ADVERTISEMENT

കൊച്ചി∙ ‘എകെ 22 ബിലീവ്’–  കരിയറിന്റെ തുടക്കത്തിൽ ആഷിഖ് കുരുണിയനു പിന്തുണയുമായി ഗാലറിയിൽ ഉയരാറുള്ള ബാനറിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. എകെ എന്നാൽ ആഷിഖ് കുരുണിയൻ. 22 എന്നത് അന്നാ ഫുട്ബോളറുടെ ജഴ്‌സി നമ്പറും. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ശനിയാഴ്ച മോഹൻ ബഗാനു വേണ്ടി കളിക്കാനിറങ്ങുമ്പോൾ ആഷിഖിന്റെ മനസ്സ് മന്ത്രിച്ചതും ഇങ്ങനെയാകും – ‘എകെ 19 ബിലീവ്’. 393 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു മലയാളി വിങ്ങർ ബഗാന്റെ 19–ാം നമ്പർ കുപ്പായത്തിൽ ഐഎസ്എലിന്റെ കളത്തിലിറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തോന്നിയ അതേ സന്തോഷവും സമ്മർദവും സമ്മാനിച്ച മടങ്ങിവരവിന്റെ വിശേഷം ആഷിഖ് ‘മനോരമയോടു’ പങ്കുവയ്ക്കുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കിങ്സ് കപ്പ് ഫുട്ബോളിനിടെ ഇറാഖിനെതിരായ മത്സരത്തിലാണ് ഇന്ത്യൻ താരം ആഷിഖ് കാൽമുട്ടിനു പരുക്കേറ്റു (എസിഎൽ) കളം വിട്ടത്. പരുക്കിനോടു മല്ലിട്ടു കളത്തിലേക്കു തിരിച്ചെത്താനുള്ള ശ്രമങ്ങൾക്കിടയിൽ ബഗാനിലും ടീം ഇന്ത്യയിലുമായി ആഷിഖിനു നഷ്ടമായതു 50 ലേറെ മത്സരങ്ങൾ. ഫുട്ബോളിൽ പതിവാണു പരുക്കെന്നറിയാമെങ്കിലും ആ തിരിച്ചടിയിൽ ഉലഞ്ഞുപോയെന്നാണ് ആഷിഖിന്റെ സാക്ഷ്യം - ‘ഈ കളി മാത്രമാണ് ജീവിതം. വേറൊന്നും ചെയ്യാൻ ഇഷ്ടമല്ല. അറിയുകയുമില്ല. ടിവിയിൽ മത്സരങ്ങൾ കാണുമ്പോൾ..കൊച്ചുകുട്ടികൾ പ്രാക്ടീസ് ചെയ്യുന്നതു കാണുമ്പോൾ...മനസ്സ് നിറയെ സങ്കടം തോന്നിയിരുന്നു. എണ്ണിയെണ്ണി തീർക്കുകയായിരുന്നു ഓരോ ദിവസവും’.  

∙ ഓടാൻ പറ്റുമോ?

വേഗം നിറഞ്ഞ മുന്നേറ്റങ്ങളിലൂടെയും പന്തു കാലിൽ കോർത്തുള്ള നീക്കങ്ങളിലൂടെയും ഇടതു പാർശ്വത്തിൽ തരംഗം സൃഷ്ടിച്ച ആഷിഖിനു മടങ്ങിവരവിനെക്കുറിച്ചുമുണ്ടായിരുന്നു ചെറുതല്ലാത്ത ആശങ്കകൾ. ‘ശസ്ത്രക്രിയയ്ക്കു ശേഷം പേടിയോടെയാണു ദിവസങ്ങൾ മുന്നോട്ടുപോയത്. പഴയ പോലെ ഓടാൻ പറ്റുമോ, കളിക്കാൻ പറ്റുമോ എന്നൊക്കെയുള്ള ആധികളായിരുന്നു മനസ്സിൽ’. ആ ആശങ്കകളെയെല്ലാം ഓടിത്തോൽപ്പിച്ചു പഴയതിലും ഫിറ്റായെന്ന വിശ്വാസത്തിലാണ് ആഷിഖ് ഇപ്പോൾ.

മുഹമ്മദൻസിനെതിരായ മത്സരത്തിന്റെ 82–ാം മിനിറ്റിൽ കളത്തിലെത്തിയ ആഷിഖിന് ഇന്ത്യൻ ടീമിലേക്കുള്ള മടക്കം കൂടി ലക്ഷ്യമായുണ്ട്. ‘ നാഷനൽ ക്യാംപിലേക്കുള്ള വിളിയാണ് എന്റെ സ്വപ്നം. മുൻപു കളിച്ചപ്പോഴുള്ള പരിശീലകനല്ല ഇപ്പോൾ ടീമിന്റേത്. പുതിയ കോച്ചിന്റെ വിശ്വാസം നേടിയെടുക്കാനുള്ള പ്രകടനം വേണം. അതിനു മൂന്നോ നാലോ മത്സരം നന്നായി കളിക്കണം. ’– രാജ്യാന്തര തിരിച്ചുവരവും വൈകില്ലെന്ന ഉറച്ച വിശ്വാസത്തിലാണു മലപ്പുറം പട്ടർകടവ് സ്വദേശിയായ ആഷിഖ്.

ഐഎസ്എലിലെ തിരിച്ചുവരവ് കാണാൻ താരത്തിന്റെ കുടുംബാംഗങ്ങളും കൊൽക്കത്തയിലെത്തിയിരുന്നു. ആഷിഖിന്റെ കളി ആദ്യമായി കാണുന്നൊരാളും അക്കൂട്ടത്തിലുണ്ടായിരുന്നു. 5 മാസം പ്രായമുള്ള മകൻ ആദം ആഷിഖ് കുരുണിയൻ. ‘കളത്തിൽ നിന്നകന്നു നിന്ന ആ സങ്കടക്കാലത്തെ എന്റെ ഏറ്റവും വലിയ സന്തോഷം അവന്റെ  വരവാണ്. ഇനി കളത്തിലിറങ്ങുമ്പോൾ അവനും അതു കാണുമല്ലോ എന്നതായിരുന്നു ഈ കാത്തിരിപ്പിനിടയിലെ എന്റെ പ്രചോദനവും’ – ആഷിഖിന്റെ വാക്കുകളിൽ സന്തോഷത്തിന്റെ ഗോളടിമേളം.

എസിഎൽ പോരാട്ടം ജയിച്ച കഥ

ഒരു ഫുട്ബോളറുടെ പേടിസ്വപ്നമാണു കാൽമുട്ടിലെ വള്ളികൾക്കേൽക്കുന്ന പരുക്കുകൾ (എസിഎൽ). എത്രകാലം പുറത്തിരിക്കേണ്ടിവരുമെന്നു പോലും കണക്കുകൂട്ടാൻ സാധിക്കാത്ത പരുക്ക് ആദ്യം ഭയപ്പെടുത്തിക്കളഞ്ഞെന്നു ആഷിഖ്. ‘ തിരിച്ചുവരവ് സംബന്ധിച്ചായിരുന്നു ആശങ്കകളും സമ്മർദവും. ആ നെഗറ്റിവിറ്റിയിൽ നിന്നു പുറത്തുകടക്കാനായി പിന്നെ ശ്രമം. എങ്ങനെ വേണം റിക്കവറി, മടങ്ങിവരുമ്പോഴുള്ള പ്രകടനം തുടങ്ങിയ പോസിറ്റീവ് ചിന്തകളിലായി അതോടെ ശ്രദ്ധ.

ഇന്ത്യയുടെയും ബഗാന്റെയും എല്ലാ മത്സരവും വിടാതെ കണ്ടു. പിഴവുകൾ ശ്രദ്ധിച്ച് എങ്ങനെ അതു മറികടക്കാം എന്ന പഠനം കൂടിയായിരുന്നു ആ  കാഴ്ചകൾ. പരുക്ക് വീണ്ടും വരാതെ നോക്കുന്നതിന് എന്തൊക്കെ ചെയ്യാനാകുമെന്നതും പ്രത്യേകം ശ്രദ്ധിച്ചു. ബഗാനിലെ സഹതാരങ്ങളും പിന്തുണയേകി. ഓരോ മത്സരം കഴിയുമ്പോഴും അവരുമായി സംസാരിച്ചതു സമ്മർദമില്ലാതെ തിരിച്ചുവരവിൽ ഫോക്കസ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്’ – ഒരു വർഷത്തിലേറെ നീണ്ട, കളത്തിനു പുറത്തെ ‘വെല്ലുവിളി’ മറികടന്നതിനെക്കുറിച്ച് ആഷിഖിന്റെ വാക്കുകൾ.

English Summary:

Ashique Kuruniyan Returns to the Football Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com