വനിതാ ലോകകപ്പിൽ ‘ആഷസ് ’; സെമിഫൈനലിൽ ഓസ്ട്രേലിയ–ഇംഗ്ലണ്ട് പോരാട്ടം
Mail This Article
ബ്രിസ്ബെയ്ൻ ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 7–6ന് മറികടന്ന് ആതിഥേയരായ ഓസ്ട്രേലിയ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ കടന്നു. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സെമിയിൽ പ്രവേശിക്കുന്നത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കൊളംബിയയെ 2–1ന് തോൽപിച്ച ഇംഗ്ലണ്ടും സെമി ബെർത്ത് ഉറപ്പിച്ചു. സെമിയിൽ ഇരുടീമുകളും ഏറ്റുമുട്ടും.
നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെയാണ് ഓസ്ട്രേലിയ–ഫ്രാൻസ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടിലെ 5 അവസരങ്ങളിൽ ഇരു ടീമും 4 തവണ വീതം ലക്ഷ്യം കണ്ടതോടെ മത്സരം സഡൻ ഡെത്തിലേക്കു നീങ്ങി. 6–ാം കിക്കിൽ ഇരു ടീമും ലക്ഷ്യം കണ്ടു. 7–ാം കിക്കെടുത്ത ഫ്രാൻസിന്റെ കെൻസ ഡാലിക്കു പിഴച്ചതോടെ ഓസ്ട്രേലിയ ജയം ഉറപ്പിച്ചതാണ്. എന്നാൽ കിക്കെടുത്ത ഓസ്ട്രേലിയൻ താരം ക്ലെയർ ഹണ്ടിനു ലക്ഷ്യം കാണാൻ സാധിക്കാതെ വന്നതോടെ ഫ്രാൻസിന്റെ പ്രതീക്ഷ വീണ്ടും സജീവമായി. 8–ാം കിക്കെടുത്ത ഫ്രാൻസ് താരം വിക്കി ബെക്കോവിന് പിഴച്ചതോടെ പന്ത് വീണ്ടും ഓസ്ട്രേലിയയുടെ കോർട്ടിൽ. ഇത്തവണ ഓസ്ട്രേലിയയ്ക്കായി കിക്കെടുത്ത കോർട്നി വൈൻ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ ഓസ്ട്രേലിയ ഇതാദ്യമായി ലോകകപ്പ് സെമിയിൽ.
രണ്ടാം മത്സരത്തിൽ തുടക്കംതൊട്ട് ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ കൊളംബിയയ്ക്ക് സാധിച്ചില്ല. തുടർച്ചയായി മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ എത്തുന്നത്.
English Summary : Australia defeated France in women's world cup semi final