‘എന്തുകൊണ്ട് നിർത്തി’ എന്ന് ആളുകൾ ചോദിക്കുന്നതാണ് നല്ലത്, ‘എന്തുകൊണ്ട് നിർത്തുന്നില്ല’ എന്നല്ല: തുറന്നുപറഞ്ഞ് അശ്വിൻ
Mail This Article
ചെന്നൈ∙ ‘എന്തുകൊണ്ട് നിർത്തുന്നില്ല’ എന്നല്ല, ‘എന്തുകൊണ്ട് നിർത്തി’ എന്ന് ആളുകൾക്കു തോന്നുന്ന കാലത്ത് വിരമിക്കുന്നതാണ് ഉചിതമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. കളി നിർത്താം എന്ന് മനസ് പറഞ്ഞതുകൊണ്ടാണ് ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് അശ്വിൻ വ്യക്തമാക്കി. വിരമിക്കൽ ടെസ്റ്റ് എന്ന രീതിയിൽ ചിന്തിക്കേണ്ട ആവശ്യമില്ലെന്നും, താൻ അവസാന മത്സരത്തിൽ പന്തുമായി ഇറങ്ങുമ്പോൾ ആളുകൾ കൂടുതൽ കയ്യടിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്നും അശ്വിൻ ചോദിച്ചു.
‘‘ഞാൻ കുറേ ആലോചിച്ചു. മുന്നോട്ട് ഇനി എന്താണ് ചെയ്യേണ്ടത്? ഇത്തരം ചിന്തകൾ ആ നിമിഷം വരുന്നതാണെന്ന് എല്ലാവരും മനസ്സിലാക്കണം. നമ്മുടെ ദൗത്യം പൂർത്തിയായി, നിർത്താം എന്ന ചിന്ത മനസ്സിൽ വന്നാൽ പിന്നെയൊന്നും ആലോചിക്കേണ്ടതില്ല. ആളുകൾ പലതും പറയുമായിരിക്കും. ഇതൊരു വലിയ സംഭവമായി എനിക്കു തോന്നുന്നില്ല’ – അശ്വിൻ പറഞ്ഞു.
‘‘എന്താണ് സംഭവിച്ചതെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ആദ്യ ടെസ്റ്റിൽ ഞാൻ കളിച്ചില്ല. രണ്ടാം ടെസ്റ്റിൽ കളിച്ചു. മൂന്നാം ടെസ്റ്റിൽ കളിച്ചില്ല. അടുത്ത ടെസ്റ്റിൽ കളിക്കാനും കളിക്കാതിരിക്കാനും സാധ്യതയുണ്ടായിരുന്നു. ആ ഘട്ടത്തിൽ എനിക്കൊന്നും ഇനി ചെയ്യാനില്ല എന്ന തോന്നൽ വന്നു. ഞാൻ നിർത്തി. അത്രയേ ഉള്ളൂ’ – അശ്വിൻ വിശദീകരിച്ചു.
‘‘വിരമിക്കൽ ടെസ്റ്റാണെന്ന് പറഞ്ഞ് ഞാൻ പന്തുമായി ഇറങ്ങുമ്പോൾ ആളുകൾ കൂടുതൽ കയ്യടിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ആളുകൾ ഇക്കാര്യമൊക്കെ എത്രനാൾ ഓർത്തിരിക്കും? സമൂഹമാധ്യമങ്ങളൊന്നും സജീവമല്ലാത്ത കാലത്ത് ഇത്തരം വിരമിക്കൽ വാർത്തകൾ ആളുകൾ ഒരാഴ്ച വല്ലതും ചർച്ച ചെയ്യും. പിന്നീട് മറക്കും. വിരമിക്കൽ ടെസ്റ്റിന്റെയൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഈ കളിയിൽനിന്ന് നാം ഒരുപാടു നേടിയിട്ടുണ്ട്. സന്തോഷത്തെ ഇത്രകാലം കളിച്ചില്ലേ’ – അശ്വിൻ പറഞ്ഞു.
‘‘എനിക്കു കൂടുതൽ ക്രിക്കറ്റ് കളിക്കണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്. അതിനുള്ള സ്ഥലം എവിടെയാണ്. എന്തായാലും ഇന്ത്യൻ ഡ്രസിങ് റൂമല്ല. എന്തുകൊണ്ട് നിർത്തുന്നു എന്ന് ആളുകൾ ചോദിക്കുന്ന കാലത്ത് കളി നിർത്തുന്നതാണ് നല്ലത്. അല്ലാതെ എന്തുകൊണ്ട് കളി നിർത്തുന്നില്ല എന്ന് അവർ ചോദിക്കുന്ന ഘട്ടത്തിലല്ല’ – അശ്വിൻ പറഞ്ഞു.