ബ്ലാസ്റ്റേഴ്സിന്റെ പിഴവുകൾ ഗോളാക്കി, ബഗാൻ റാഞ്ചിയ വിജയം; ആശങ്ക വേണ്ട
Mail This Article
വിജയം ഉറപ്പിച്ച ഒരു മത്സരം നിർഭാഗ്യം കൊണ്ടു തോൽവിയിൽ കലാശിച്ചു – കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തെ ഇങ്ങനെ വിലയിരുത്താനാണു ഞാൻ ഇഷ്ടപ്പെടുന്നത്. അപാര ഫോമിൽ കളിക്കുന്ന, ലീഗിലെ ഏറ്റവും മിടുക്കരായ ടീമിനെതിരെയാണ് യുവതാരങ്ങളെ ഏറെ ആശ്രയിക്കുന്ന ബ്ലാസ്റ്റേഴ്സ് കട്ടയ്ക്കു നിന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്താണ് ബഗാൻ മത്സരം ജയിച്ചതും. വ്യക്തിഗത പിഴവുകളിൽ നിന്നാണു ബഗാന്റെ സൂപ്പർ താരങ്ങൾ സ്കോറിങ് അവസരം സൃഷ്ടിച്ചത്.
നല്ല ടീമുകൾ ഏറ്റുമുട്ടുന്ന ഉശിരൻ പോരാട്ടങ്ങളിൽ വേണ്ടതു 100 ശതമാനവും പിഴവില്ലാത്ത ഫുട്ബോളാണ്. നിർഭാഗ്യവശാൽ, ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്ന് ചില വീഴ്ചകളുണ്ടായി. അതു ബഗാൻ സമർഥമായി ഉപയോഗിച്ചു. പ്ലേഓഫ് അവസരം ഏറക്കുറെ ഉറപ്പാക്കിയ ബ്ലാസ്റ്റേഴ്സിന് ഈ തോൽവിയിൽ ആശങ്ക വേണ്ട. ആശയ്ക്കു വകയുള്ള പോസിറ്റീവുകളും തെളിയുന്നതാണ് കേരളത്തിന് ഈ മത്സരം. അതിലേറ്റവും പ്രധാനം വിബിൻ മോഹനന്റെ പ്രകടനം തന്നെ. എത്ര ആത്മവിശ്വാസത്തോടെയാണു യുവതാരം ടീമിന്റെ മധ്യനിരയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്.
അഡ്രിയൻ ലൂണയുടെ അഭാവത്തിൽ ശൂന്യമായ ക്രിയേറ്റീവ് മിഡ്ഫീൽഡിനെയാണ് ഈ മലയാളിപ്പയ്യൻ വീണ്ടും സജീവമാക്കുന്നതെന്നതും ഓർക്കണം. പന്തു റാഞ്ചിയും അവസരം സൃഷ്ടിച്ചും ഗോളടിച്ചും കസറിയ വിബിൻ തന്നെയാണു കളിയിലെ താരം. ടീം ഇന്ത്യയുടെ വാതിൽ വിബിനു വേണ്ടി തുറക്കാൻ ഇനിയും വൈകരുത്. പരിചയസമ്പത്തു കൂടി ആർജിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോളിന്റെ ‘എൻജിൻ’ ആയി മാറാൻ ശേഷിയുള്ള താരമാണീ തൃശൂർക്കാരൻ.