ഐപിഎലിൽ ചരിത്രമെഴുതി ശ്രേയസ് അയ്യർ; 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ, സ്റ്റാർക്കിന്റെ റെക്കോർഡ് മറികടന്നു
Mail This Article
ജിദ്ദ (സൗദി അറേബ്യ) ∙ ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാൻ വാശിയോടെ പൊരുതിയ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് ആർടിഎമ്മിലൂടെ പഞ്ചാബ് കിങ്സ് നിലനിർത്തിയപ്പോൾ, കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്‍ലറിനെ 15.75 കോടിക്കു ഗുജറാത്ത് ടൈറ്റൻസും ടീമിലെത്തിച്ചു.
താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാകുമെന്നു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 25 മുതൽ 30 കോടി രൂപ വരെ പന്തിനു ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്നും നാളെയുമാണ് ലേലം. 1254 താരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.