ജയ്സ്വാളിനു പിന്നാലെ അതിവേഗം മടങ്ങി ഋഷഭ് പന്തും ധ്രുവ് ജുറെലും; ഇന്ത്യ അഞ്ചിന് 355, ലീഡ് 400 പിന്നിട്ടു
Mail This Article
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വമ്പൻ ലീഡിലേക്കു കുതിക്കുന്നു. മത്സരം 107 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 355 റൺസെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും (64 പന്തിൽ 39), വാഷിങ്ടൻ സുന്ദറുമാണു (33 പന്തിൽ 12) ക്രീസിൽ. ഇന്ത്യയ്ക്ക് നിലവിൽ 402 റൺസിന്റെ ലീഡുണ്ട്. കെ.എൽ. രാഹുൽ (176 പന്തിൽ 77), ദേവ്ദത്ത് പടിക്കൽ (71 പന്തിൽ 25), യശസ്വി ജയ്സ്വാൾ (297 പന്തിൽ 161), ഋഷഭ് പന്ത് (ഒന്ന്), ധ്രുവ് ജുറെൽ (ഒന്ന്) എന്നിവരാണ് മൂന്നാം ദിവസം പുറത്തായ ഇന്ത്യൻ ബാറ്റർമാർ.
ജയ്സ്വാളിന്റെ സെഞ്ചറിയോടെയാണ് മൂന്നാം ദിവസം ഇന്ത്യ തുടങ്ങിയത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62–ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്സർ പറത്തി രാജകീയമായി ജയ്സ്വാൾ സെഞ്ചറി പൂർത്തിയാക്കി. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 84 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണിങ് വിക്കറ്റിൽ ഓസീസ് മണ്ണിലെ റെക്കോർഡ് കൂട്ടുകെട്ട് സ്ഥാപിച്ച ശേഷമാണ് രാഹുലിന്റെ മടക്കം. ഓസീസ് മണ്ണിൽ ഇന്ത്യൻ ഓപ്പണർമാരുടെ ആദ്യ ഇരട്ടസെഞ്ചറി കൂട്ടുകെട്ടും ജയ്‌സ്വാൾ – രാഹുൽ സഖ്യം സ്ഥാപിച്ചു. ഇരുവരും ചേർന്ന് 63 ഓവറിൽ അടിച്ചുകൂട്ടിയത് 201 റൺസ്. 1986ൽ സുനിൽ ഗാവസ്കറും കെ.ശ്രീകാന്തും ചേർന്ന് സിഡ്നിയിൽ നേടിയ 191 റൺസിന്റെ റെക്കോര്ഡാണ് ഇവർ മറികടന്നത്. 176 പന്തിൽ അഞ്ച് ഫോറുകളോടെ 77 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. അലക്സ് ക്യാരി ക്യാച്ചെടുത്തു.
2014-15ൽ സിഡ്നിയിൽ കെ.എൽ. രാഹുൽ സെഞ്ചറി നേടിയ ശേഷം ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജയ്‌സ്വാൾ. ഇതുവരെ 70 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കലാകട്ടെ, രണ്ടു ഫോറുകളോടെയാണ് 25 റൺസെടുത്തത്. പടിക്കലും ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായിരുന്നു. ഹെയ്സൽവുഡിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണ് ദേവ്ദത്ത് പടിക്കല്‍ പുറത്തായത്. സ്കോർ 300 കടന്നതിനു പിന്നാലെ ജയ്സ്വാളിനെയും ഇന്ത്യയ്ക്കു നഷ്ടമായി. ഋഷഭ് പന്തിനെ അലക്സ് ക്യാരി സ്റ്റംപ് ചെയ്തു പുറത്താക്കിയപ്പോൾ, ധ്രുവ് ജുറെൽ കമിൻസിന്റെ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു.
∙ സമ്പൂർണ മേധാവിത്തം
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കി 46 റൺസിന്റെ നിർണായക ലീഡ് നേടിയ ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലായിരുന്നു. ഓസീസ് നായകൻ പാറ്റ് കമിൻസ് ഏഴു ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും രണ്ടാം ദിനം ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ വർഷം ടെസ്റ്റിൽ 34–ാം സിക്സർ നേടിയ ജയ്‌സ്വാൾ, ഒരു കലണ്ടർ വർഷം കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
നേരത്തേ, ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയയ്ക്ക് ശനിയാഴ്ച 37 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായിരുന്നു. 51.2 ഓവറിൽ ഓസീസ് 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഓസീസിനെ തകർത്തത്. ബുമ്രയുടെ കരിയറിലെ 11–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ഒൻപതാമനായി ഇറങ്ങി 112 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ. അവസാന വിക്കറ്റിൽ ജോഷ് ഹെയ്‌സൽവുഡിനെ കൂട്ടുപിടിച്ച് 25 റൺസ് കൂട്ടിച്ചേർത്ത സ്റ്റാർക്കാണ് ഓസീസിനെ 100 കടത്തിയത്. ഹെയ്സൽവുഡ് 31 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി പുറത്താകാതെ നിന്നു. അലക്സ് ക്യാരി 31 പന്തിൽ മൂന്നു ഫോറുകളോടെ 21 റൺസെടുത്തു.
∙ റെക്കോർഡ് ബുക്കിൽ ജയ്സ്വാൾ
∙ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിൽ സെഞ്ചറി നേടിയ ഇന്ത്യൻ താരങ്ങൾ
101 - എം.എൽ. ജയ്സിംഹ, ബ്രിസ്ബേൻ, 1967-68
113 - സുനിൽ ഗാവസ്കർ, ബ്രിസ്ബേൻ, 1977-78
101* - യശസ്വി ജയ്സ്വാൾ, പെർത്ത്, 2024
(മൂന്നു സെഞ്ചറികളും പിറന്നത് രണ്ടാം ഇന്നിങ്സിലാണെന്ന പ്രത്യേകതയുമുണ്ട്)
∙ 23 വയസ് പൂർത്തിയാകും മുൻപ് ഒരു കലണ്ടർ വർഷം കൂടുതൽ ടെസ്റ്റ് സെഞ്ചറികൾ നേടിയ ഇന്ത്യൻ താരങ്ങൾ
4 - സുനിൽ ഗാവസ്കർ, 1971
4 - വിനോദ് കാംബ്ലി, 1993
3 - രവി ശാസ്ത്രി, 1984
3 - സച്ചിൻ തെൻഡുൽക്കർ, 1992
3 - യശസ്വി ജയ്സ്വാൾ, 2024
∙ 23 വയസ് പൂർത്തിയാകും മുൻപ് കൂടുതൽ ടെസ്റ്റ് സെഞ്ചറികൾ നേടിയ ഇന്ത്യൻ താരങ്ങൾ
8 - സച്ചിൻ തെൻഡുൽക്കർ
5 - രവി ശാസ്ത്രി
4 - സുനിൽ ഗാവസ്കർ
4 - വിനോദ് കാംബ്ലി
4 - യശസ്വി ജയ്സ്വാൾ