ADVERTISEMENT

തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടു സെഞ്ചറികളുടെ തിളക്കവുമായി മടങ്ങിയെത്തിയ സഞ്ജു സാംസൺ വീണ്ടും കേരളത്തിനായി കളിക്കും. 23ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തെ നയിക്കുക സഞ്ജുവാകുമെന്നാണു സൂചന. ടീം ഉടൻ പ്രഖ്യാപിക്കും. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് കേരള ടീമിൽ അവസരം ലഭിക്കും.  ഹൈദരാബാദിലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ. 23ന് സർവീസസുമായാണ് ആദ്യ മത്സരം.

ഇ ഗ്രൂപ്പിൽ മുംബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവീസസ്, നാഗലാൻഡ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഇതോടെ, ഇന്ത്യൻ ദേശീയ ടീമിൽ ഉറ്റ സുഹൃത്തുക്കളായ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജു സാംസണും നേർക്കുനേർ വരാനും വഴിതെളിഞ്ഞു. കേരള ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയിൽ സൂര്യയുടെ മുംബൈയും ഉണ്ട്.

അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആദ്യ ഗ്രൂപ്പ് മത്സരങ്ങളിൽ സൂര്യ കളിക്കില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് സൂര്യ വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. കേരളം – മുംബൈ മത്സരം നവംബർ 29നായതിനാൽ, അതിനു മുൻപ് സൂര്യ ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ സൂര്യ – സഞ്ജു പോരാട്ടത്തിനും സയ്യിദ് മുഷ്താഖ് അലി ട്രോഫി വഴിതെളിക്കും.

കേരളത്തിന്റെ സാധ്യതാ ടീം ക്യാംപ് ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചു. സഞ്ജു വൈകാതെ ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയാണു ടീമിനെ നയിക്കുന്നതെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കാനാണു തീരുമാനം.

∙ ഗ്രൂപ്പിൽ കേരളത്തിന്റെ മത്സരങ്ങൾ

നവംബർ 23 – കേരളം x സർവീസസ്
നവംബർ 25 – കേരളം x മഹാരാഷ്ട്ര
നവംബർ 27 – കേരളം x നാഗാലൻഡ്
നവംബർ 29 – കേരളം x മുംബൈ
ഡിസംബർ 1 – ഗോവ x കേരളം
ഡിസംബർ 3 – ആന്ധ്രപ്രദേശ് x കേരളം

English Summary:

Sanju Samson to lead Kerala in Syed Mushtaq Ali T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com