ബാന്ദ്ര കുർള കോംപ്ലക്സിൽ രോഹിത് ശർമയുടെ ‘ഓട്ടം’, സഹായത്തിന് പഴ്സനൽ ട്രെയിനറും; ദൃശ്യങ്ങൾ വൈറൽ – വിഡിയോ
Mail This Article
മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനവും ടെസ്റ്റ് ടീമിലെ സ്ഥാനവും സംശയത്തിലായതിനു പിന്നാലെ, മുംബൈയിലൂടെയുള്ള രോഹിത് ശർമയുടെ ‘ഓട്ടം’ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ പഴ്സനൽ ട്രെയിനറെ ഉൾപ്പെടെ നിയോഗിച്ചായിരുന്നു രോഹിത്തിന്റെ ‘ഓട്ടം’. ഇടയ്ക്കിടെ പഴ്സനൽ ട്രെയിനറിൽനിന്ന് ഉപദേശങ്ങൾ സ്വീകരിച്ചായിരുന്നു രോഹിത്തിന്റെ പരിശീലനം.
ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനമേറ്റുവാങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നലെ മുംബൈയുടെ രഞ്ജി ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച മുംബൈ രഞ്ജി ടീമിന്റെ പരിശീലന ക്യാംപിൽ ചേർന്ന രോഹിത് ശർമ, ഫോം വീണ്ടെടുത്ത് താൻ ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്നതിന്റെ സൂചന നൽകുകയായിരുന്നു.
ഓസ്ട്രേലിയൻ പരമ്പരയ്ക്കുശേഷം രോഹിത്തും പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സിലക്ടർ അജിത് അഗാർക്കറും കഴിഞ്ഞ ദിവസം ബിസിസിഐ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു രോഹിത് പരിശീലനം തുടങ്ങിയത്. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിനൊപ്പം ഈയാഴ്ച മുഴുവൻ പരിശീലനം നടത്തും. എന്നാൽ 23ന് ജമ്മു കശ്മീരിനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ മുംബൈയ്ക്കായി രോഹിത് കളിക്കുമോയെന്ന് ഉറപ്പില്ല.