ADVERTISEMENT

പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ ‘ട്രോളി’ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഓസീസിനെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്‌സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.

മത്സരത്തിൽ ഓസ്ട്രേലിയ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്ക് ഹർഷിത് റാണയോടു നടത്തിയ പരാമർശത്തിനുള്ള പരോക്ഷ പരിഹാസമാണ് ജയ്‌സ്വാളിന്റെ മറുപടി. തുടർച്ചയായി ബൗൺസറുകളെറിഞ്ഞ് പരീക്ഷിച്ച റാണയെ, നിന്നേക്കാൾ വേഗത്തിൽ പന്തെറിയാൻ തനിക്കാകുമെന്ന് പറഞ്ഞാണ് സ്റ്റാർക്ക് നേരിട്ടത്. മാത്രമല്ല, ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഇതേ അനുഭവമുണ്ടാകുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ്, സ്റ്റാർക്കിന്റെ പന്തിനു വേഗമില്ലെന്ന ജയ്‌സ്വാളിന്റെ പരിഹാസം.

തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ക്രീസിൽ തുടരുന്ന ജയ്‌സ്വാൾ, ടെസ്റ്റിലെ ഒൻപതാം അർധസെഞ്ചറിയും പൂർത്തിയാക്കി. ഇതുവരെ 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ, ഏഴു ഫോറും രണ്ടു സിക്സും സഹിതം 90 റൺസുമായി ക്രീസിലുണ്ട്.  ഓപ്പണിങ് വിക്കറ്റിൽ കെ.എൽ. രാഹുലിനൊപ്പം രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയ്‌ക്കായി ഓസീസ് മണ്ണിൽ സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും ജയ്‌സ്വാളിനായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റിലെ 16–ാം അർധസെഞ്ചറി പൂർത്തിയാക്കിയ രാഹുലും ക്രീസിലുണ്ട്.

ഇന്ത്യൻ ഇന്നിങ്സിലെ 19–ാം ഓവറിലാണ് ഓസീസിന്റെ വെറ്ററൻ ബോളറെ ഇന്ത്യയുടെ യുവ ഓപ്പണർ പരിഹസിക്കുന്ന കൗതുകകരമായ സംഭവമുണ്ടായത്. ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിനെതിരെ ബാക്ക്‌വാഡ് സ്ക്വയറിലൂടെ ജയ്‌സ്വാളിന്റെ തകർപ്പൻ ബൗണ്ടറി. പിന്നാലെ 141 കിലോമീറ്റർ വേഗതയിലെത്തിയ പന്ത് ജയ്‌സ്വാളിനെ ബീറ്റ് ചെയ്തു.

അഞ്ചാം പന്തിൽ സ്റ്റാർക്കിന്റെ പന്ത് പിന്നിലേക്കിറങ്ങി പ്രതിരോധിച്ചതിനു പിന്നാലെയാണ്, പന്തിനു വേഗം പോരെന്ന് ജയ്‌സ്വാൾ പരിഹസിച്ചത്. ഓവർ പൂർത്തിയാകുമ്പോൾ 66 പന്തിൽ 37 റൺസുമായി ക്രീസിൽ നിൽക്കുകയായിരുന്ന ജയ്സ്വാൾ, പിന്നാലെ അർധസെഞ്ചറി പൂർത്തിയാക്കി. 123 പന്തിൽ അഞ്ച് ഫോറുകളോടെയാണ് ജയ്‌സ്വാൾ ടെസ്റ്റിലെ 9–ാം അർധസെ‍ഞ്ചറി പൂർത്തിയാക്കിയത്. രണ്ടാം ഇന്നിങ്സിൽ സ്റ്റാർക്കിനെതിരെ സിക്സർ നേടാനും ജയ്‌സ്വാളിനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com