‘ഹൈബ്രിഡ് മോഡൽ’ നടക്കില്ല, കടുംപിടിത്തം തുടർന്ന് പാക്കിസ്ഥാൻ; ചാംപ്യൻസ് ട്രോഫി ഏറ്റെടുക്കാൻ ഇന്ത്യ?
Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽനിന്ന് പാക്കിസ്ഥാൻ പിൻമാറിയാൽ ടൂർണമെന്റ് നടത്തിപ്പിന്റെ ചുമതല ഇന്ത്യ ഏറ്റെടുക്കാൻ സാധ്യത. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പുറത്തുനടത്തുകയെന്ന ‘ഹൈബ്രിഡ് മോഡലിനും’ ആതിഥേയരായ പാക്കിസ്ഥാൻ വഴങ്ങാതിരുന്നതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുതിയ വഴികൾ തേടുന്നത്. ചാംപ്യൻസ് ട്രോഫിയിലെ എല്ലാ കളികളും പാക്കിസ്ഥാനിൽ തന്നെ നടത്തണമെന്നാണ് പാക്കിസ്ഥാൻ സർക്കാരിന്റെ നിലപാട്. ഇക്കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചിട്ടുണ്ട്.
അതേസമയം എന്തു സംഭവിച്ചാലും കളിക്കാനായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐയും വ്യക്തമാക്കി. പാക്കിസ്ഥാനിലേക്കു ടീമിനെ അയക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെയാണ് ഏഷ്യാ കപ്പ് നടത്തിയതുപോലെ ‘ഹൈബ്രിഡ്’ മോഡലിനു വേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഇതിനും പാക്കിസ്ഥാൻ ഒരുക്കമല്ല. ഇന്ത്യ പാക്കിസ്ഥാനിൽ തന്നെ കളിക്കണമെന്ന കടുംപിടിത്തത്തിലാണ് പാക്ക് ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ ടീമിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന പരാതി അംഗീകരിക്കാൻ പാക്ക് ബോർഡ് തയാറായിട്ടില്ല.
എല്ലാ മത്സരങ്ങളും ലഭിച്ചില്ലെങ്കില്‍ ടൂർണമെന്റിൽനിന്നു പിൻമാറാനും പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ട്. ഇന്ത്യ– പാക്കിസ്ഥാന്‍ മത്സരം നടക്കാതിരുന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ബ്രോഡ്കാസ്റ്റര്‍മാർക്ക് വൻതുക നഷ്ടപരിഹാരമായും നൽകേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണു പുതിയ നീക്കം. ഇന്ത്യ ചാംപ്യൻസ് ട്രോഫി ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകൾ മാത്രമാണു പൂർത്തിയായിട്ടുള്ളതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.