‘കടുവകൾ’ ഡൽഹിയിലും കൂട്ടിലായി; രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 86 റൺസിന്റെ തകർപ്പൻ ജയം, പരമ്പര ഉറപ്പാക്കി
Mail This Article
ന്യൂഡൽഹി∙ ആദ്യം ബോൾ ചെയ്യുമ്പോൾ മാത്രമല്ല, ആദ്യം ബാറ്റു ചെയ്താലും ഈ ബംഗ്ലദേശ് ടീം തങ്ങൾക്കൊത്ത എതിരാളികളല്ലെന്ന് ഇന്ത്യൻ ടീം തെളിയിച്ചു, രാജകീയമായിത്തന്നെ! മഞ്ഞുവീണാൽ നനവുള്ള പന്തുമായി ഇന്ത്യൻ ബോളർമാർ എങ്ങനെ കളിക്കുമെന്ന് തെളിയിക്കാൻ ലഭിച്ച അവസരം ടീം ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ, തുടർച്ചയായ രണ്ടാം ട്വന്റി20 മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 221 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിനെ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ ഒതുക്കിയ ഇന്ത്യ, 86 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ, മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2–0ന് ലീഡെടുത്ത് ഇന്ത്യ പരമ്പര ഉറപ്പാക്കി. 74 റൺസും രണ്ടു വിക്കറ്റുമായി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച നിതീഷ് റെഡ്ഡിയാണ് കളിയിലെ കേമൻ.
രാജ്യാന്തര ട്വന്റി20 കരിയറിലെ അവസാന പരമ്പര കളിക്കുന്ന മഹ്മൂദുല്ലയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 39 പന്തിൽ മൂന്നു സിക്സറുകൾ സഹിതം മഹ്മൂദുല്ല നേടിയത് 41 റൺസ്. മഹ്മൂദുല്ലയ്ക്കു പുറമേ ഓപ്പണർമാരായ പർവേസ് ഹുസൈൻ ഇമോൻ (12 പന്തിൽ 16), ലിട്ടൻ ദാസ് (11 പന്തിൽ 14), ക്യാപ്റ്റൻ നജ്മുൽ ഷാന്റോ (ഏഴു പന്തിൽ 11), മെഹ്ദി ഹസൻ മിറാസ് (16 പന്തിൽ 16) എന്നിവരും രണ്ടക്കത്തിലെത്തി. തൗവീദ് ഹ്രിദോയ് (ആറു പന്തിൽ രണ്ട്), ജാകർ അലി (രണ്ടു പന്തിൽ ഒന്ന്), റിഷാദ് ഹുസൈൻ (10 പന്തിൽ 9), തൻസിം ഹസൻ സാകിബ് (10 പന്തിൽ 8) എന്നിവർ നിരാശപ്പെടുത്തി. ടസ്കിൻ അഹമ്മദ് (5), മുസ്താഫിസുർ റഹ്മാൻ (1) എന്നിവർ പുറത്താകാതെ നിന്നു.
ബംഗ്ലദേശ് സ്പിന്നർമാരെ ഇന്ത്യൻ ബാറ്റർമാർ നിർദ്ദയം ‘തല്ലിച്ചതച്ച’ പിച്ചിൽ, സ്പിന്നർമാരുടെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലദേശിനെ തീർത്തും ചെറിയ സ്കോറിൽ ഒതുക്കിയത്. ബംഗ്ലദേശിനു നഷ്ടമായ ഒൻപതു വിക്കറ്റുകളിൽ അഞ്ച് വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നർമാർ തന്നെ. പ്രധാന സ്പിന്നർമാർക്കൊപ്പം പാർട്ട് ടൈം സ്പിന്നർമാരും ഇന്ത്യൻ നിരയിൽ തിളങ്ങി. ബംഗ്ലദേശ് സ്പിന്നർമാർ ആദ്യ അഞ്ച് ഓവറിൽ വിക്കറ്റൊന്നും നേടാനാകാതെ 68 റൺസ് വഴങ്ങിയപ്പോൾ, ഇന്ത്യൻ സ്പിന്നർമാർ ആദ്യ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റ്.
നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുൺ ചക്രവർത്തി ഒരിക്കൽക്കൂടി കരുത്തുകാട്ടി. വരുണിനു പുറമേ വാഷിങ്ടൻ സുന്ദർ (ഒരു ഓവറിൽ നാല് റൺസ് വഴങ്ങി 1 വിക്കറ്റ്), അഭിഷേക് ശർമ (രണ്ട് ഓവറിൽ 10 റൺസ് വഴങ്ങി ഒരു വിക്കറ്റ്), റിയാൻ പരാഗ് ( രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റ്) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇടം പിടിച്ച സ്പിന്നർമാർ. നിതീഷ് റെഡ്ഡി നാല് ഓളറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അർഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.
∙ കരുത്തുകാട്ടി റെഡ്ഡി, റിങ്കു
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് അടിച്ചുകൂട്ടിയത്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരത്തിൽ 34 പന്തിൽ 74 റൺസെടുത്ത നിതീഷ് റെഡ്ഡി, അർധസെഞ്ചറി നേടിയ റിങ്കു സിങ് (29 പന്തിൽ 53) എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ (19 പന്തിൽ 32), റിയാൻ പരാഗ് (ആറു പന്തിൽ 15) എന്നിവരുടെ ഇന്നിങ്സുകൾ കൂടി ചേർന്നതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. സഞ്ജു സാംസൺ ആദ്യ ഓവറിൽ ഇരട്ട ഫോറുമായി ഒരിക്കൽക്കൂടി പ്രതീക്ഷ നൽകിയെങ്കിലും, ഏഴു പന്തിൽ 10 റൺസുമായി പുറത്തായി. അഭിഷേക് ശർമ 11 പന്തിൽ മൂന്നു ഫോറുകൾ നേടി ഒരു പടി കൂടി കടന്നെങ്കിലും, 15 റൺസോടെയും മടങ്ങി. പിടിച്ചുനിൽക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവ്, 10 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസോടെയും പുറത്തായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
മന്ദഗതിയിലായിരുന്നു നിതീഷ് റെഡ്ഡിയുടെ തുടക്കം. ആദ്യ 13 പന്തിൽ ഒരു ഫോർ സഹിതം 13 റൺസ്. പിന്നാലെ മഹ്മൂദുല്ല എറിഞ്ഞ നോബോളിനു ലഭിച്ച ഫ്രീഹിറ്റിൽനിന്ന് സിക്സർ. തൊട്ടടുത്ത പന്തിൽ എൽബിക്കായുള്ള മഹ്മൂദുല്ലയുടെ അപ്പീൽ അംപയർ നിരസിച്ചു. ഡിആർഎസ് എടുത്ത് ബംഗ്ലദേശ് റെഡ്ഡിയെ പുറത്താക്കാനുള്ള വഴി തേടിയെങ്കിലും, അംപയേഴ്സ് കോളിന്റെ ആനുകൂല്യം തുണയ്ക്കെത്തി. തൊട്ടടുത്ത പന്തിൽ ഫോറടിച്ച് നയം വ്യക്തമാക്കിയ റെഡ്ഡി, അടുത്ത ഓവറിൽ റിഷാദ് ഹസനെതിരെ ഇരട്ട സിക്സറുമായാണ് ‘ലൈഫ്’ ആഘോഷിച്ചത്. സിക്സറുകളും ഫോറുകളുമായി ആക്രമണം തുടർന്ന നിതീഷ് റെഡ്ഡി 12–ാം ഓവറിൽ കന്നി അർധസെഞ്ചറി പൂർത്തിയാക്കി. 27 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതമായിരുന്നു റെഡ്ഡിയുടെ അർധസെഞ്ചറി. ഒടുവിൽ 34 പന്തിൽ നാലു ഫോറും ഏഴു സിക്സും സഹിതം 74 റൺസെടുത്ത റെഡ്ഡിയെ, മുസ്താഫിസുർ റഹ്മാൻ പുറത്താക്കി.
റെഡ്ഡി മടങ്ങിയെങ്കിലും ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേർന്ന് റിങ്കു സിങ് ആക്രമണം തുടർന്നതോടെ ബംഗ്ലദേശിന്റെ ശേഷിച്ച പ്രതീക്ഷകളും നഷ്ടമായി. യാതൊരു മയവും കാട്ടാതെ തകർത്തടിച്ച റിങ്കു, 26 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കി. അഞ്ച് ഫോറും മൂന്നു സിക്സും സഹിതമായിരുന്നു ഇത്. തൻസിം ഹസനെതിരെ തുടർച്ചയായി രണ്ടു ഫോറും സിക്സും നേടിക്കൊണ്ടായിരുന്നു അർധസെഞ്ചറിയിലേക്കുള്ള കുതിപ്പ്. 29 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 53 റൺസെടുത്താണ് റിങ്കു മടങ്ങിയത്. അവസാന ഓവറുകളിൽ ഹാർദിക് 19 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 32 റൺസും, റിയാൻ പരാഗ് ആറ് പന്തിൽ രണ്ട് സിക്സറുകളോടെ 15 റൺസും, അർഷ്ദീപ് രണ്ടു പന്തിൽ ആറു റൺസും നേടിയാണ് ഇന്ത്യയെ 221ൽ എത്തിച്ചത്.
ഒപ്പമുള്ളവർ കൂട്ട ആക്രമണം നേരിട്ടപ്പോഴും, നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ടസ്കിൻ അഹമ്മദിന്റെ ബോളിങ് പ്രകടനം ശ്രദ്ധേയമായി. നാലാം ഓവറിലെ അവസാന പന്തിൽ അപകടകാരിയായ റിങ്കു സിങ്ങിനെ ബൗണ്ടറിക്കരികെ ജാകർ അലിയുടെ കൈകളിലെത്തിച്ചാണ് ടസ്കിൻ തന്റെ ‘ടാസ്ക്’ പൂർത്തിയാക്കിയത്. ആദ്യ മൂന്ന് ഓവറിൽ 47 റൺസ് വഴങ്ങി നാണംകെട്ട റിഷാദ് ഹുസൈൻ, അവസാന ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തി തടി രക്ഷിച്ചു. റണ്ണടിച്ചു കയറ്റാനുള്ള ശ്രമത്തിൽ ഹാർദിക്, വരുൺ ചക്രവർത്തി (0), അർഷ്ദീപ് സിങ് (6) എന്നിവരാണ് അവസാന ഓവറിൽ പുറത്തായത്. മയാങ്ക് യാദവ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
∙ രാജ്യാന്തര ട്വന്റി20യിൽ ബംഗ്ലദേശിനെതിരെ കൂടുതൽ സിക്സർ
15 – ഇന്ത്യ ഡൽഹിയിൽ, 2024
14 – വെസ്റ്റൻഡീസ് മിർപുരിൽ, 2012
13 – ഇന്ത്യ നോർത്ത് സൗണ്ടിൽ, 2024
∙ ട്വന്റി20യിൽ ബംഗ്ലദേശിനെതിരെ എതിർ ടീം നേടുന്ന ഉയർന്ന സ്കോറുകൾ
224/4 – ദക്ഷിണാഫ്രിക്ക, 2017
221/9 – ഇന്ത്യ, 2024
214/6 – ശ്രീലങ്ക, 2018
210/4 – ശ്രീലങ്ക, 2018