അണ്ടർ 19 കാലഘട്ടം മുതൽ ശ്രദ്ധിക്കുന്നു; ശാന്തസ്വഭാവവും പ്രതിഭയിലുള്ള ആത്മവിശ്വാസവും സഞ്ജുവിന്റെ കരുത്ത്: ഇയാൻ ബിഷപ്
Mail This Article
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ സെഞ്ചറികളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച സഞ്ജു സാംസണിന് അഭിനന്ദനവുമായി വെസ്റ്റിൻഡീസിൽ നിന്ന് ഒരു ‘ആരാധകൻ’. പ്രതിഭയും സാങ്കേതികത്തികവുമുള്ള ക്രിക്കറ്ററാണ് സഞ്ജുവെന്നും ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിൽ ഇനിയുമേറെ ദൂരം സഞ്ജുവിനു സഞ്ചരിക്കാനുണ്ടെന്നും പറയുന്നത് വെസ്റ്റിൻഡീസിന്റെ മുൻ ഫാസ്റ്റ് ബോളറും കമന്റേറ്ററുമായ ഇയാൻ ബിഷപ്.
സഞ്ജുവിന്റെ ആരാധകരിൽ ഒരാളാണ് താനെന്നും ഇയാൻ ബിഷപ് പറഞ്ഞു. വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പരയിൽ ടിവി കമന്റേറ്ററായ ബിഷപ് മത്സരത്തിനിടയിൽ കണ്ടപ്പോഴാണ് സഞ്ജുവിനെക്കുറിച്ച് വാചാലനായത്.
‘‘അണ്ടർ 19 കാലഘട്ടം മുതൽ സഞ്ജുവിനെ നിരീക്ഷിക്കുന്നയാളാണ് ഞാൻ. ഐപിഎലിൽ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനങ്ങളെല്ലാം കണ്ടിട്ടുണ്ട്. ശാന്ത സ്വഭാവവും തന്റെ പ്രതിഭയിലുള്ള ആത്മവിശ്വാസവുമാണ് സഞ്ജുവിന്റെ കരുത്ത്. കളിക്കാരനെന്നതുപോലെ ഒരു വ്യക്തിയെന്ന നിലയിലും ഞാൻ സഞ്ജുവിനെ ഇഷ്ടപ്പെടുന്നു. ആയാസരഹിതമായ ബാറ്റിങ് ശൈലിയും അപ്രതീക്ഷിത ഷോട്ടുകളുമായാണ് അദ്ദേഹം ആരാധകരുടെ മനസ്സ് കീഴടക്കുന്നത്’’– ഇയാൻ ബിഷപ് പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ദേശീയ ടീമിൽ അധികം അവസരങ്ങൾ ലഭിച്ചില്ലെങ്കിലും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ സഞ്ജുവിനു മുന്നിൽ ഇനിയും അവസരങ്ങളും സമയവുമുണ്ടെന്നാണ് ഇയാൻ ബിഷപ്പിന്റെ വിലയിരുത്തൽ. ഒരു ബാറ്ററുടെ കരിയറിലെ ഏറ്റവും നല്ല പ്രായത്തിലാണ് സഞ്ജു ഇപ്പോൾ. മറ്റൊന്നിലും ശ്രദ്ധിക്കാതെ തന്റെ കഴിവിൽ വിശ്വസിച്ച് കഠിനാധ്വാനം ചെയ്യുകയെന്നതാണ് സഞ്ജുവിനു നൽകാനുള്ള നിർദേശമെന്നും ബിഷപ് പറഞ്ഞു.
∙ ‘ഓൾ ഇൻ വൺ’ ഫോർമാറ്റ്
ക്രിക്കറ്റിൽ വിവിധ ഫോർമാറ്റുകളിൽ ടീമുകൾ വ്യത്യസ്ത ടീമിനെ പരീക്ഷിക്കുന്നത് സാഹചര്യങ്ങളുടെ സമ്മർദം മൂലമാണെന്ന് ഇയാൻ ബിഷപ്. മത്സരങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ ഒരു പ്രധാന ടൂർണമെന്റിന് എത്തുമ്പോൾ 3 ഫോർമാറ്റുകളിൽ നിന്നുമായി ഏറ്റവും മികച്ച താരങ്ങൾ ടീമിലുണ്ടാകണം. അത്തരം ടീമുകളാണ് സമീപകാലത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിരാട് കോലി, രോഹിത് ശർമ, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിങ്ങനെ ‘ഓൾ ഫോർമാറ്റ്’ താരങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ടെന്നും ഇയാൻ ബിഷപ് പറഞ്ഞു.