തകർപ്പൻ ഗോളിൽ റെക്കോർഡ് കുറിച്ച് ലമീൻ യമാൽ; യൂറോ കപ്പിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ
Mail This Article
മ്യൂണിക്ക് ∙ റെക്കോർഡ് കുറിക്കുമ്പോൾ ഇങ്ങനെ വേണം! യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററെന്ന റെക്കോർഡ് സ്പെയിനിന്റെ ലമീൻ യമാൽ ഇന്നലെ സ്വന്തമാക്കിയത് തകർപ്പൻ ഗോളിൽ. 21–ാം മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്ക് തൊട്ടുപുറത്തു നിന്ന് തൊടുത്ത ഷോട്ടിലാണ് പതിനാറുകാരൻ യമാൽ ലക്ഷ്യം കണ്ടത്. ചാഞ്ഞിറങ്ങിയ പന്ത് ഗോൾപോസ്റ്റിൽ തട്ടി അകത്തു കയറിയപ്പോൾ ഫ്രാൻസ് ഗോൾകീപ്പർ മൈക്ക് മെന്യാൻ നിസ്സഹായനായി.
2004 യൂറോയിൽ 18 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ സ്വിറ്റ്സർലൻഡിന്റെ ജൊനാതൻ വോൺലാതനെയാണ് യമാൽ പിന്നിലാക്കിയത്. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങിയപ്പോൾ യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും യമാൽ സ്വന്തമാക്കിയിരുന്നു.
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന ക്ലബ്ബിന്റെ താരമായ യമാൽ ഇത്തവണ യൂറോയിൽ സ്പെയിനിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. ഒരു ഗോളും 3 അസിസ്റ്റുകളുമാണ് റൈറ്റ് വിങ്ങറായി കളിക്കുന്ന യമാൽ ഇതുവരെ നേടിയത്.