21ന് 2 വിക്കറ്റ്, 11 പന്തിൽ 30 റൺസ്, പ്ലെയർ ഓഫ് ദ് മാച്ച്; പിന്നാലെ ‘കൊക്കെയ്നിൽ കുടുങ്ങി’ കിവീസ് താരത്തിന് വിലക്ക്
Mail This Article
വെല്ലിങ്ടൻ∙ നിരോധിത ലഹരിവസ്തുവായ കൊക്കെയ്ൻ ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ന്യൂസീലൻഡ് താരം ഡഗ് ബ്രേസ്‌വെലിന് വിലക്ക്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മുപ്പത്തിനാലുകാരനായ താരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സെൻട്രൽ സ്റ്റാഗ്സും വെല്ലിങ്ടനും തമ്മിലുള്ള ട്വന്റി20 മത്സരത്തിനു പിന്നാലെയാണ് താരം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഈ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ബ്രേസ്‌വെൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത താരം, പിന്നീട് വെറും 11 പന്തിൽ 30 റൺസുമടിച്ചാണ് ടീമിന്റെ വിജയശിൽപിയായത്. തുടർന്നുള്ള പരിശോധനയിലാണ് താരം കൊക്കെയ്ൻ ഉപയോഗിച്ചതിന്റെ പേരിൽ കുടുങ്ങിയത്.
ദ സ്പോർട്സ് ഇന്റഗ്രിറ്റി കമ്മിഷൻ ടി കാഹു റൗനുയിയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപാണ് താരം കൊക്കെയ്ൻ ഉപയോഗിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് കടുത്ത ശിക്ഷ ഒഴിവാക്കുകയായിരുന്നു.
ആദ്യം മൂന്നു മാസത്തെ വിലക്കാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും, ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി പ്രത്യേക ചികിത്സയ്ക്ക് വിധേയനായതിനെ തുടർന്ന ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. ഇതോടെ ഈ വർഷം ഏപ്രിലിൽ താരം ശിക്ഷാ നടപടിക്കു വിധേയനായി.
ന്യൂസീലൻഡിനായി മൂന്നു ഫോർമാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് ഡഗ് ബ്രേസ്‌വെൽ. 28 ടെസ്റ്റുകളിലും 21 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലുമാണ് ബ്രേസ്‌വെൽ ന്യൂസീലൻഡ് ജഴ്സിയണിഞ്ഞത്. 2023 മാർച്ചിൽ വെല്ലിങ്ടനിൽ ശ്രീലങ്കയ്‍ക്കെതിരെ ടെസ്റ്റ് മത്സരത്തിൽ കളിച്ച ശേഷം ബ്രേസ്‌വെലിന് ന്യൂസീലൻഡ് ജഴ്സിയിൽ അവസരം ലഭിച്ചിട്ടില്ല.