53) വിക്കറ്റും കേരളത്തിന് നഷ്ടമായി. അസറുദ്ദീന്‍ പുറത്തായതിന് പിന്നാലെ സച്ചിനും(52) കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി. പിന്നീട് പത്താമനായി ഇറങ്ങിയ ബേസില്‍ തമ്പിയുമായി ചേര്‍ന്ന് ഷോണ്‍ റോജറാണ് കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

English Summary:

Ranji Trophy Kerala vs Haryana Match, Day 3 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com