ADVERTISEMENT

ഹൈദരാബാദ്∙ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പന്‍ ഫോം ആഭ്യന്തര ട്വന്റി20 പരമ്പരയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ആവർത്തിച്ച് സഞ്ജു സാംസൺ. ആദ്യ മത്സരത്തിൽ സർവീസസിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ അർധ സെഞ്ചറി നേടി. 45 പന്തുകൾ‌ നേരിട്ട താരം 75 റൺസെടുത്താണു പുറത്തായത്. താരത്തിന്റെ ബാറ്റിൽനിന്ന് മൂളിപ്പറന്നത് മൂന്നു സിക്സറുകളും പത്ത് ഫോറുകളും. സഞ്ജുവാണു കേരളത്തിന്റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിലും അവസാന ട്വന്റി20യിലും സഞ്ജു സാംസണ്‍ സെഞ്ചറി തികച്ചിരുന്നു.

ആദ്യ മത്സരത്തിൽ കേരളം മൂന്നു വിക്കറ്റ് വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത സർവീസസ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തപ്പോൾ, 18.1 ഓവറിൽ‌ ഏഴു വിക്കറ്റ് നഷ്ടത്തിൽ കേരളം വിജയ റൺസ് കുറിച്ചു. 29 പന്തിൽ 41 റൺസെടുത്ത ക്യാപ്റ്റന്‍ മോഹിത് അഹ്‍ലാവത്താണ് സർവീസസിന്റെ ടോപ് സ്കോറർ. കേരളത്തിനായി അഖിൽ സ്കറിയ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് കേരളത്തിനു ലഭിച്ചത്. ഓപ്പണർമാരായ സഞ്ജുവും രോഹൻ എസ്. കുന്നുമ്മലും തകർത്തടിച്ചതോടെ കേരളത്തിന്റെ സ്കോർ കുതിച്ചുയർന്നു. എട്ടാം ഓവറിൽ 73 റൺസിൽ നിൽക്കെ രോഹൻ പുറത്തായി. 19 പന്തുകൾ നേരിട്ട താരം 27 റൺസാണു നേടിയത്. പിന്നീടെത്തിയ ബാറ്റർമാരെല്ലാം ഒന്നിനു പിറകേ ഒന്നായി മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. പുൾകിത് നാരംഗ് എറിഞ്ഞ 14–ാം ഓവറിലാണ് സഞ്ജു പുറത്തായത്.

19 പന്തിൽ 21 റൺസെടുത്ത സൽമാൻ‌ നിസാർ ഒടുവിൽ കേരളത്തിനായി വിജയ റണ്‍സ് കുറിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ അഖിൽ സ്കറിയയാണ് കളിയിലെ താരം.  തിങ്കളാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

English Summary:

Sanju Samson batting show in Syed Mushtaq Ali Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com