പെർത്തിൽ ‘തീ തുപ്പി’ ബുമ്രയും സംഘവും; ഓസീസിന്റെ 104 ഇന്ത്യയ്‌ക്കെതിരെ 43 വർഷത്തിനിടയിലെ ചെറിയ സ്കോർ
Mail This Article
പെർത്ത്∙ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 104 റൺസിന് ഓൾഔട്ടായ ഓസ്ട്രേലിയയ്ക്ക്, കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഇന്ത്യയ്‌ക്കെതിരെ നേടുന്ന ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടും. ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള പേസ് ബോളർമാരുടെ ‘തീയുണ്ട’കളെ നേരിടാനാകാതെ വിഷമിച്ച ഓസീസ്, 51.2 ഓവറിലാണ് 104 റൺസെടുത്തത്.
1981ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 83 റൺസിന് പുറത്തായ ഓസീസ്, അതിനു ശേഷം സ്വന്തം നാട്ടിൽ ഇന്ത്യയ്‌ക്കെതിരെ നേടുന്ന താഴ്ന്ന സ്കോറാണ് പെർത്തിലെ 104 റൺസ്.
ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്നു തോന്നിച്ച ഓസീസിനെ, 10–ാം വിക്കറ്റിൽ ജോഷ് ഹെയ്‌സൽവുഡിനെ കൂട്ടുപിടിച്ച് 25 റൺസ് കൂട്ടിച്ചേർത്ത മിച്ചൽ സ്റ്റാർക്കാണ് വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഒരു ഘട്ടത്തിൽ ഒൻപതിന് 79 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്. 112 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസെടുത്ത സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോററും.
∙ ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടിൽ ഓസീസിന്റെ ചെറിയ സ്കോറുകൾ
83 – മെൽബണിൽ 1981ൽ
104 – പെർത്തിൽ 2024ൽ
107 – സിഡ്നിയിൽ 1947ൽ
131 – സിഡ്നിയിൽ 1978ൽ
145 – അഡ്‌ലെയ്ഡിൽ 1992ൽ