ADVERTISEMENT

ഭുവനേശ്വർ∙ നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷയുടെ കുതിപ്പ്. നിശ്ചിത സമയത്ത് 1–1ന് സമനിലയിലായ മത്സരം, എക്സ്ട്രാ ടൈമിലെ ഗോളിലൂടെയാണ് ഒഡീഷ പിടിച്ചെടുത്തത്. 67–ാം മിനിറ്റിൽ ഫെഡോർ ചെര്‍ണിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോൾ, ഡിയേഗോ മൗറീഷ്യോ (87), ഐസക് റാൽട്ടെ (97) എന്നിവരിലൂടെ ആതിഥേയർ ഗോൾ മടക്കി. സെമിയിൽ മോഹന്‍ ബഗാൻ സൂപ്പർ ജയന്റ്സാണ് ഒഡീഷയുടെ എതിരാളികൾ.

നാടകീയം ആദ്യ പകുതി

ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയത് ഒഡീഷ എഫ്സിയായിരുന്നു. 18–ാം മിനിറ്റില്‍ ലഭിച്ച കോർണറില്‍നിന്ന് മൊറോക്കൻ താരം അഹമ്മദ് ജാഹു തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ലാറ ശർമ രക്ഷപെടുത്തി. റോയ് കൃഷ്ണ, പൂട്ടിയ, മൊർത്താഡ ഫാള്‍ എന്നിവരുടെ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചുനിന്നു. 22–ാം മിനിറ്റിൽ ഒഡീഷ പ്രതിരോധത്തെ മറികടന്ന് ബ്ലാസ്റ്റേഴ്സ് താരം റിയുവ ഹോർമിപാമിന്റെ ഗോൾ നീക്കം ഗോള്‍ കീപ്പർ അമരിന്ദര്‍ സിങ് പരാജയപ്പെടുത്തി.

27–ാം മിനിറ്റിലാണ് ഒഡീഷ ആദ്യം വല കുലുക്കിയത്. കോർണർ കിക്കിൽനിന്ന് ലഭിച്ച പന്ത് കാലുകൊണ്ടു പിന്നിലേക്കു തട്ടിയിട്ട മൊർത്താഡ ഫാള്‍ ലക്ഷ്യം കണ്ടു. ഒന്നിലേറെ ഒഡീഷ താരങ്ങൾ ഓഫ് സൈഡ് ആയിരുന്നിട്ടും ഗോൾ നൽകുകയാണ് റഫറി ആദ്യം ചെയ്തത്. എന്നാൽ ക്യാപ്റ്റൻ ലെസ്കോവിച്ചിന്റെ നേത‍ൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ റഫറി തീരുമാനം പിൻവലിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ഒഡീഷ താരങ്ങളുമെത്തിയതോടെ കളി കുറച്ചു നേരത്തേക്കു തടസ്സപ്പെട്ടു. 45–ാം മിനിറ്റിൽ ഒഡീഷ ഗോളി അമരീന്ദർ‍ സിങ് ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് ഐസക് റാൽട്ടെ നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ ശരിക്കും വിറപ്പിച്ചു. അതിവേഗം ഷോട്ട് എടുത്ത ഇന്ത്യൻ യുവതാരത്തിന് ലക്ഷ്യം കാണാനായില്ല. ആദ്യ പകുതി അവസാനിച്ചപ്പോള്‍ മത്സരം ഗോൾ രഹിതം.

kbfc-4
മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ചിത്രം. റിജോ ജോസഫ്, മനോരമ

രണ്ടാം പകുതിയിൽ അടി, തിരിച്ചടി

രണ്ടാം പകുതിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളായിരുന്നു. 46–ാം മിനിറ്റിൽ ലഭിച്ച അവസരം ഫെഡോർ ചെർണിച്ച് പാഴാക്കി. 53–ാം മിനിറ്റിൽ പന്തുമായി ഒഡീഷ ബോക്സിലേക്കു മുന്നേറിയ ഐമന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഫെഡോർ ചെർണിച്ച് എടുത്ത ഷോട്ട് പോസ്റ്റിനു ഭീഷണിയാകാതെ പുറത്തേക്കു പോയി. 67–ാം മിനിറ്റിൽ ചെര്‍ണിച്ചിലൂടെതന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. മിഡ്ഫീൽഡില്‍നിന്ന് പന്തെടുത്ത് ഐമന്‍ നൽകിയ പാസ് ബോക്സിലേക്ക് ഓടിയെത്തിയ ചെർണിച്ച് പിടിച്ചെടുത്തു. മനോഹരമായൊരു ഷോട്ടിലൂടെ ഒഡീഷ ഗോളിയെയും മറികടന്ന് പന്ത് ഗോൾ വലയുടെ ഇടതു മൂലയില്‍ പതിച്ചു.

kbfc-3
പറന്നകന്ന്... ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സിക്കെതിരെയുള്ള ഐഎസ്എൽ പ്ലേഓഫ് മത്സരത്തിന്റെ അധികസമയത്ത് കേരള ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുലിന്റെ ഹെഡർ ഗോൾശ്രമം. ഒഡീഷ ഗോൾകീപ്പർ അമരീന്ദർ സിങ്ങിന്റെ കയ്യിലുരസിയ പന്ത് നേരിയ വ്യത്യാസത്തിനാണ് പുറത്തു പോയത്. ചിത്രം∙ റിജോ ജോസഫ്, മനോരമ

71–ാം മിനിറ്റില്‍ റോയ് കൃഷ്ണയെടുത്ത ശക്തമായൊരു ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഡൈവ് ചെയ്തു തട്ടിയകറ്റി. ബ്ലാസ്റ്റേഴ്സ് ഗോളി ലാറ ശര്‍മ രണ്ടാം പകുതിയിൽ പരുക്കേറ്റു മടങ്ങിയതു തിരിച്ചടിയായി. പകരക്കാരനായി സീനിയർ താരം കരൺജിത് സിങ് ഇറങ്ങി. 80–ാം മിനിറ്റിലായിരുന്നു അഡ്രിയൻ ലൂണയുടെ വരവ്. ചെർണിച്ചിനെ പിൻവലിച്ചാണ് ലൂണ ഇറങ്ങിയത്.

kbfc-2
മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ചിത്രം∙ റിജോ ജോസഫ്, മനോരമ

87-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്കു തിരിച്ചടിയായി ഒഡീഷ സമനില ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ഡിയേഗോ മൗറീഷ്യോയാണ് സമനില പിടിച്ച് മത്സരം എക്സ്ട്രാ ടൈമിലേക്കു നീട്ടിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസർ എന്നിവരെ ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറക്കിയെങ്കിലും ലീഡെടുക്കാനായില്ല. എക്സ്ട്രാ ടൈമിലെ 97-ാം മിനിറ്റിൽ ഐസക് റാൽട്ടെയിലൂടെ ഒഡീഷ മത്സരത്തിൽ ആദ്യമായി ലീഡ് നേടി. അഹമ്മദ് ജാഹൂ അതിവിദഗ്ധമായി നൽകിയ പാസ് ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു സമീപത്തുനിന്നും റോയ് കൃഷ്ണ ഐസക്കിന്റെ കാലുകളിലേക്കു നൽകി. പന്തു വലയിലേക്കു തട്ടിയിടുകയെന്നതു മാത്രമായിരുന്നു ഐസക്കിന്റെ ജോലി. 104–ാം മിനിറ്റിൽ അഡ്രിയന്‍ ലൂണയുടെ പാസിൽ രാഹുലിന്റെ ഡൈവിങ് ഹെഡർ ലക്ഷ്യം കാണാതെ പോയത് ബ്ലാസ്റ്റേഴ്സിനു നിരാശയായി. 123–ാം മിനിറ്റിലെ ഒഡീഷ താരം വിഘ്നേഷിന്റെ ഷോട്ട് ബാറിൽ തട്ടി ഗോളാകാതെ പോയി.

വീണ്ടും കാണാം... മത്സരശേഷം ഗാലറിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകരോടു വിടപറയുന്ന കോച്ച് ഇവാൻ വുക്കൊമനോവിച്ച്. ചിത്രം∙ റിജോ ജോസഫ് മനോരമ
വീണ്ടും കാണാം... മത്സരശേഷം ഗാലറിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകരോടു വിടപറയുന്ന കോച്ച് ഇവാൻ വുക്കൊമനോവിച്ച്. ചിത്രം∙ റിജോ ജോസഫ് മനോരമ
English Summary:

Kerala Blasters vs Odisha FC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com