‘ഭാരത് ആർമി’യിലുള്ളത് ഇന്ത്യക്കാരാണോയെന്ന് സംശയം, ഇന്ത്യൻ പാസ്പോർട്ടുണ്ടോ?: ആരാധക സംഘത്തിനെതിരെ തുറന്നടിച്ച് ഗാവസ്കർ– വിഡിയോ
Mail This Article
പെർത്ത്∙ ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പെർത്തിൽ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അനൗദ്യോഗിക ആരാധക സംഘമായ ഭാരത് ആർമി വിവാദക്കുരുക്കിൽ. മത്സരത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് ഭാരത് ആർമി വിവാദക്കുരുക്കിലായത്. പേര് ഭാരത് ആർമി എന്നാണെങ്കിലും, ഈ സംഘത്തിലുള്ളത് ഇന്ത്യക്കാർ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ തുറന്നടിച്ചു. ഇന്ത്യൻ ദേശീയ പതാകയിൽ വലിയ അക്ഷരങ്ങളിൽ ‘ഭാരത് ആർമി’ എന്ന് എഴുതിയതാണ് ഗാവസ്കറിനെ ചൊടിപ്പിച്ചത്.
പെർത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ‘എബിസി സ്പോർട്ടി’നായി കമന്ററി പറയുന്നതിനിടെയാണ്, ഭാരത് ആർമിക്കെതിരെ ഗാവസ്കർ തുറന്നടിച്ചത്. ഇന്ത്യൻ പതാകയ്ക്കു മുകളിൽ ‘ഭാരത് ആർമി’ എന്ന് എഴുതിയത് പതാകയോടുള്ള അനാദരവാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യയിൽ ഇത് സ്വീകാര്യമാകില്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ഈ ആരാധകരെന്നു പറയുന്നവർ ഇന്ത്യക്കാരാണെന്നു ഞാൻ കരുതുന്നില്ല. അവരിൽ എത്ര പേർക്ക് ഇന്ത്യൻ പാസ്പോർട്ട് ഉണ്ടെന്നും എനിക്കു സംശയമുണ്ട്. അതുകൊണ്ട് അവർക്ക് ഇന്ത്യൻ ദേശീയ പതാകയുടെ മൂല്യവും പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാൻ സാധിക്കണമെന്നില്ല’ – ഗാവസ്കർ പ്രതികരിച്ചു.
ലോകത്തിന്റെ ഏതു ഭാഗത്ത് കളിക്കുമ്പോഴും ഇന്ത്യൻ ടീമിന് ഭാരത് ആർമി നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ഗാവസ്കർ തുറന്നു സമ്മതിക്കുകയും ചെയ്തു.
‘‘ലോകത്തിന്റെ ഏതു ഭാഗത്തു കളിക്കുമ്പോഴും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഈ ആരാധകക്കൂട്ടം നൽകുന്ന അടിയുറച്ച പിന്തുണയ്ക്ക് ഞാൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനത നന്ദിയുള്ളവരാണ്. അക്കാര്യത്തിൽ അവരോടുള്ള കൃതജ്ഞതയും അറിയിക്കുന്നു. പക്ഷേ, ഇന്ത്യൻ പതാകയിൽ ഭാരത് ആർമി എന്ന് എഴുതുന്ന രീതി ഒഴിവാക്കണമെന്ന അഭ്യർഥന കൂടിയുണ്ട്’ – ഗാവസ്കർ പറഞ്ഞു.
‘‘ഇന്ത്യൻ പതാകയിൽ എഴുതുന്നത് ഒഴിവാക്കി പുതിയൊരു പതാക ഡിസൈൻ ചെയ്യുന്നതാകും കൂടുതൽ ഉചിതമെന്നു തോന്നുന്നു. അവർ സ്വന്തമായി ഒരു പതാകയുണ്ടാക്കിയാൽ, അത് ഞാനും അഭിമാനത്തോടെ തന്നെ കയ്യിലേന്തും’ – ഗാവസ്കർ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധകർ ചേർന്ന് 1999ൽ രൂപം നൽകിയ ഭാരത് ആർമിയിൽ, നിലവിൽ ഒന്നര ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഉൾപ്പെടെയുള്ള ടീമുകളുടെ ആരാധകക്കൂട്ടായ്മകളുടെ ശൈലിയിലാണ് ഇവരുടെയും പ്രവർത്തനം.